
കേരളത്തിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിക്കാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലമാണ് പോസിറ്റീവായത്. പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയായ മുപ്പത്തെട്ടുകാരിയുടെ സമ്പർക്കപ്പട്ടികയിലെ നൂറിലധികം പേർ ഹൈറിസ്ക് സമ്പർക്ക പട്ടികയിലാണ്.
20 ദിവസം മുമ്പാണ് യുവതിക്ക് പനി തുടങ്ങിയത്. വീടിന് സമീപത്തെ ക്ലിനിക്ക് അടക്കം മൂന്ന് ഇടങ്ങളിലാണ് ചികിത്സ നേടിയത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് യുവതി മണ്ണാർക്കാട്, പാലോട്, കരിങ്കല്ലത്താണി എന്നിവിടങ്ങളിലെ സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സ തേടിയിരുന്നു.
രോബാധിതയായ യുവതിയുടെ ഭർത്താവ് വിദേശത്താണ്. യുവതി മക്കൾക്കൊപ്പമാണ് താമസിക്കുന്നത്. ഭർത്താവ് നിലവിൽ നാട്ടിലെത്തിയിട്ടുണ്ട്. സമീപത്തുള്ളതെല്ലാം കുടുംബ വീടുകളാണെന്നതിനാൽ സംമ്പർക്കപ്പട്ടിക നീളാനാണ് സാധ്യത. യുവതിയുടെ സമ്പർക്ക പട്ടികയിലുള്ള ആരും നിലവിൽ ചികിത്സയിലില്ല. മൂന്നു മക്കൾക്കും നിലവിൽ രോഗലക്ഷണങ്ങളില്ല. വീട്ടുകാർ , അയൽവാസികൾ, നാട്ടുകാർ എന്നിവരും ഹൈറിസ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
നാട്ടുക്കൽ കിഴക്കുംപറം മേഖലയിലെ മൂന്നു കിലോമീറ്റർ പരിധി കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു.











