
കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ 43കാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ബുധനാഴ്ച അർധരാത്രിയോടെയാണ് രോഗിയെ സുരക്ഷാ ക്രമീകരണങ്ങൾക്കിടെ വാർഡിലേക്ക് പ്രവേശിപ്പിച്ചത്. രോഗിയുടെ ചികിത്സയും രോഗവ്യാപന നിയന്ത്രണവും മുൻനിർത്തി ആശുപത്രി പരിസരത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്ന സാവിത്രി ദേവി സാബു വാർഡിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിച്ചിട്ടുണ്ട്. വാർഡിന് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിക്കുകയും സമീപ പ്രദേശങ്ങളിലെ പാർക്കിങ് സൗകര്യങ്ങൾ താത്കാലികമായി നിർത്തിവെക്കുകയും ചെയ്തു.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നവർ ഉൾപ്പെടെയുള്ള എല്ലാ രോഗികളും സന്ദർശകരും പ്രധാന ഗേറ്റ് മാത്രം ഉപയോഗിക്കണമെന്ന നിർദേശവും അധികൃതർ നൽകിയിട്ടുണ്ട്.
നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 43കാരന്റെ സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിൽ പരിശോധിച്ചപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ പേ വാർഡ് മേഖലയിലും സമീപ പ്രദേശങ്ങളിലും രോഗനിയന്ത്രണത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി അധിക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
രോഗികളുടെ സുരക്ഷയും നിപ വൈറസിന്റെ വ്യാപനം തടയുന്നതുമാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾ ആശുപത്രി അധികൃതരുമായി സഹകരിക്കണമെന്നും സൂപ്രണ്ട് അഭ്യർഥിച്ചു.
നിയന്ത്രണങ്ങൾ
1. സാവിത്രി ദേവി സാബു (SDS) ബ്ലോക്കിലേക്കുള്ള പ്രവേശന വഴി പൂർണമായും നിരോധിച്ചിരിക്കുന്നു.
2. സാവിത്രി ദേവി സാബു (SDS) ബ്ലോക്കിലേക്കുള്ള പ്രവേശന കവാടം അടച്ചിട്ടിരിക്കുന്നതിനാൽ ജീവനക്കാരും രോഗികളും ഉൾപ്പെടെ എല്ലാവരും അനുവദിച്ചിട്ടുള്ള മറ്റ് വഴികൾ ഉപയോഗിച്ച് മാത്രം പ്രവേശിക്കേണ്ടതാണ്.
3. ഡിസ്ചാർജ് ചെയ്യുന്ന രോഗികൾ ഉൾപ്പടെ ആശുപത്രിയുടെ മെയിൻ ഗേറ്റ് വഴി പുറത്തുപോകേണ്ടതാണ്.
4. നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്ന പ്രദേശത്തേക്ക് അനാവശ്യമായി പ്രവേശിക്കുകയോ സഞ്ചരിക്കുകയോ ചെയ്യരുത്.
5. ആശുപത്രിയിലെ എല്ലാ വിഭാഗം ജീവനക്കാരും, രോഗികളും, കൂട്ടിരിപ്പുകാരും മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
6. സാവിത്രി ദേവി സാബു (SDS) ബ്ലോക്ക് പരിസരത്ത് വാഹന പാർക്കിങ് അനുവദിക്കുന്നതല്ല.










