08:24am 02 August 2026
NEWS
സ്പെഷ്യൽ ക്ലാസുകളും മതപഠന ക്ലാസുകളും അരുത്; എട്ട് ജില്ലകളിൽ ഇന്ന് അവധി
02/08/2026  06:37 AM IST
nila
സ്പെഷ്യൽ ക്ലാസുകളും മതപഠന ക്ലാസുകളും അരുത്; എട്ട് ജില്ലകളിൽ ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ ഞായറാഴ്ച നടക്കുന്ന സ്പെഷ്യൽ ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, മതബോധന ക്ലാസുകൾ എന്നിവയ്ക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.

അവധി പ്രഖ്യാപിച്ച ജില്ലകൾ: വയനാട്, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, കോട്ടയം, മലപ്പുറം, പത്തനംതിട്ട, എറണാകുളം.

മിക്ക ജില്ലകളിലും മദ്രസകൾ, സൺഡേ സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, പ്രത്യേക പരിശീലന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതുപരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമില്ലെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു.

പത്തനംതിട്ടയിൽ പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ, പരിശീലന കേന്ദ്രങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ അവധി പ്രഖ്യാപിച്ചു.

എറണാകുളത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കാണ് അവധി. റെസിഡൻഷ്യൽ സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികളുടെ സുരക്ഷ സ്ഥാപന മേധാവികൾ ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർദേശിച്ചു.

മലപ്പുറത്ത് ശക്തമായ മഴയും ഓറഞ്ച് അലർട്ടും കണക്കിലെടുത്താണ് മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അവധി പ്രഖ്യാപിച്ചത്.

കോട്ടയത്ത് റെഡ് അലർട്ട് നിലനിൽക്കുകയും മലയോര മേഖലകളിൽ മഴ ശക്തമായി തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്. മതപഠന, ട്യൂഷൻ, കോച്ചിംഗ്, സ്പെഷ്യൽ ക്ലാസുകൾക്കും അവധി ബാധകമാണ്.

കോഴിക്കോട് റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ എല്ലാ മദ്രസകളും സൺഡേ സ്കൂളുകളും മതബോധന ക്ലാസുകളും ട്യൂഷൻ സെന്ററുകളും പ്രത്യേക പരിശീലന കേന്ദ്രങ്ങളും പൂർണമായി അടച്ചിടാൻ നിർദേശം നൽകി. കുട്ടികൾക്കായുള്ള ഓഫ്‌ലൈൻ പഠന-പരിശീലന ക്ലാസുകൾ അനുവദിക്കില്ല. ഓൺലൈൻ ക്ലാസുകൾക്ക് നിയന്ത്രണമില്ല. കൂടാതെ ക്വാറികളുടെ പ്രവർത്തനവും വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ തുടങ്ങിയ ജലാശയങ്ങളിലേക്കുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്.

വയനാട്ടിൽ റെഡ് അലർട്ടിനെ തുടർന്ന് മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളജുകൾക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവധി തുടരും.

തൃശ്ശൂരിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, മതപഠന ക്ലാസുകൾക്കും, ട്യൂഷൻ സെന്ററുകൾക്കും, കോച്ചിംഗ്, സ്പെഷ്യൽ ക്ലാസുകൾക്കും അവധി പ്രഖ്യാപിച്ചു. എന്നാൽ പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടാകില്ല. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കണ്ണൂരിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, മറ്റ് മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്നും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img