
കർണാടകം: മൈസൂരു അർബൻ ഡവലപ്പ്മെന്റ് അതോറിറ്റി (മുഡ)യിലെ പ്ലോട്ട് വിതരണത്തിൽ വൻഅഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം കോടതിയിൽ എത്തിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പത്നി പാർവ്വതിയ്ക്കും അനധികൃതമായി പതിനാല് പ്ലോട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഹൈക്കോടതി നിർദ്ദേശപ്രകാരം ലോകായുക്തയാണ് മുഖ്യമന്ത്രിയുടെ പത്നിയ്ക്ക് എതിരായി കേസ്സെടുത്ത് അന്വേഷണം നടത്തിയത്. മുഖ്യമന്ത്രിയെ ഒന്നാംപ്രതിയാക്കിയാണ് ലോകായുക്ത പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിവാദം ആരംഭിച്ചപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ പത്നി പ്ലോട്ടുകൾ മുഡയ്ക്ക് തിരിച്ചുനൽകിയിരുന്നു. മുഖ്യമന്ത്രിയ്ക്കോ പത്നിയ്ക്കോ മറ്റു ബന്ധുക്കൾക്കോ ആ ക്രമക്കേടിൽ പങ്കില്ലെന്ന റിപ്പോർട്ടാണ് ലോകായുക്ത ഹൈക്കോടതിയിൽ സമർപ്പിച്ചത്. ലോകായുക്തയ്ക്ക് പുറമെ ഇഡിയും മുഡക്കേസ് അന്വേഷിച്ചിരുന്നു. വ്യാപകമായ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്നാണ് ഇഡി കണ്ടെത്തിയത്. നിരവധി പ്ലോട്ടുകളും വസ്തുവകകളും ഇഡി കണ്ടുകെട്ടി. തട്ടിപ്പ് നടന്നു എന്നാരോപിക്കപ്പെടുന്ന കാലത്ത് ജി ടി ദിനേഷ് കുമാറായിരുന്നു മുഡ കമ്മീഷണർ. കഴിഞ്ഞ വർഷം സപ്റ്റംബർ പതിനാറിന് ഇഡി അറസ്റ്റുചെയ്ത ദിനേഷ് കുമാർ ഇപ്പോഴും ജയിലിലാണ്. ഇദ്ദേഹത്തിനെതിരായ കുറ്റപത്രം നവംബർ പതിനാലിനു ഇഡി കോടതിയിൽ സമർപ്പിച്ചിരുന്നു. നിരവധി പ്ലോട്ടുകൾ ദിനേഷ് കുമാർ അനധികൃതമായി വിതരണം ചെയ്തിട്ടുണ്ടെന്നും കോടികളുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു. ലോകായുക്തയോ ഇഡിയോ അന്വേഷണം പൂർത്തിയാക്കിയിട്ടില്ല. കുറ്റക്കാരായ പലരും പുറത്ത് നിൽക്കുമ്പോൾ തന്നെമാത്രം അറസ്റ്റുചെയ്തത് അനീതിയാണെന്നും ജാമ്യം അനുവദിക്കണമെന്നും അപേക്ഷിച്ചുകൊണ്ട് ദിനേഷ് കുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പക്ഷെ ജാമ്യം ലഭിച്ചില്ല. ഇഡി അന്വേഷണം പൂർത്തിയാക്കാത്തതാണ് കാരണം. മൂന്നു മാസം കഴിഞ്ഞ് സമീപിക്കാനാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രിയുമായി വ്യക്തിപരമായി അടുപ്പമുള്ള ഓഫീസറാണ് മൈസൂരു സ്വദേശിയായ ദിനേഷ് കുമാർ.
Photo Courtesy - Google











