
കോഴിക്കോട്ട് ഒൻപതുമാസം പ്രായമായ ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവെന്ന് ആരോപണവുമായി ബന്ധുക്കൾ. കോഴിക്കോട് ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഫറോക്ക് സ്വദേശി അശ്വതിയുടെ ഒന്‍പതുമാസം പ്രായമുള്ള ഗർഭസ്ഥശിശുവാണ് മരിച്ചത്. സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവനുണ്ടായിരുന്നില്ല എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
പ്രസവത്തിനായി മേയ് 22-ന് അഡ്മിറ്റ് ആകാനായിരുന്നു അശ്വതിയോട് ഡോക്ടർ നിർദ്ദേശിച്ചിരുന്നത്. എന്നാല്‍, നാലുദിവസം മുമ്പ് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി. തുടർന്ന് വയറ് കഴുകിയശേഷം പ്രശ്‌നം ഒന്നുമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ചയച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഗര്‍ഭസ്ഥശിശുവിന് അനക്കമില്ലെന്ന് തോന്നിയതോേടെ അശ്വതി വീണ്ടും ആശുപത്രിയില്‍ എത്തി.
ലേബര്‍ റൂമില്‍ നടത്തിയ പരിശോധനയിലും കുട്ടിക്ക് കുഴപ്പം ഒന്നുമില്ലെന്നാണ് അറിയിച്ചത്. പിന്നീട് കുട്ടിക്ക് അനക്കം ഇല്ലെന്നു പറഞ്ഞ് ശസ്ത്രക്രിയ നടത്തുകയും ശേഷം കുഞ്ഞ് മരിച്ചതായി അറിയിക്കുകയുമായിരുന്നു. ആശുപത്രിയില്‍ അശ്വതിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ഉള്‍പ്പടെ ആരും എത്തിയില്ലെന്നും കുഞ്ഞിന്റെ മരണത്തിന് കാരണം ചികിത്സാപ്പിഴവാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
Photo Courtesy - meta ai











