
തിരുവനന്തപുരം: സംസ്ഥാനത്ത് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപകമായി വാഹനങ്ങൾ തടയുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഉൾപ്പെടെ പ്രതിഷേധക്കാർ കെഎസ്ആർടിസി ബസുകൾ തടയുന്നുണ്ട്. പല ഭാഗങ്ങളിലും ഓട്ടോറിക്ഷകൾ പോലും ഓടാൻ ഹർത്താൽ അനുകൂലികൾ അനുവദിക്കുന്നില്ല. കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഇന്ന് ഹർത്താൽ നടത്തുന്നത്. നിതിൻ രാജ് ആക്ഷൻ കൗൺസിലും വിവിധ ദളിത്-ആദിവാസി സംഘടനകളുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
തിരുവനന്തപുരം കണിയാപുരത്തും നെടുമങ്ങാടും തമ്പാനൂരും പ്രതിഷേധക്കാർ വാഹനം തടഞ്ഞു. നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും ബസുകൾ പുറത്തേക്ക് ഇറക്കാൻ ഹർത്താൽ അനുകൂലികൾ അനുവദിച്ചില്ല. കണിയാപുരത്ത് ഒന്നരമണിക്കൂറിലേറെയായി വാഹനങ്ങൾ തടയുകയാണ്. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇടുക്കി തൊടുപുഴ നഗരത്തിലും വടക്കൻ പറവൂരിലെ കച്ചേരിപടിയിലും ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞു.
ഹർത്താലിൽ നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്ന് ആക്ഷൻ കൗൺസിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ, ഹർത്താലിന്റെ ആദ്യ മണിക്കൂറിൽ തന്നെ ഈ ഉറപ്പ് ലംഘിക്കപ്പെടുകയായിരുന്നു.
നിതിൻ രാജിന്റെ മരണത്തിന്റെ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കും.
നിരവധി ജാതി അധിക്ഷേപ പരാതികൾ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജിൽ അത്തരം വിവേചന സമീപനങ്ങൾ ഉണ്ടാകുന്നില്ലെന്നും പ്രതികൾ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂർ ഡെന്റൽ കോളേജ് മാനേജ്മെന്റിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ കൂടിയാണ് ഹർത്താൽ നടത്തുന്നതെന്നും ആക്ഷൻ കൗൺസിൽ പറഞ്ഞിരുന്നു.










