
ദോഹ: ലുസൈൽ നഗരത്തിന് ഇത്തവണ ആഘോഷങ്ങളില്ലാത്ത പെരുന്നാൾ. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി നഗരത്തിലെ എല്ലാ പൊതു ഔട്ട്‌ഡോർ പരിപാടികളും അധികൃതർ നിർത്തിവെച്ചതോടെ, പെരുന്നാൾ ആഘോഷങ്ങൾക്കായി ലുസൈലിലെത്താനിരുന്ന സന്ദർശകർക്ക് നിരാശയാകേണ്ടി വന്നു.
ദേശീയ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വിനോദപരിപാടികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പെരുന്നാൾ ദിനങ്ങളിൽ ലുസൈൽ ബൊളിവാർഡിലും പ്രൊമെനേഡിലും നടക്കാറുള്ള വലിയ ആഘോഷങ്ങളും കായിക-സാംസ്കാരിക പരിപാടികളുമാണ് ഇതോടെ മുടങ്ങിയത്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഖത്തറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ലുസൈലിൽ ഇത്തരമൊരു നിയന്ത്രണം വരുന്നത്.
മേഖലയിലെ സങ്കീർണ്ണമായ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, മുൻകരുതൽ എന്ന നിലയിലാണ് അധികൃതർ ഈ തീരുമാനമെടുത്തത്.
പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷയ്ക്കാണ് പരമപ്രധാനമായ പരിഗണനയെന്നും നിയന്ത്രണങ്ങളോട് എല്ലാവരും പൂർണ്ണമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.വരും ദിവസങ്ങളിൽ അധികൃതർ നൽകുന്ന കൃത്യമായ വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.











