
ഇംഫാൽ: മണിപ്പുരിൽ എൻ. ബിരേൻ സിങ് നയിക്കുന്ന ബി.ജെ.പി സർക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ ജെ.ഡി.യു പിൻവലിച്ചു. മണിപ്പുർ നിയമസഭയിൽ ജെഡിയുവിന് ഒരംഗമാണുള്ളത്. പിന്തുണ പിൻവലിച്ചത് സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കില്ലെങ്കിലും നിതീഷ് കുമാറിന്റെ നിലപാട് മാറ്റം കേന്ദ്രസർക്കാരിനുള്ള മുന്നറിയിപ്പാകാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ സൂചിപ്പിക്കുന്നത്.
2022ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജെ.ഡി.യുവിന് മണിപ്പൂരിൽ ആറു സീറ്റുകൾ ലഭിച്ചിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം അഞ്ച് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതോടെയാണ് ജെ.ഡി.യുവിന് ഒരു എം.എൽ.എ മാത്രമായി മാറിയത്. 60 അംഗ നിയമസഭയിൽ നിലവിൽ ബി.ജെ.പിക്ക് 37 എം.എൽ.എമാരാണുള്ളത്. ഇതിനൊപ്പം നാഗാ പീപ്പിൾസ് പാർട്ടിയുടെ അഞ്ച് എം.എൽ.എമാരും മൂന്നു സ്വതന്ത്രരും ബി.ജെ.പി സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്.
കേന്ദ്ര സർക്കാരിന്റെ നിർണായക സഖ്യകക്ഷികളിൽ ഒന്നാണ് ജെ.ഡിയു. ലോക്‌സഭയിൽ ജെ.ഡി.യുവിന് 12 എം.പിമാരാണുള്ളത്. ബിഹാറിലും ബി.ജെ.പിയും ജെ.ഡി.യുവും സഖ്യത്തിലാണ്. ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു തലവനുമായ നിതീഷ് കുമാർ പലതവണ മുന്നണി മാറിയിട്ടുള്ള ചരിത്രവും ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നുണ്ട്.











