04:51pm 18 April 2026
NEWS

ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

14/04/2026  01:05 PM IST
nila
 ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നിതിൻ രാജിന് ലോൺ ആപ്പിന്റെ ഭീഷണിയുമുണ്ടായിരുന്നു എന്നതിന് കൂടുതൽ തെളിവുകൾ പൊലീസിനു ലഭിച്ചു. ലോൺ ആപ്പിൽ നിന്നും നിതിൻ രാജിന് നിരന്തരം ഭീഷണി സന്ദേശങ്ങൾ വന്നിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. ഏപ്രിൽ ഒമ്പതിന് മാത്രം ഫോൺ കോളുകളും വാട്സാപ് മെസേജുകളും ഉൾപ്പെടെ നിതിന്റെ ഫോണിലേക്ക് 98 സന്ദേശങ്ങളാണ് ‘ഇൻസ്റ്റ പേ’ എന്ന ആപ്പിൽ നിന്നും എത്തിയത്. 

നിതിൻ രാജിന്റെ അധ്യാപികയേയും ലോൺ ആപ്പിന് പിന്നിലുള്ളവർ ഭീഷണിപ്പെടുത്തിയിരുന്നു. ആപ്പിൽ നിന്നും അധ്യാപകയ്ക്ക് നിരന്തരം കോളുകളും മെസേജുകളും വന്നതോെടെ പ്രിൻസിപ്പലിനെ വിവരം അറിയിക്കുകയായിരുന്നു. അധ്യാപിക പരാതി നൽകുമെന്ന നിലപാടെടുത്തതോടെ പ്രിൻസിപ്പൽ വെള്ളിയാഴ്ച നിതിനെ ഓഫിസിലേക്ക് വിളിപ്പിച്ചു. 

ലോൺ ആപ്പിലേക്ക് അധ്യാപികയുടെ നമ്പർ റജിസ്റ്റർ ചെയ്തത് താനല്ല എന്നായിരുന്നു നിതിൻ പറഞ്ഞത്. എന്നാൽ നിതിൻ തന്നെയാണ് നമ്പർ റജിസ്റ്റർ ചെയ്തതെന്ന് കണ്ടെത്തിയെന്നാണ് കോളജ് അധികൃതർ നൽകുന്ന വിവരം. പ്രിൻസിപ്പലും മറ്റൊരു അധ്യാപകനുമായിരുന്നു ഓഫിസിലുണ്ടായിരുന്നത് എന്നാണ് അറിയുന്നത്. പ്രിൻസിപ്പൽ ഫോൺ പിടിച്ചുവച്ചു. തുടർന്ന് നിതിൻ ഓഫിസിൽ നിന്ന് പുറത്തേക്ക് വന്നത് വളരെ വിഷമത്തോടെയാണ്. നിതിൻ പ്രിൻസിപ്പലിന്റെ ഓഫീസിൽ നിന്നും പുറത്തേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. 

അതേസമയം, സംഭവത്തിൽ പ്രതികളായ അധ്യാപകരുടെ അറസ്റ്റ് ഉടൻ ഉണ്ടാകില്ല. മതിയായ തെളിവുകൾ ശേഖരിച്ചിട്ട് മതി അറസ്റ്റെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. നിലവിൽ ആരോപണ വിധേയരായ രണ്ട് അധ്യാപകരും ഒളിവിൽ തുടരുകയാണ്. ഇന്നലെ അന്വേഷണസംഘം തിരുവനന്തപുരത്ത് എത്തി രക്ഷിതാക്കളുടെയും അയൽവാസികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

വിദ്യാർഥികൾ ഡോ. എം.കെ. റാമിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. റാം നിരന്തരം നിതിനെ ജാതിയമായി അധിക്ഷേപിച്ചിരുന്നുെവന്നാണ് വിദ്യാർഥികളുടെ വെളിപ്പെടുത്തൽ. എന്നാൽ അധിക്ഷേപം മാത്രമല്ല മരണത്തിനു കാരണമായതെന്നാണ് പൊലീസ് അന്വേഷണത്തിൽ ലഭിക്കുന്ന വിവരം. സ്റ്റാഫ് റൂമിൽ എന്താണ് സംഭവിച്ചതെന്നാണ് പൊലീസ് കാര്യമായി അന്വേഷിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img