
ഷില്ലോങ്: മേഘാലയയിലെ ഭരണസഖ്യത്തിനുള്ളിൽ വൻ രാഷ്ട്രീയ നീക്കത്തിന് കളമൊരുങ്ങുന്നതായി റിപ്പോർട്ട്. യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യുഡിപി)യിലെ ഒൻപത് എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായാണ് സൂചന. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ എൻപിപി നേതൃത്വം നൽകുന്ന മേഘാലയ ഡെമോക്രാറ്റിക് അലയൻസിന്റെ ഭാഗമാണ് യുഡിപിയും ബിജെപിയും. അതുകൊണ്ടുതന്നെ യുഡിപിയിലെ എംഎൽഎമാരുടെ നീക്കം പ്രതിപക്ഷത്ത് നിന്നുള്ള രാഷ്ട്രീയ ചേരിമാറ്റമല്ല. ഭരണസഖ്യത്തിലെ ഒരു ഘടകകക്ഷിയിൽ നിന്നുള്ള അംഗങ്ങൾ മറ്റൊരു ഘടകകക്ഷിയിലേക്ക് മാറുന്ന സാഹചര്യമാണുണ്ടാകുക.
ബിജെപിയുടെ അംഗസംഖ്യ രണ്ടക്കത്തിലേക്ക്
60 അംഗ മേഘാലയ നിയമസഭയിൽ ബിജെപിക്ക് നിലവിൽ രണ്ട് എംഎൽഎമാരാണുള്ളത്. യുഡിപിക്ക് 12 അംഗങ്ങളുണ്ട്. ഇതിൽ എട്ട് പേർ ഒരുമിച്ച് ബിജെപിയിൽ ചേർന്നാൽ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽപ്പെടാതെ പാർട്ടി മാറാൻ കഴിയുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഒൻപത് യുഡിപി എംഎൽഎമാർ ബിജെപിക്കൊപ്പം ചേരാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. ഇവർ ബിജെപിയിലെത്തിയാൽ സഭയിൽ പാർട്ടിയുടെ അംഗസംഖ്യ 11 ആയി ഉയരും.
യുഡിപി എംഎൽഎമാരുടെ ബിജെപി പ്രവേശന സാധ്യതയ്ക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യുഡിപി നിയമസഭാംഗങ്ങളും തമ്മിൽ അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. മേഘാലയയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ച ചെയ്തതെന്നായിരുന്നു യുഡിപിയുടെ വിശദീകരണം. വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎയുമായി ബന്ധപ്പെട്ട വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് വിവരം. അതേസമയം, പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് പിന്നിലെന്നും സൂചനയുണ്ട്. യുഡിപി അധ്യക്ഷൻ മെത്ബാഹ് ലിങ്‌ദോയിയുടെ നേതൃത്വത്തിൽ ചില എംഎൽഎമാർക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നിലവിലെ കക്ഷിനില
മേഘാലയയിൽ 60 അംഗ നിയമസഭയിൽ ഭരണസഖ്യമായ എംഡിഎയ്ക്ക് 51 അംഗങ്ങളാണുള്ളത്.
എൻപിപി – 33
യുഡിപി – 12
ബിജെപി – 2
എച്ച്എസ്പിഡിപി – 2
സ്വതന്ത്രർ – 2
പ്രതിപക്ഷത്ത് എഐടിസിക്ക് അഞ്ച് അംഗങ്ങളും വിപിപിക്ക് നാല് അംഗങ്ങളുമാണുള്ളത്.
യുഡിപിയിലെ ഭൂരിപക്ഷം എംഎൽഎമാർ ബിജെപിയിലേക്ക് മാറുകയാണെങ്കിൽ മേഘാലയയിലെ ഭരണസഖ്യത്തിനുള്ളിലെ ശക്തിസമവാക്യങ്ങളിൽ വലിയ മാറ്റത്തിനാകും ഇത് വഴിവയ്ക്കുക.










