07:15am 09 November 2026
NEWS
10 വർഷത്തിനിടെ അടച്ചുപൂട്ടിയത് 94,000 സർക്കാർ സ്കൂളുകൾ; സ്വകാര്യമേഖല തഴച്ച് വളരുന്നു
03/08/2026  12:12 PM IST
nila
10 വർഷത്തിനിടെ അടച്ചുപൂട്ടിയത് 94,000 സർക്കാർ സ്കൂളുകൾ; സ്വകാര്യമേഖല തഴച്ച് വളരുന്നു

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രാജ്യത്ത് പ്രതിദിനം ശരാശരി 25 സർക്കാർ സ്കൂളുകൾ വീതം പ്രവർത്തനം അവസാനിപ്പിച്ചതായി നീതി ആയോഗിന്റെ പുതിയ റിപ്പോർട്ട്. രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പത്ത് വർഷത്തെ പുരോഗതിയും വെല്ലുവിളികളും വിലയിരുത്തുന്ന റിപ്പോർട്ടിലാണ് ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം 2014-15 മുതൽ 2024-25 വരെയുള്ള കാലയളവിൽ രാജ്യത്താകെ 94,000 സർക്കാർ സ്കൂളുകളാണ് അടച്ചുപൂട്ടിയത്. ഇതോടെ സർക്കാർ സ്കൂളുകളുടെ എണ്ണം 11.07 ലക്ഷത്തിൽ നിന്ന് 10.13 ലക്ഷമായി കുറഞ്ഞു. സർക്കാർ എയ്ഡഡ് സ്കൂളുകളും 83,000ൽ നിന്ന് 79,000 ആയി ചുരുങ്ങി.

ഇതിനിടെ സ്വകാര്യ സ്കൂളുകളുടെ വളർച്ച ശ്രദ്ധേയമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്വകാര്യ സ്കൂളുകളുടെ എണ്ണം 2.88 ലക്ഷത്തിൽ നിന്ന് 3.39 ലക്ഷമായി ഉയർന്നു.

സർക്കാർ സ്കൂളുകളിൽ വിദ്യാർഥികൾ കുറഞ്ഞു

സ്കൂളുകളുടെ എണ്ണം കുറഞ്ഞതോടൊപ്പം സർക്കാർ സ്കൂളുകളിലെ വിദ്യാർഥി പ്രവേശനത്തിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ കാലയളവിൽ സർക്കാർ സ്കൂളുകളിൽ നിന്ന് 2.26 കോടി വിദ്യാർഥികളുടെ കുറവ് ഉണ്ടായെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ജനനനിരക്കിലെ ഇടിവ്, കുറഞ്ഞ വിദ്യാർഥികളുള്ള സ്കൂളുകളുടെ ലയനം, സെക്കൻഡറി തലത്തിൽ വിദ്യാർഥികളെ പഠനത്തിൽ നിലനിർത്തുന്നതിലെ വെല്ലുവിളികൾ എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങളായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

കേരളം മുന്നിൽ, പക്ഷേ കൊഴിഞ്ഞുപോക്ക് ആശങ്ക

വിദ്യാഭ്യാസ നിലവാരത്തിലും വിദ്യാർഥികളുടെ തുടർപഠന നിരക്കിലും കേരളം രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിലൊന്നായി റിപ്പോർട്ട് വിലയിരുത്തുന്നു. അപ്പർ പ്രൈമറിയിൽ നിന്ന് സെക്കൻഡറിയിലേക്കുള്ള മാറ്റനിരക്ക് 99.6 ശതമാനമാണ്. കൂടാതെ പരാഖ് 2024 സർവേ പ്രകാരം പഠന നിലവാരത്തിലും കേരളം ദേശീയ ശരാശരിയെ മറികടക്കുന്നു.

എന്നാൽ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയായി തുടരുകയാണ്.

കേരളത്തിൽ 2,914 പേർ പഠനം ഉപേക്ഷിച്ചു

2024-25 അധ്യയന വർഷത്തിൽ കേരളത്തിൽ 2,914 വിദ്യാർഥികൾ പഠനം നിർത്തിയതായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇവരിൽ 704 പേർ (24.16 ശതമാനം) പഠനത്തിൽ താൽപര്യമില്ലാത്തതിനാലാണ് സ്കൂൾ വിട്ടത്. താൽപര്യക്കുറവ് മൂലം പഠനം ഉപേക്ഷിച്ചവരുടെ എണ്ണം വയനാട്ടിലാണ് ഏറ്റവും കൂടുതൽ (297 പേർ).

പ്രധാന കാരണങ്ങൾ

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ പ്രകാരം വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിന് പിന്നിലെ പ്രധാന കാരണങ്ങൾ:

അതിഥിത്തൊഴിലാളികളുടെ കുടുംബങ്ങൾ: 1,070 കുട്ടികൾ മാതാപിതാക്കളുടെ ജോലി മാറുകയോ സ്വദേശത്തേക്ക് മടങ്ങുകയോ ചെയ്തതിനെ തുടർന്ന് പഠനം നിർത്തി. എറണാകുളത്താണ് ഇത്തരം കേസുകൾ ഏറ്റവും കൂടുതൽ (390).
പഠനത്തോടുള്ള താൽപര്യക്കുറവ്: 704 പേർ.
മതപഠനത്തിന് മുൻഗണന: 103 പേർ.
മാതാപിതാക്കളുടെ വിദ്യാഭ്യാസ സമീപനം: 78 പേർ.
മൊബൈൽ ഫോൺ ആസക്തി: 33 പേർ.
ലഹരി ഉപയോഗം: 7 പേർ.

സാമ്പത്തിക ബുദ്ധിമുട്ടുകൾ, സ്കൂളിലേക്കുള്ള ദൂരം, ചെറുപ്രായത്തിലെ വിവാഹം, കുടുംബ-സാമൂഹിക പ്രശ്നങ്ങൾ എന്നിവയും മറ്റ് കാരണങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട്.

കുറഞ്ഞ എൻറോൾമെന്റുള്ള സ്കൂളുകൾ ലയിപ്പിക്കുന്നത് വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗത്തിന് സഹായകരമാണെങ്കിലും, സ്കൂളുകൾ ഇല്ലാതാകുന്നത് ഗ്രാമപ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ തുടർച്ചയെ ബാധിക്കുമെന്നാണ് വിദ്യാഭ്യാസ പ്രവർത്തകരുടെ മുന്നറിയിപ്പ്.

വിദ്യാർഥികളെ സെക്കൻഡറി തലത്തിൽ നിലനിർത്തുന്നതിനായി സ്കൂൾ കോംപ്ലക്സുകൾ രൂപീകരിക്കൽ, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കൽ, അധ്യാപകരുടെ കാര്യക്ഷമത വർധിപ്പിക്കൽ, പഠന നിലവാരം മെച്ചപ്പെടുത്തൽ എന്നിവ അടക്കമുള്ള ശുപാർശകളും നീതി ആയോഗ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img