
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. സാധാരണക്കാർക്ക് ഗുണകരമാകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംസാരിച്ചത് രാജ്യത്തെ മധ്യവർഗത്തെ ചൂണ്ടിക്കാട്ടിയായിരുന്നു. ഇതാണ് ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിക്കാനിടയായത്.
തുടർച്ചയായി എട്ടു തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയാകും നിർമല സീതാരാമൻ. ഒരേ പ്രധാനമന്ത്രിക്ക് കീഴിൽ തുടർച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയെന്ന ഖ്യാതിയാണ് നിർമല സീതാരാമൻ ഇന്ന് സ്വന്തമാക്കുക. രണ്ട് ഇടക്കാല ബജറ്റുകൾ ഉൾപ്പെടെ ഒരേ പ്രധാനമന്ത്രിക്ക് കീഴിൽ എട്ട് തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന അപൂർവതക്ക് ഉടമയാകുകയാണ് നിർമ്മല സീതാരാമൻ.
മൊറാർജി ദേശായി വിവിധ മന്ത്രിസഭകളിലായി 10 തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. തുടർച്ചയായി അല്ലാതെ പി ചിദംബരം 9 തവണയും പ്രണബ് മുഖർജി എട്ട് പ്രാവശ്യവും ബജറ്റ് അവതരിപ്പിച്ചു. സ്വതന്ത്ര ചുമതലയോടെ പ്രതിരോധ മന്ത്രിയായ ആദ്യത്തെ വനിത എന്ന ഖ്യാതി നേടിയ നിർമല സീതാരാമൻ മുൻപും ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.
പാർലമെൻറ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരണമെന്ന റെക്കോർഡ് നിർമലയുടെ പേരിലാണ്. 2020ൽ രണ്ടു മണിക്കൂർ 42 മിനിറ്റായിരുന്നു ബജറ്റ് പ്രസംഗം. ബജറ്റുമായി ബന്ധപ്പെട്ട് കോളോണിയൽ കാലത്ത് തുടങ്ങിയ പരമ്പരാഗത രീതികളിൽ മാറ്റം വരുത്തിയതും നിർമലാ സീതാരാമനാണ്. ബജറ്റ് രേഖകൾ ബ്രീഫ് കേസിൽ കൊണ്ടുവരുന്ന രീതി വനിതാ ധനമന്ത്രി മാറ്റി. 2019ൽ ചുവന്ന തുണിയിൽ പൊതിഞ്ഞാണ് ബജറ്റ് രേഖകൾ കൊണ്ടുവന്നത്. 2021ൽ ടാബ്ലറ്റിൽ നോക്കി വായിച്ച് പേപ്പർ രഹിത ബജറ്റും അവർ അവതരിപ്പിച്ചു. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുളള ധനമന്ത്രി കൂടിയാണ് നിർമലാ സീതാരാമൻ.











