ബീഹാറിൽ സർക്കാർ ജോലികളിൽ 35 ശതമാനം സ്ത്രീ സംവരണം ഏർപ്പെടുത്തി

സർക്കാർ ജോലികളിൽ 35 ശതമാനം സ്ത്രീ സംവരണം ഏർപ്പെടുത്തി ബീഹാർ സർക്കാർ. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നിതീഷ് കുമാർ സർക്കാർ ബിഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി 35 ശതമാനം സർക്കാർ ജോലി സംവരണം ചെയ്തിരിക്കുന്നത്.
സംസ്ഥാന സർക്കാർ സേവനങ്ങളിലെ എല്ലാ വിഭാഗങ്ങളിലേക്കും, തലങ്ങളിലേക്കും, തരങ്ങളിലേക്കും നേരിട്ടുള്ള നിയമനങ്ങളിൽ ബിഹാറിലെ സ്ഥിര താമസക്കാരായ വനിതകൾക്ക് മാത്രമായി 35ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് മന്ത്രിസഭാ യോഗത്തിന് പിന്നാലെ നിതീഷ് കുമാർ പ്രഖ്യാപിച്ചു.
പൊതു സേവനങ്ങളിൽ എല്ലാ തലങ്ങളിലും വകുപ്പുകളിലും സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനാണ് സർക്കാരിന്റെ ശ്രമം. കൂടുതൽ സ്ത്രീകൾ തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കുകയും ബിഹാറിലെ ഭരണത്തിലും ഭരണനിർവ്വഹണത്തിലും വലിയ പങ്ക് വഹിക്കുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.











