
വോട്ടർപട്ടിക ക്രമക്കേടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്‌ക്കെതിരെ കേസെടുക്കാനാകില്ലെന്ന നിലപാടിൽ പൊലീസ്. സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരിലേക്ക് വോട്ട് മാറ്റിയത് വ്യാജരേഖ ചമച്ചെന്നായിരുന്നു കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ പരാതി. സുരേഷ് ഗോപി വ്യാജ സത്യവാങ് മൂലം നൽകിയെന്നും പ്രതാപൻ ആരോപിച്ചിരുന്നു. എന്നാൽ, പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ തെളിയിക്കത്തക്ക വിധത്തിലുള്ള രേഖകളോ തെളിവുകളോ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പ്രാഥമികമായ അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് കേസെടുക്കാൻ സാധ്യമല്ലെന്ന നിലപാട് പൊലീസ് അറിയിച്ചിരിക്കുന്നത്. കൂടാതെ, വ്യാജരേഖ ചമച്ചതായുള്ള പരാതി നൽകേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള പരാതി ലഭിക്കാത്തതിനാൽ കേസെടുക്കാൻ സാധിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ചുള്ള അന്വേഷണം സാധ്യമല്ലെന്നും പരാതി നൽകിയ ടി.എൻ പ്രതാപനെ പൊലീസ് അറിയിച്ചു.