03:57pm 11 November 2026
NEWS
‘പൊറോട്ടയും ബീഫും’ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി
20/10/2025  01:51 PM IST
nila
‘പൊറോട്ടയും ബീഫും’ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി

രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും  പൊറോട്ടയും ബീഫും നൽകിയ ശേഷമാണ് പൊലീസ് ശബരിമലയിൽ എത്തിച്ചതെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നെന്ന് ആർഎസ്പി നേതാവ് എൻ കെ പ്രേമചന്ദ്രൻ എംപി.  ശബരിമല സ്ത്രീ പ്രവേശനം വീണ്ടും ചർച്ചയായതിൽ സന്തോഷമുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു. രഹ്ന ഫാത്തിമക്കും ബിന്ദു അമ്മിണിക്കും കോട്ടയത്ത് പൊലീസ് ക്ലബ്ബിൽ പോലീസ് ഉദ്യോഗസ്ഥർ പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്തു എന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ആണെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു. 

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വരുന്നത് 2018 സെപ്റ്റംബർ 28-നാണ്. ആഭ്യന്തര വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി പിറ്റേന്നുതന്നെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് സ്ത്രീപ്രവേശന സാധ്യത ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് ചെയ്തത്. അതിനെത്തുടർന്നാണ് ഒക്ടോബർ ഒൻപതിന് രഹ്ന ഫാത്തിമ പോലീസിന്റെ അകമ്പടിയോടെ സന്നിധാനംവരെ എത്തിച്ചേർന്നത്. ജനുവരി രണ്ടിനാണ് ബിന്ദു അമ്മിണിയും കനകദുർഗയും മല ചവിട്ടാൻ പോലീസ് അകമ്പടിയോടെ അവിടെ എത്തിച്ചേർന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണാണ് ആദ്യമായി ഈ വിഷയം പത്രസമ്മേളനം വിളിച്ചറിയിച്ചത്. കോട്ടയത്ത് പോലീസ് ക്ലബ്ബിൽ പോലീസ് ഉദ്യോഗസ്ഥർ പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്തതിന് ശേഷമാണ് അവരെ മലചവിട്ടാൻ കൊണ്ടുപോയത് എന്നത് സംബന്ധിച്ച് കൃത്യമായി അദ്ദേഹം പത്രസമ്മേളനത്തിൽ അന്ന് പറഞ്ഞിരുന്നുവെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു. 

പൊറോട്ട-ബീഫ് വിഷയത്തിൽ ബിന്ദു അമ്മിണി മറുപടിയുമായെത്തിയിരുന്നു. 'ബീഫ് എനിക്കിഷ്ടമാണ്. പക്ഷേ, പൊറോട്ട കൂടെ വേണ്ട, കപ്പ ആകാം. കപ്പയും ബീഫും സൂപ്പർ ആണ്' എന്നായിരുന്നു ബിന്ദു ഫെയ്‌സ്ബുക്കിൽ കുറിച്ചത്. പിന്നാലെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തി. മനോഹരമായ ആ പേര് ഒരാളിൽമാത്രം 'വിഷചന്ദ്രൻ' എന്നായിരിക്കുമെന്ന് ശിവൻകുട്ടി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

പൊറോട്ടയും ബീഫും നൽകി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിൽ എത്തിച്ച പിണറായി സർക്കാർ വിശ്വാസത്തെ വികലമാക്കിയെന്നും അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പും ആൾക്കാരുമാണ് പമ്പയിൽ കഴിഞ്ഞദിവസം ആഗോള അയ്യപ്പസംഗമം നടത്തിയതെന്നുമായിരുന്നു പ്രേമചന്ദ്രന്റെ പ്രസ്താവന. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെയ്ക്കുകയായിരുന്നു. കഴിഞ്ഞദിവസം ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു പ്രേമചന്ദ്രന്റെ വാക്കുകൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img