
കൊച്ചി: 'നിർമലം' ജനകീയ ക്യാമ്പയിൻ പുതുയുഗ ശുചിത്വ കേരളത്തിന് വഴിയൊരുക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. മാലിന്യമുക്തവും ശുചിത്വപൂർണവുമായ കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജനകീയ ക്യാമ്പയിനായ ‘നിർമലം’ പദ്ധതിയുടെ കൊച്ചി നഗരസഭ തല ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യമുക്ത കൊച്ചിക്കായി നഗരസഭ നടത്തുന്ന ഇടപെടലുകൾ സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. സർക്കാർ പ്രഖ്യാപിക്കുന്ന എല്ലാ ജനക്ഷേമ പദ്ധതികളെയും ഇരു കൈകളും നീട്ടി സ്വീകരിക്കുന്ന നഗരസഭയുടെ സമീപനം അഭിനന്ദനാർഹമാണ്. അത് കൊച്ചിയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നു. മാലിന്യം കുറയ്ക്കുക, ഉറവിടത്തിൽ തന്നെ മാലിന്യം തരംതിരിക്കുക, ശാസ്ത്രീയമായി സംസ്കരിക്കുക, ശുചിത്വം ജീവിതശൈലിയാക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു. ഈ ലക്ഷ്യങ്ങളിലേക്ക് എത്തുന്നതിനായി നഗരസഭ നടത്തുന്ന ക്യാമ്പയിന് സർക്കാർ എല്ലാവിധ പിന്തുണയും നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിർമലം കേവലം ഒരു പേരിന് വേണ്ടിയുള്ള പദ്ധതിയല്ല. കൃത്യമായ തുടർ പ്രവർത്തനങ്ങളും വിലയിരുത്തലുകളും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. അഞ്ചുവർഷത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഈ പ്രചാരണത്തിലൂടെ മാലിന്യമുക്ത കേരളത്തിന് കൂടുതൽ കരുത്ത് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി നഗരസഭാ മേയർ അഡ്വ. വി കെ മിനിമോൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ, ശുചിത്വ മിഷന്റെ സഹകരണത്തോടെ നിർമലം ക്യാമ്പയിനിലൂടെ മലിന്യമുക്ത കൊച്ചിയെന്ന ലക്ഷ്യം നടപ്പാക്കുവാൻ സാധിക്കുമെന്ന് കൊച്ചി നഗരസഭ മേയർ അഡ്വ. വി കെ മിനിമോൾ പറഞ്ഞു. കൊച്ചിയുടെ ശുചിത്വ അംബാസഡറും ചലച്ചിത്രതാരവുമായ ടിനി ടോമും ചടങ്ങിൽ സന്നിഹിതനായിരുന്നു. അദ്ദേഹത്തെ ചടങ്ങിൽ വെച്ച് മന്ത്രി കെഎം ഷാജി ആദരിച്ചു. ചടങ്ങിൽ എംപി ഹൈബി ഈഡൻ, എംഎൽഎമാരായ ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, ഉമ തോമസ്, ദീപക് ജോയ് തുടങ്ങിയ ജനപ്രതിനിധികളും വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു. നിർമലം ക്യാമ്പയിനോട് അനുബന്ധിച്ച് കൊച്ചി നഗരസഭയുടെ ഔദ്യോഗിക ഭാഗ്യചിഹ്നമായി 'കൊച്ചു' എന്ന മുയലിനെ മന്ത്രി കെഎം ഷാജി പ്രകാശനം ചെയ്തു. നഗരസഭയിലെ ഓരോ വാർഡിലെയും നിർമലം വോളണ്ടിയർമാരുടെ പ്രഖ്യാപനവും നിർമലം ക്ലബ്ബുകളുടെ ലോഗോ പ്രകാശവും ഉമ തോമസ് എംഎൽഎ നിർവഹിച്ചു. നഗരസഭ ഡെപ്യൂട്ടി മേയർ വി ആർ സുധീർ സ്വാഗതം പറഞ്ഞു. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീന ടീച്ചർ ക്യാമ്പയിൻ വിശദീകരണം നടത്തി. കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷാകൃത സുബ്രഹ്മണ്യൻ, ടി.കെ. അഷറഫ്, ആന്റണി പൈനുതറ, അഡ്വ. പി.എം. നസീമ, കെ.എ. മനാഫ്, ജിസ്മി ജെറാൾഡ്, നഗരസഭ സെക്രട്ടറി പി.എസ്.ഷിബു തുടങ്ങിയവരും കൗൺസിലർമാർ, ശുചിത്വ മിഷൻ പ്രതിനിധികൾ, നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. കൊച്ചി നഗരസഭാ കൗൺസിലർമാർ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കബീർ പി. ഹാരൂൺ, ജോയിന്റ് ഡയറക്ടർ ഷഫീഖ് പി., ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. സുമി ചെറിയാൻ കെ.എ.എസ്, ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ ആദർശ് പി. കുമാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Photo Courtesy - Google









