
മലയാള സിനിമയിലെ പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിൻ സ്റ്റീഫന്റെ വെളിപ്പെടുത്തൽ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ആരാണ് ആ നടനെന്നോ എന്താണ് നടൻ ചെയ്ത തെറ്റെന്നോ പറയാതെയായിരുന്നു ലിസ്റ്റിന്റെ വെളിപ്പെടുത്തൽ. ഇതു സംബന്ധിച്ച് വലിയ ചർച്ചകൾ സിനിമാലോകത്ത് നടക്കവെയാണ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ നടൻ നിവിൻ പോളിയാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതു സംബന്ധിച്ച് നിവിൻ പോളിയോ ലിസ്റ്റിൻ സ്റ്റീഫനോ ഇനിയും സ്ഥിരീകരണം വരുത്തിയിട്ടില്ല.
ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ‘ബേബി ഗേൾ’ എന്ന സിനിമയിലെ നായകനാണ് നിവിൻ പോളി. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു. ‘ബേബി ഗേളി’ന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സൂചന. കാക്കനാട് നടന്ന ‘ബേബി ഗേൾ’ സിനിമയുടെ ചിത്രീകരണത്തിനിടെ ചില പ്രശ്നങ്ങൾ ഉണ്ടാകുകയും സെറ്റിൽ നിന്ന് നിവിൻ പോളി ഇറങ്ങിപ്പോയെന്നുമാണ് റിപ്പോർട്ടുകൾ. ലിസ്റ്റിൻ സ്റ്റീഫനും, ‘ബേബി ഗേൾ’ സിനിമയുടെ സംവിധായകനായ അരുൺ വർമയും ഇൻസ്റ്റഗ്രാമിൽ നിവിനെ അൺഫോളോ ചെയ്തതോടെയാണ് ആരോപണം നിവിൻ പോളിക്ക് നേരെ നീണ്ടത്.
ലിസ്റ്റിനും നിവിൻ പോളിയും ഒന്നിക്കുന്ന നാലാമത്തെ സിനിമയാണ് ‘ബേബി ഗേൾ’. ‘തുറമുഖം’, ‘ബോസ് ആൻഡ് കോ’, ‘മലയാളി ഫ്രം ഇന്ത്യ’ എന്നീ സിനിമകളിലാണ് ഇരുവരും ഇതിനുമുമ്പ് ഒന്നിച്ചത്. വലിയ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് തുറമുഖം സിനിമയുടെ റിലീസ് നീണ്ടപ്പോൾ ആ ചിത്രം ഏറ്റെടുത്ത് തിയറ്ററുകളിൽ എത്തിച്ചത് ലിസ്റ്റിനാണ്. നിവിനുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റിൻ സിനിമയുടെ ബാധ്യത ഏറ്റെടുത്തതെന്നും ആ കരാർ തുടർച്ചയായി ലംഘിക്കപ്പെട്ടതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നുമാണ് സൂചന.
ലിസ്റ്റിൻ തന്നെ നിർമിക്കുന്ന ദിലീപിന്റെ 150മത്തെ ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി'യുടെ ഔദ്യോഗിക ലോഞ്ചിനിടെയാണ് ലിസ്റ്റിൻ മലയാള സിനിമയിലെ അനാരോഗ്യകരമായ പ്രവണതയെ കുറിച്ച് പറഞ്ഞത്. മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ഇനിയും ആ തെറ്റ് തുടർന്നു കഴിഞ്ഞാൽ വലിയ പ്രശ്നങ്ങൾക്കു കാരണമാകുമെന്നും നടന്റെ പേരെടുത്തു പറയാതെ ലിസ്റ്റിൻ പറയുകയുണ്ടായി. വിഷയത്തിൽ ലിസ്റ്റിനെ വിമർശിച്ചാണ് കൂടുതൽ ആളുകളും എത്തുന്നത്. കൃത്യമായി കാരണം പറയാതെയുള്ള ഇത്തരം ഒളിയമ്പുകൾ ആശയക്കുഴപ്പം സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് ചിലർ കുറിച്ചപ്പോൾ ഈ വിവാദം സിനിമയുടെ പ്രമോഷനും ചർച്ചകൾ സജീവമാക്കുന്നതിനുമാണെന്നായിരുന്നു മറ്റു ചില കമൻറുകൾ. അതിനിടെയാണ് നിവിനാണ് ഈ നടനെന്ന തരത്തിൽ വാർത്തകൾ പരന്നത്.











