
യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഓഫീസ്. നിമിഷപ്രിയയുടെ മോചനത്തിനായി തുടർ ചർച്ചകൾ നടക്കുമെന്നും കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി. ജൂലായ് 16 ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരത്തിന്റെ ഇടപെടലിനെ തുടർന്ന് താത്ക്കാലികമായി നീട്ടിവെച്ചിരുന്നു. ഇതിനു പിന്നാലെ സനായിൽ നടന്ന ഉന്നത തലയോഗത്തിൽ നിമിഷപ്രിയയുടെ വധശിക്ഷ പൂർണമായും റദ്ദ് ചെയ്യാൻ തീരുമാനിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
കാന്തപുരത്തിന്റെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ വടക്കൻ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു എന്നാണ് കാന്തപുരത്തിന്റെ ഓഫീസിൽനിന്നും പുറത്തുവരുന്ന വിവരം. അതേസമയം, കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച് ഇനിയും പ്രതികരിച്ചിട്ടില്ല.











