
കഴിഞ്ഞ വർഷം റെഡ് കപ്പ് ഡേയ്‌ക്ക് നടന്ന സമരം ഏകദേശം 60 സ്റ്റാർബക്സ് സ്റ്റോറുകൾ താൽക്കാലികമായി അടയ്ക്കേണ്ട സാഹചര്യമുണ്ടാക്കിയിരുന്നു.
ന്യൂയോർക്ക്: താൻ അടിയുറച്ച കമ്മ്യൂണിസ്റ്റാണെന്ന് തെളിയിച്ച് ന്യൂയോർക്ക് സിറ്റിയുടെ നിയുക്ത മേയർ സൊഹ്രാൻ മംദാനി. സ്റ്റാർബക്സ് തൊഴിലാളികളുടെ രാജ്യവ്യാപക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മംദാനി രംഗത്തെത്തിയതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായത്. ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പ് സമയത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ’ എന്നായിരുന്നു മംദാനിയെ വിളിച്ചത്. ഇത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. പിന്നീട് വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവിൽ മംദാനി ചരിത്രം കുറിച്ച് ന്യുയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, അതിനു പിന്നാലെ തൊഴിലാളി സമരത്തെ പിന്തുണച്ച് തൊഴിലാളി വർഗത്തോടുള്ള തന്റെ പ്രതിബദ്ധത വ്യക്തമാക്കിയിരിക്കുകയാണ് മംദാനി.
തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പൊതുജനങ്ങൾ സ്റ്റാർബക്സ് ബഹിഷ്കരിക്കണമെന്ന് മംദാനി ആഹ്വാനം ചെയ്തു. തൊഴിലാളികൾക്ക് നീതിപൂർവ്വമായ കരാർ ലഭിക്കുംവരെ സ്റ്റാർബക്സ് ഒഴിവാക്കണമെന്നായിരുന്നു ന്യൂയോർക്ക് മേയർ ആഹ്വാനം ചെയ്തത്. എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് മംദാനി സ്റ്റാർബക്സ് തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ചത്. 'കരാറില്ലെങ്കിൽ കാപ്പിയില്ല'(നോ കോൺട്രാക്ട്, നോ കോഫി) എന്ന മുദ്രാവാക്യവുമായി തൊഴിലാളികൾ നടത്തുന്ന സമരത്തിന് ജനങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും മംദാനി പറഞ്ഞു. അമേരിക്കയിലെ ഒരു ഭരണാധികാരി ഇത്തരത്തിൽ തൊഴിലാളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പരസ്യമായി രംഗത്തെത്തുന്നതും അത്ര സാധാരണ സംഭവമല്ലെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് സ്റ്റാർബക്സ് വർക്കേഴ്സ് യൂണിയൻ ആരംഭിച്ച ‘റെഡ് കപ്പ് റിബെല്ലിയൻ’ എന്ന അനിശ്ചിതകാല പണിമുടക്ക് റെഡ് കപ്പ് ഡേയോടനുബന്ധിച്ചാണ് ശക്തമായത്. 2018 മുതൽ സ്റ്റാർബക്സ് ഓരോ അവധിക്കാല റെഡ് കപ്പ് ഡേയിലും ഹോളിഡേ ഡ്രിങ്ക് വാങ്ങുന്ന ഉപഭോക്താക്കൾക്ക് സൗജന്യ പുനർ ഉപയോഗിക്കാവുന്ന കപ്പ് നൽകാറുണ്ട്. കമ്പനി ഏറ്റവും തിരക്കേറിയ ദിവസങ്ങളിലൊന്നായ ഈ ദിവസം തന്നെ തൊഴിലാളികൾ പ്രതിഷേധ പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുത്തു.
അമേരിക്കയിലെ 25-ലധികം നഗരങ്ങളിൽ നിന്നുള്ള ബാരിസ്റ്റാക്കൾ പണിമുടക്കിൽ പങ്കുചേർന്നതോടെ മാനേജ്മെന്റുമായുള്ള ദീർഘകാല തർക്കം പുതിയ തലങ്ങളിലേക്ക് തിരിഞ്ഞു. ഏകദേശം 9,000 തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയൻ, സ്റ്റാർബക്സ് ചർച്ചകൾക്ക് തയ്യാറാകുന്നില്ലെന്നും ആവശ്യപ്പെട്ട ന്യായമായ തൊഴിൽ നിബന്ധനകൾ പരിഗണിക്കുന്നില്ലെന്നും ആരോപിച്ചു. എന്നാൽ, തൊഴിലാളികൾക്ക് മത്സരാധിഷ്ഠിത ശമ്പളവും ആനുകൂല്യങ്ങളുമാണ് നൽകുന്നതെന്നും യൂണിയന്റെ ആവശ്യങ്ങൾ അമിതമാണെന്നുമാണ് സ്റ്റാർബക്സ് മറുപടി.
യൂണിയൻ ഇതുവരെ 1,000-ത്തിലധികം അന്യായ തൊഴിൽനടപടി (ULP) പരാതികൾ ദേശീയ തൊഴിൽബന്ധ അതോറിറ്റിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. “ഇന്ന് മുതൽ രാജ്യത്തെ സ്റ്റാർബക്സ് തൊഴിലാളികൾ ഔദ്യോഗികമായി പണിമുടക്കിലാണ്,” എന്ന് വർക്കേഴ്സ് യൂണൈറ്റഡ് സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു. കരാർ ഒപ്പിടുന്നതുവരെ പണിമുടക്ക് തുടരുമെന്നും ഈ സമരം സ്റ്റാർബക്സ് ചരിത്രത്തിലെ ഏറ്റവും വലുതും ദീർഘവും ആകുമെന്ന് യൂണിയൻ മുന്നറിയിപ്പ് നൽകി.
പണിമുടക്ക് അവസാനിപ്പിക്കാൻ തീയതി പ്രഖ്യാപിച്ചിട്ടില്ല. സ്റ്റാർബക്സ് നിലപാട് മാറ്റാൻ തയാറാകുന്നില്ലെങ്കിൽ കൂടുതൽ സ്റ്റോർ ജീവനക്കാരും സമരത്തിൽ ചേരുമെന്ന് യൂണിയൻ വ്യക്തമാക്കി. 2023 മുതൽ യൂണിയൻ നടത്തുന്ന നാലാമത്തെ സമരമാണിത്. 2024-ൽ ചുമതലയേറ്റ CEO ബ്രയാൻ നിക്കോൾ നേർക്കുന്ന മൂന്നാമത്തെ പ്രധാന സമരവും കൂടിയാണ്. കഴിഞ്ഞ വർഷം റെഡ് കപ്പ് ഡേയ്‌ക്ക് നടന്ന സമരം ഏകദേശം 60 സ്റ്റാർബക്സ് സ്റ്റോറുകൾ താൽക്കാലികമായി അടയ്ക്കേണ്ട സാഹചര്യമുണ്ടാക്കിയിരുന്നു.











