02:50pm 06 November 2026
NEWS
കേരളത്തിന്റെ മകൾ ഇനി അമേരിക്കയിലെ മേയർ; നിത്യ രാമൻ ലോസ് ആഞ്ജലീസ് നഗരത്തിന്റെ ആദ്യ ഏഷ്യൻ-അമേരിക്കൻ മേയർ
05/11/2026  10:34 AM IST
nila
കേരളത്തിന്റെ മകൾ ഇനി അമേരിക്കയിലെ മേയർ; നിത്യ രാമൻ ലോസ് ആഞ്ജലീസ് നഗരത്തിന്റെ ആദ്യ ഏഷ്യൻ-അമേരിക്കൻ മേയർ

 

വാഷിങ്ടൺ: അമേരിക്കയിലെ ലോസ് ആഞ്ജലീസ് നഗരത്തിന്റെ മേയർ പദവിയിലെത്തി മലയാളി വേരുകളുള്ള നിത്യ രാമൻ. നിലവിലെ മേയർ കരേൻ ബാസിനെ പരാജയപ്പെടുത്തിയാണ് 45-കാരിയായ നിത്യ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതോടെ നഗരത്തിന്റെ ആദ്യ ഏഷ്യൻ-അമേരിക്കൻ മേയർ എന്ന നേട്ടവും നിത്യയ്ക്ക് സ്വന്തമായി. ഡിസിഷൻ ഡെസ്ക് എച്ച്.ക്യു പുറത്തുവിട്ട കണക്കുകൾ പ്രകാരം 51.1 ശതമാനം വോട്ടാണ് നിത്യ നേടിയത്. കരേൻ ബാസിന് 48.33 ശതമാനം വോട്ടുകൾ ലഭിച്ചു.

കേരളവുമായി അടുത്ത ബന്ധമുള്ള കുടുംബമാണ് നിത്യയുടേത്. അമ്മ സുധ കേച്ചേരിയുടെ സ്വദേശം തൃശ്ശൂരും അച്ഛൻ വെങ്കിട്ടരാമന്റേത് തിരുവനന്തപുരവുമാണ്. 1981-ൽ ജനിച്ച നിത്യയുടെ അച്ഛൻ തിരുവനന്തപുരത്തെ കെൽട്രോണിൽ എൻജിനീയറായിരുന്നു. തൃശ്ശൂരിൽ ജനിച്ച നിത്യ ജീവിതത്തിലെ ആദ്യ രണ്ടര വർഷം ചെലവഴിച്ചത് തിരുവനന്തപുരത്താണ്. തുടർന്ന് അച്ഛൻ ഉന്നതപഠനത്തിനായി അമേരിക്കയിലേക്ക് പോയതോടെ അമ്മയ്ക്കൊപ്പം തൃശ്ശൂരിലേക്ക് താമസം മാറി.

നടനനികേതനത്തിൽ പ്രവർത്തിച്ചിരുന്ന ഭാരതീയവിദ്യാഭവനിലായിരുന്നു എൽ.കെ.ജി മുതൽ ഒന്നാം ക്ലാസ് വരെയുള്ള പഠനം. ആറാം വയസ്സിൽ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറി. പിന്നീട് ബിരുദപഠനം പൂർത്തിയാക്കിയ ശേഷമാണ് നാലുവർഷത്തോളം ഇന്ത്യയിൽ ചെലവഴിച്ചത്. നൃത്തത്തോടുള്ള താൽപര്യമായിരുന്നു ഇതിന് പിന്നിൽ. ചെന്നൈയിലെ കലാക്ഷേത്രയിൽനിന്ന് ഭരതനാട്യം അഭ്യസിച്ചു.

2010-ൽ ഹോളിവുഡ് തിരക്കഥാകൃത്തും നിർമാതാവുമായ വാലി ചന്ദ്രശേഖരനെ വിവാഹം ചെയ്തതും ഇന്ത്യയിൽവെച്ചായിരുന്നു. ബെംഗളൂരുവിലായിരുന്നു വിവാഹച്ചടങ്ങുകൾ. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജീവനക്കാരിയായിരുന്ന അമ്മ സുധ കേച്ചേരി തൃശ്ശൂരിലെ വിവിധ ശാഖകളിൽ ജോലി ചെയ്തിട്ടുണ്ട്. സഹോദരൻ ആകാശ് രാമൻ ന്യൂയോർക്കിൽ സാമ്പത്തിക മേഖലയിലാണ് പ്രവർത്തിക്കുന്നത്.

ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായാണ് നിത്യ മത്സരരംഗത്തെത്തിയത്. സ്വന്തം രാഷ്ട്രീയപാർട്ടിയിലെ തന്നെ നേതാവും നിലവിലെ മേയറുമായ കരേൻ ബാസിനെ നേരിട്ടായിരുന്നു വിജയം. കേരളത്തിൽ ജനിച്ചുവളർന്ന് അമേരിക്കയിലെ രാഷ്ട്രീയരംഗത്ത് നിർണായക നേട്ടം കൈവരിച്ച നിത്യയുടെ വിജയം മലയാളികൾക്കും അഭിമാനമായി.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img