
കൊച്ചി: എറണാകുളം സെൻറ് മേരിസ് കത്തീഡ്രൽ ബസിലിക്കയിൽ കഴിഞ്ഞ 8 ദിവസങ്ങളായി നടന്നുവരുന്ന സഭാനുകൂലികളായ വിശ്വാസികളുടെ പ്രതിഷേധം ഒത്തുതീർപ്പാക്കുന്നതിനായി അതിരൂപത മേലധികാരികളും വിശ്വാസി പ്രതിനിധികളുമായി ഇന്നലെ നടത്തിയ അനുരഞ്ജന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു.
അതിരൂപത കൂരിയായുടെ അഭ്യർത്ഥനയെ തുടർന്ന് നടന്ന ചർച്ചയിൽ കോടതി ഉത്തരവ് പൂർണമായും ബസിലിക്കയിൽ നടപ്പിലാക്കുക, 50:50 ഫോർമുല എല്ലാ ഇടവകകളിലും നടപ്പിലാക്കുക, കുറ്റക്കാരായ വൈദികർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ വിശ്വാസികൾ ഉന്നയിച്ചു. കൂടിയാലോചനകൾ നടത്തി പിന്നീട് തീരുമാനം അറിയിക്കാമെന്നും പ്രതിഷേധ സമരം ഇന്ന് തന്നെ അവസാനിപ്പിക്കണമെന്നും അതിരൂപത നേതൃത്വം മുന്നോട്ടുവച്ച നിർദ്ദേശം അംഗീകരിക്കാൻ വിശ്വാസ പ്രതിനിധികൾ തയ്യാറാകാതെ വന്നതോടെ ചർച്ച അവസാനിപ്പിച്ചു. 23ന് വീണ്ടും ചർച്ച നടത്താനും ധാരണയായി.മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനി, കൂരിയ അംഗങ്ങളായ ഫാ. ജിമ്മി പൂച്ചക്കാട്ട്, ഫാ. ജോസ് പുതിയേടത്ത്, ഫാ.തോമസ് വൈക്കത്ത് പറമ്പൻ, വിശ്വാസിക്കൂട്ടായ്മ പ്രതിനിധികളായ മത്തായി മുതിരേന്തി, ട്രസ്റ്റി ജോയൽ മേനാച്ചേരി, വിത്സൻ വടക്കുഞ്ചേരി,കുരിയാക്കോസ് പഴയമഠം, ജിമ്മി പുത്തിരിക്കൽ, ബിനു ആൻറണി, ജോൺസൻ കോനിക്കര, വൈശാഖ് വർഗീസ്, സീലിയ ആന്റണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തീരുമാനം ഉണ്ടാകുന്നതുവരെ പ്രതിഷേധം ശക്തമായി തുടരുമെന്നു ഭാരവാഹികളായ ജോസഫ് പി. എബ്രഹാം, ക്യാപ്റ്റൻ ടോം ജോസഫ് എന്നിവർ അറിയിച്ചു.
Photo Courtesy - Google







