03:28pm 25 May 2026
NEWS
ഹോണ്ട-നിസാൻ ലയനനീക്കം അനിശ്ചിതത്വത്തിൽ
05/02/2025  02:13 PM IST
nila
ഹോണ്ട-നിസാൻ ലയനനീക്കം അനിശ്ചിതത്വത്തിൽ

ലോകത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഹോണ്ട മോട്ടോറും നിസാൻ മോട്ടോറും തമ്മിലെ ലയനനീക്കം അനിശ്ചിതത്വത്തിലെന്ന് റിപ്പോർട്ട്. നിസാനാണ് ലയനനീക്കത്തിൽ നിന്ന് പിന്മാറുന്നതെന്നാണ് സൂചന. നിസാന്റെ ഡയറക്ടർ ബോർഡ് ഉടൻ ചേർന്ന് ലയനനീക്കം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. നിസാനെ ഉപകമ്പനിയാക്കി മാറ്റാനുള്ള നിബന്ധനകളാണ് ലയന ഉടമ്പടികളിലുള്ളതെന്നാണ് ഉയരുന്ന ആരോപണം. ഇതു സ്വീകാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലയന ചർച്ചകളിൽ നിന്നും നിസാൻ പിന്മാറുന്നത്. 

ഹോണ്ട, നിസാൻ, മിത്സുബിഷി എന്നിവ തമ്മിൽ ലയിക്കുന്നത് സംബന്ധിച്ചായിരുന്നു ചർച്ചകൾ. നിസാന് 24 ശതമാനം ഓഹരിപങ്കാളിത്തമുള്ള മറ്റൊരു പ്രമുഖ ജാപ്പനീസ് ബ്രാൻഡാണ് മിത്സുബിഷി. ആ​ഗോള വാഹന വിപണിയിലെ മുൻനിര ജാപ്പനീസ് ബ്രാൻഡുകളാണ് ഹോണ്ട മോട്ടോറും നിസാൻ മോട്ടോറും. ജപ്പാനിലെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളാണ് ഹോണ്ട. നിസാൻ മൂന്നാമത്തെയും. ടൊയോട്ടയാണ് ഏറ്റവും വലിയ കമ്പനി. നിസാനും ഹോണ്ടയും ലയിച്ചാൽ, വിൽപനക്കണക്കിന്റെ അടിസ്ഥാനത്തിൽ പിറക്കുക ലോകത്തെ മൂന്നാമത്തെ വലിയ കാർ നിർമാണക്കമ്പനിയായിരിക്കും. 

ടൊയോട്ട, ടെസ്‍ല എന്നിവയും ബിവൈഡി ഉൾപ്പെടെയുള്ള ചൈനീസ് ഇലക്ട്രിക് വാഹനക്കമ്പനികളും ഉയർത്തുന്ന വെല്ലുവിളികൾ മറികടക്കുക ഉന്നമിട്ടാണ് നിസാനും ഹോണ്ടയും ലയന ചർച്ചകളിലേക്ക് കടന്നത്. ഇവിക്കു പകരം ഹൈബ്രിഡ് മോഡലുകൾക്ക് ഊന്നൽ നൽകിയത് ആഗോള വിപണിയിൽ ഹോണ്ടയ്ക്ക് ക്ഷീണമായിരുന്നു. മൂല്യത്തകർച്ച, സാമ്പത്തികഞെരുക്കം എന്നിവ തരണംചെയ്യുകയെന്ന ലക്ഷ്യവുമായാണ് ലയനചർച്ചകളിലേക്ക് നിസാനും കടന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
AUTOMOTIVE
img