11:51pm 10 November 2026
NEWS
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയുള്ള ഉത്തരവ് വൈകാതെ പുറപ്പെടുവിക്കും
30/07/2025  08:04 AM IST
nila
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയുള്ള ഉത്തരവ് വൈകാതെ പുറപ്പെടുവിക്കും

യെമെനിൽ ജയിലിൽക്കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയുള്ള ഉത്തരവ് വൈകാതെ പുറപ്പെടുവിക്കുമെന്ന് റിപ്പോർട്ട്. യെമനിൽ മധ്യസ്ഥചർച്ചയ്ക്ക് നേതൃത്വം നൽകുന്നവർ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ ഓഫീസിനെയാണ് ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതിൽ കൊല്ലപ്പെട്ട തലാലിന്റെ പിതാവിനും മാതാവിനും എതിർപ്പില്ലെന്നാണ് സൂചന. എന്നാൽ, തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹ്ദി, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്ന കർശന നിലപാടിലാണ്. 

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പക്കുക തന്നെ ചെയ്യുമെന്നാണ് തലാൽ സമൂഹ മാധ്യമങ്ങളിലൂടെ ആവർത്തിച്ച് വ്യക്തമാക്കുന്നത്. എന്നാൽ, വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നതിൽ ഉറച്ചു നിൽക്കുകയാണ് കാന്തപുരത്തിന്റെ ഓഫീസ്. യെമെൻ പണ്ഡിതസംഘവും യെമെൻ ഭരണാധികാരികളും നയതന്ത്ര ഉദ്യോഗസ്ഥരും തമ്മിൽനടന്ന ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായതെന്നും കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കുന്നു. 

എന്നാൽ, നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വിവരം പൂർണമായി തെറ്റാണെന്ന് തലാലിന്റെ സഹോദരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. സമാധാനത്തിന് കുടുംബം സമ്മതിച്ചതായി കാന്തപുരത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും അദ്ദേഹം പറയുന്നു. ഞങ്ങളുമായി സംസാരിക്കാൻ ചുമതലപ്പെടുത്തിയെന്ന് പറയുന്നവർ സംസാരിച്ചിട്ടുണ്ടോയെന്ന് കാന്തപുരം വ്യക്തമാക്കണമെന്നും കുറിപ്പിൽ പറയുന്നു. എന്നാൽ നിമിഷപ്രിയയ്ക്ക് മാപ്പു കൊടുക്കേണ്ടവരുമായി നടന്ന ചർച്ചകൾ വളരെ പ്രതീക്ഷ നൽകുന്നതാണെന്ന് യെമെനിലെ സൂഫിപണ്ഡിതൻ ഉമർ ബിൻ ഹഫീളിന്റെ ശിഷ്യൻ സവാദ് മുസ്തഫാവി പറയുന്നു. ഇപ്പോൾ നടക്കുന്ന ശ്രമങ്ങൾക്ക് ശുഭപര്യവസാനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img