
കൊച്ചി: നടൻ നിവിൻ പോളി നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ടെക്നീഷ്യൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. തൃശൂർ കാഞ്ഞാണി സ്വദേശി വിഷ്ണു (32) ആണ് മരിച്ചത്. ആലുവയ്ക്കടുത്ത് ഇടയാറിൽ ഇന്ന് ആരംഭിച്ച പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്.
ചിത്രീകരണത്തിന്റെ ആദ്യദിനം ഉച്ചഭക്ഷണത്തിനുള്ള ഇടവേളയ്ക്കിടെയായിരുന്നു സംഭവം. ഉയർന്ന സ്ഥലത്ത് ലൈറ്റുകൾ ക്രമീകരിക്കുന്നതിനിടെ വിഷ്ണുവിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. തുടർന്ന് മെയിൻ സ്വിച്ച് ഓഫ് ചെയ്തതോടെ വിഷ്ണു താഴേക്ക് വീണു.
ഗുരുതരമായി വൈദ്യുതാഘാതമേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. വീഴ്ചയല്ല മരണത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന സൂചനകൾ.
അപകടത്തിന് പിന്നാലെ വിഷ്ണുവിനെ എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് നിവിൻ പോളി ഉൾപ്പെടെയുള്ള സിനിമാ സംഘാംഗങ്ങൾ ആശുപത്രിയിലെത്തിയിരുന്നു.










