
കണ്ണൂർ ∙ അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സുധീർ കല്ലനെ സസ്പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. ഡിവൈഎസ്പിക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ സുധീർ കല്ലൻ സർവീസിൽ തുടരുന്നത് ആഭ്യന്തരവകുപ്പിന്റെ സമ്പൂർണ പരാജയമാണെന്നായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീന്റെ വിമർശനം.
ഡോ. എം.കെ. റാമിനെ നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റ് ചെയ്തതിനെതിരെ മാതാപിതാക്കൾ നൽകിയ ഉപഹർജി പരിഗണിക്കവെയാണ് കോടതി ഡിവൈഎസ്പിയുടെ സേവനം സംബന്ധിച്ച് ചോദിച്ചത്. സുധീർ കല്ലൻ ഇപ്പോഴും സർവീസിൽ തുടരുകയാണെന്ന് അറിയിച്ചതിന് പിന്നാലെയായിരുന്നു കോടതിയുടെ രൂക്ഷ പ്രതികരണം. ഡിവൈഎസ്പിയെ നേരത്തേ കോടതി വിളിച്ചുവരുത്തി വിശദീകരണവും തേടിയിരുന്നു.
സുപ്രീംകോടതി നിർദേശിച്ച അറസ്റ്റ് രേഖയിലെ (Grounds of Arrest) നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചതിനെ തുടർന്നാണ് ഡോ. എം.കെ. റാമിനെ ആദ്യം അറസ്റ്റ് ചെയ്തപ്പോൾ കോടതി വിട്ടയച്ചത്. പിന്നീട് ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ച് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തതോടെ ഡോ. റാം നിലവിൽ റിമാൻഡിലാണ്.
സംഭവത്തിൽ ആഭ്യന്തരവകുപ്പിനും ക്രൈംബ്രാഞ്ചിനും തിരിച്ചടിയായതിനെ തുടർന്ന് അന്വേഷണസംഘത്തിലും മാറ്റം വരുത്തിയിരുന്നു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ മേൽനോട്ടത്തിലാണ് നിലവിലെ അന്വേഷണം. ഡിവൈഎസ്പി ജീവൻ ജോർജിനാണ് പുതിയ അന്വേഷണ ചുമതല










