
അനേകായിരം ആരാധകരുള്ള സൂപ്പർതാരം ദളപതി വിജയിന്റെ തമിഴക വെട്രി കഴകം(ടി വി കെ) മത്സര രംഗത്ത് സജീവമായതോടെ തമിഴ്നാട് ഭരിക്കുന്ന ഡി എം കെ യും മുഖ്യമന്ത്രി എം കെ സ്റ്റാലിനും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. അടുത്ത മാസം 23 നാണ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. കേരളം വിധിയെഴുതി വീണ്ടും രണ്ടാഴ്ച കഴിയണം തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടക്കാൻ. ശക്തമായ സംഘടനാ സംവിധാനമോ പ്രാപ്തിയുള്ള നേതാക്കളോ ഇല്ലെങ്കിലും വിജയിന്റെ ഇമേജിൽ സംസ്ഥാനത്തെ ടി വി കെ ഇരുപത് ശതമാനത്തോളം വോട്ടുകൾ പിടിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ട്. അണ്ണാ ഡി എം കെ യും ബിജെപിയും ചേർന്ന് നയിക്കുന്ന എൻഡിഎയാണ് പ്രധാന പ്രതിപക്ഷം. ടി വി കെ യെ ചാക്കിട്ട് എൻ ഡി എയിലെത്തിക്കാൻ ബിജെപി പല സമ്മർദ്ദതന്ത്രങ്ങളും പയറ്റുന്നുണ്ട്. എൻ ഡി എയുടെ ഭാഗമായാൽ ടി വി കെ യ്‌ക്ക് 90 സീറ്റുകളും ഉപമുഖ്യമന്ത്രി സ്ഥാനവും നൽകാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായി വാർത്തയുണ്ടായിരുന്നു. എൻ ഡി എയുമായി കൂട്ടുചേരുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയത്തിൽ പുതുമുഖമായ വിജയിന് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. തനിച്ച് മത്സരിച്ചാൽ ഭൂരിപക്ഷം കിട്ടുമോ മുഖ്യമന്ത്രിയാകാൻ സാധിക്കുമോ? എന്ന സംശയമാണ് വിജയിനെ അലട്ടുന്നത്. സിനിമ പോലെയല്ലല്ലോ രാഷ്ട്രീയം.ഒരു പാർട്ടിയ്ക്ക് നേതൃത്വം നൽകാൻ മികച്ച സംഘടനാശേഷിയും തികഞ്ഞ ആത്മവിശ്വാസവും ഓരോയിടത്തും കഴിവും വിശ്വാസ്യതയുമുള്ള പ്രാദേശിക നേതാക്കളും വേണം. ആശയവ്യക്തത പരമ പ്രധാനമാണ്. പുരക്ഷി തലൈവർ എം ജി ആർ ആത്മവിശ്വാസത്തോടെ രാഷ്ട്രീയത്തിൽ ഇറങ്ങി ചരിത്രം സൃഷ്ടിച്ചതാണ്. എന്നാൽ ആ ആത്മവിശ്വാസം ഇല്ലാത്തതിനാലാണ് രജനികാന്ത് അവസാനനിമിഷം പിന്തിരിഞ്ഞത്. എല്ലാ മണ്ഡലങ്ങളിലും വിജയ സാധ്യതയും ജനപ്രീതിയുമുള്ള സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കാൻ വിജയിന് കഴിയുമോ എന്നതും പ്രസക്തമായ ചോദ്യമാണ്. എന്നാൽ ബിജെപിയുമായി കൂട്ടുകൂടുമെന്ന അഭ്യൂഹം ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ടി വി കെ സംഘടിപ്പിച്ച ഇഫ്താർ പാർട്ടിയിൽ സംസാരിക്കവേ വിജയ് തള്ളിക്കളഞ്ഞു. മതേതര സമീപനത്തിൽ വിട്ടുവീഴ്ച ചെയ്യുകയോ ബിജെപിയുമായി കൂട്ടുകൂടുകയോ ചെയ്യുന്ന പ്രശ്നമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഡി എം കെയുമായി ഒട്ടിനിന്നിരുന്ന മുസ്ലിംജനവിഭാഗത്തെ ടിവി കെയിലേക്ക് അടുപ്പിക്കാൻ ആ നിലപാടിലൂടെ കഴിഞ്ഞിട്ടുണ്ട്. ഡി എം കെയ്ക്കും കോൺഗ്രസ്സിനും കിട്ടേണ്ട ന്യൂനപക്ഷ വോട്ടുകളാണ് ടി വി കെ കൊണ്ടുപോവുക. ( കോൺഗ്രസ് ഭരണത്തിലില്ലെങ്കിലും ഡി എം കെ മുന്നണിയുടെ ഭാഗമാണ്)ഡി എം കെ മുന്നണി, അണ്ണാ ഡി എം കെ മുന്നണി എന്നിവയോടാണ് ടി വി കെയ്ക്ക് ഏറ്റുമുട്ടേണ്ടത്. മിക്ക മണ്ഡലങ്ങളിലും ത്രികോണ മത്സരമാണ് നടക്കുന്നത്. തമിഴ് നാഷണലിസ്റ്റ് നാം തമിഴർ കക്ഷി കൂട്ടുകെട്ടിന് സ്വാധീനമുള്ള ഏതാനും മണ്ഡലങ്ങളിൽ ശക്തമായ ചതുസ്കോണ മത്സരത്തിനും സാധ്യതയുണ്ട്. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഭരണത്തിലിരിക്കുന്ന ഡി എം കെയും മുഖ്യമന്ത്രി എം കെ സ്റ്റാലിനും അതിശക്തമായ വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. വിജയിന്റെ ടി വി കെ അധികാരം പിടിക്കുമോ എന്ന് അവർ ഉറപ്പിച്ച് പറയുന്നുമില്ല.
Photo Courtesy - Google











