01:02am 30 June 2026
NEWS
കാഷ്യറിൽ നിന്ന് യുഎഇയുടെ സ്വപ്നട്രെയിനിന്റെ ക്യാപ്റ്റനിലേക്ക്; ഇത്തിഹാദ് റെയിലിൽ ചരിത്രമെഴുതി മലയാളി യുവാവ് നിഷാദ്
29/06/2026  03:08 PM IST
nila
കാഷ്യറിൽ നിന്ന് യുഎഇയുടെ സ്വപ്നട്രെയിനിന്റെ ക്യാപ്റ്റനിലേക്ക്; ഇത്തിഹാദ് റെയിലിൽ ചരിത്രമെഴുതി മലയാളി യുവാവ് നിഷാദ്

അബുദാബി: സ്വപ്നങ്ങൾ കൈവിടാതെ പിന്തുടർന്നാൽ ലക്ഷ്യങ്ങൾ കീഴടക്കാനാകുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ആലപ്പുഴ സ്വദേശിയായ 29-കാരൻ നിഷാദ്. യു.എ.ഇ.യുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയിലിൽ ആദ്യ ഇന്ത്യൻ ട്രെയിൻ ക്യാപ്റ്റനെന്ന നേട്ടം സ്വന്തമാക്കിയതോടെ ലോകമെമ്പാടുമുള്ള മലയാളികൾക്കും ഇത് അഭിമാന നിമിഷമായി മാറുകയാണ്.

ഫുജൈറയിൽ നിന്ന് അബുദാബിയിലേക്ക് യാത്രാ ട്രെയിനുകൾ സർവീസ് ആരംഭിക്കുമ്പോൾ, അവയുടെ പൈലറ്റ് ക്യാബിൽ നിയന്ത്രണം ഏറ്റെടുക്കുന്ന സംഘത്തെ നയിക്കുന്നവരിൽ നിഷാദും ഉണ്ടാകും. നിലവിൽ ഇത്തിഹാദ് റെയിലിലെ ട്രെയിൻ ഡ്രൈവേഴ്‌സ് ലൈൻ മാനേജറായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.

2014-ൽ യു.എ.ഇ.യിലെത്തിയ നിഷാദ് ആദ്യം ജോലി ചെയ്തത് ഒരു സ്ഥാപനത്തിലെ കാഷ്യറായിട്ടായിരുന്നു. പിന്നീട് പെർഫ്യൂം വിൽപ്പന, ഹോട്ട് ഡോഗ് സാൻഡ്വിച്ച് തയ്യാറാക്കൽ, ഹോം ഡെലിവറി സേവനം തുടങ്ങി നിരവധി ജോലികൾ ചെയ്താണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. ഈ അനുഭവങ്ങളാണ് അച്ചടക്കവും ക്ഷമയും ലക്ഷ്യബോധവും വളർത്തിയതെന്ന് നിഷാദ് പറയുന്നു. മാതാപിതാക്കളായ നൗഷാദിന്റെയും ഷീബയുടെയും പിന്തുണയും അദ്ദേഹത്തിന്റെ വിജയയാത്രയിൽ നിർണായകമായി.

2017-ൽ മോണോറെയിലിലൂടെയാണ് റെയിൽ മേഖലയിലേക്ക് പ്രവേശനം. കോവിഡ് മഹാമാരിയുടെ വെല്ലുവിളികളെയും മറികടന്ന് ദുബായ് ട്രാമിലും മെട്രോയിലും പ്രവർത്തിച്ച് കഴിവ് തെളിയിച്ചു. തുടർന്ന് കീ ഇൻസ്ട്രക്ടർ, അസസർ എന്നീ ചുമതലകളിലേക്ക് ഉയർന്ന അദ്ദേഹം 2023-ൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓപ്പറേഷൻസ് ടീം ലീഡറായും പിന്നീട് സീനിയർ ടീം ലീഡറായും സ്ഥാനക്കയറ്റം നേടി.

ഇത്തിഹാദ് റെയിലിലേക്കുള്ള യാത്രയിലും പ്രതിസന്ധികളുണ്ടായിരുന്നു. 2020-ൽ ട്രെയിൻ ക്യാപ്റ്റൻ തസ്തികയിലേക്ക് അപേക്ഷിച്ചെങ്കിലും ഇ-മെയിൽ വിലാസത്തിലെ ചെറിയ പിഴവ് അവസരം നഷ്ടമാക്കി. എന്നാൽ പരാജയത്തിന് മുന്നിൽ കീഴടങ്ങാതെ വീണ്ടും അപേക്ഷിച്ച നിഷാദ്, 2022-ൽ പരീക്ഷകളും അഭിമുഖങ്ങളും വിജയകരമായി പൂർത്തിയാക്കി.

ഒടുവിൽ 2024-ൽ ഇത്തിഹാദ് റെയിലിന്റെ അതിവേഗ യാത്രാ ട്രെയിനുകളുടെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷം ട്രെയിൻ ഓപ്പറേഷൻസ് ടീം ലീഡർ, കീ ഇൻസ്ട്രക്ടർ, അസസർ എന്നീ ചുമതലകളിലേക്കും അദ്ദേഹം ഉയർന്നു.

ഭാര്യ ഹിബ ഗഫൂറും മകൻ ഖലീഫ സായിദും ഉൾപ്പെടുന്ന കുടുംബത്തിന്റെ പിന്തുണയാണ് തന്റെ ഏറ്റവും വലിയ കരുത്തെന്ന് നിഷാദ് പറയുന്നു. സഹോദരൻ റിൻഷാദ് ഇത്തിഹാദ് റെയിലിലെ ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ്. സഹോദരി നസ്ലിയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img