03:47pm 04 November 2026
NEWS
ആധാർ വേണ്ട, പകരം വോട്ടർ ഐഡിയും ബയോമെട്രിക്‌സും; സർക്കാർ ആനുകൂല്യ വിതരണത്തിൽ വൻ മാറ്റത്തിന് നീക്കം
04/11/2026  10:01 AM IST
nila
ആധാർ വേണ്ട, പകരം വോട്ടർ ഐഡിയും ബയോമെട്രിക്‌സും; സർക്കാർ ആനുകൂല്യ വിതരണത്തിൽ വൻ മാറ്റത്തിന് നീക്കം

 

ന്യൂഡൽഹി: സർക്കാർ ആനുകൂല്യങ്ങൾ ഗുണഭോക്താക്കളുടെ കൈകളിലെത്തിക്കുന്ന നിലവിലെ സംവിധാനത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ആധാർ നമ്പർ അടിസ്ഥാനമാക്കിയുള്ള പണമിടപാടുകൾക്ക് പകരം ബയോമെട്രിക് വിവരങ്ങളും വോട്ടർ ഐഡി നമ്പറും ഉപയോഗിച്ചുള്ള സംവിധാനം ഉടൻ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി രഞ്ജൻ സിങ് വ്യക്തമാക്കി.

പഞ്ചായത്തീരാജ് മന്ത്രാലയം സംഘടിപ്പിച്ച 'പീപ്പിൾസ് പ്ലാൻ ക്യാമ്പയിൻ 2026-27' പരിപാടിയിലാണ് മന്ത്രി പുതിയ നീക്കത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ആധാർ നമ്പർ ഉപയോഗിച്ചുള്ള പണമിടപാട് രീതി അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആധാർ കാർഡ് നിർമിച്ചുനൽകുന്ന സ്ഥാപനങ്ങൾ വ്യാപകമായതോടെ വ്യാജ കാർഡുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പോലും ലഭ്യമാകുന്ന സാഹചര്യമുണ്ടെന്നാണ് മന്ത്രിയുടെ വാദം. ഇതിന് പരിഹാരമായാണ് ഗുണഭോക്താക്കളുടെ ബയോമെട്രിക് വിവരങ്ങളും വോട്ടർ ഐഡി നമ്പറും ഉപയോഗിച്ച് പണം കൈമാറാനുള്ള നിർദേശം.

അതേസമയം, കേന്ദ്രസർക്കാരിന്റെ പെർഫോമൻസ് ഗ്രാന്റുകൾ ലഭിക്കണമെങ്കിൽ ഗ്രാമപഞ്ചായത്തുകൾ സ്വന്തം വരുമാനം വർധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നിലവിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (VB-G RAM G), പി.എം-കിസാൻ, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ), ദേശീയ സാമൂഹിക സഹായ പദ്ധതി എന്നിവയിലെ ആനുകൂല്യങ്ങൾ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് വിതരണം ചെയ്യുന്നത്. വാർധക്യകാല, വിധവ, ഭിന്നശേഷി പെൻഷനുകളും ഇതേ സംവിധാനത്തിലൂടെയാണ് ലഭിക്കുന്നത്.

പുതിയ നിർദേശം നടപ്പിലായാൽ വിവിധ കേന്ദ്രസർക്കാർ ക്ഷേമപദ്ധതികളിലെ പണമിടപാട് സംവിധാനത്തിലും നിർണായക മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img