
സുപ്രീം കോടതിയിൽ വച്ച് താൻ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഹിന്ദി ടെലിവിഷൻ താരം നിമ്രത് കൗർ അലുവാലിയ. പത്തൊൻപതാം വയസ്സിൽ സുപ്രീം കോടതിയിൽ ഒരു ഹിയറിങ്ങിനായി പോയപ്പോൾ ഒരാൾ തന്റെ നിതംബത്തിൽ പിടിച്ചെന്നും വസ്ത്രത്തിനുള്ളിൽ കൈകടത്തിയെന്നുമാണ് തരം വെളിപ്പെടുത്തിയത്. ഹൗട്ടർഫ്‌ളൈക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ ബിഗ്ബോസ് താരം കൂടിയായ നിമ്രത് കൗർ ഇക്കാര്യം പറഞ്ഞത്.
നിമ്രത് കൗർ പറഞ്ഞതിങ്ങനെ:
”എന്റെ നിതംബത്തിൽ ആരോ പിടിച്ചതായി തോന്നി. അവിടെ നിറയെ ആളുകൾ ഉണ്ടായിരുന്നതിനാൽ എനിക്ക് തോന്നിയതാണെന്ന് വിചാരിച്ചു. ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ആ വ്യക്തി ഒന്നും അറിയാത്ത പോലെ മുമ്പിലേക്ക് നോക്കി നിൽക്കുകയായിരുന്നു. ഞാൻ എന്നൊരാൾ അവിടെ ഉണ്ടെന്ന് പോലും അയാൾ ശ്രദ്ധിക്കുന്നില്ല. എനിക്ക് എന്തോ പോലെ തോന്നി, അവിടെ നിന്നും മാറി നിന്നു.”
”അപ്പോൾ ആരോ എന്റെ കൈയ്യിൽ തൊടുന്നതായി തോന്നി. അയാൾ തന്നെയായിരുന്നു അത്. ഞാൻ നീങ്ങി നിന്നപ്പോൾ അയാളും എന്നോടൊപ്പം നീങ്ങി നിന്ന് എന്റെ നിതംബത്തിൽ വീണ്ടും സ്പർശിക്കാൻ തുടങ്ങി. ഞാൻ ഷോക്ക് ആയിപ്പോയി, കണ്ണൊക്കെ നിറയാൻ തുടങ്ങി. ഒരു മുതിർന്ന അഭിഭാഷക ഇത് ശ്രദ്ധിക്കുകയും, എന്നോട് അസ്വസ്ഥത എന്തെങ്കിലുമുണ്ടോ എന്ന് ചോദിച്ചു.”
”ഉണ്ടെന്ന് തലയാട്ടിയപ്പോൾ, അവർ അയാളെ അടിക്കുകയും ശകാരിക്കുകയും ചെയ്തു. തുടർന്ന് പൊലീസിനെ വിളിച്ച് വിഷയം പരിഹരിക്കുകയും ചെയ്തു. അവരോട് ഞാൻ നന്ദി പറഞ്ഞു. സുപ്രീം കോടതിയിൽ ആയതിനാൽ മാനസികമായി സുരക്ഷിതയാണെന്ന് തോന്നിയിരുന്നു, എന്നിട്ടും അങ്ങനെയൊക്കെ സംഭവിച്ചു” എന്നാണ് നിമ്രത് കൗർ അലുവാലിയ പറയുന്നത്.











