
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ. നിമിഷപ്രിയ കൊലപ്പെടുത്തിയ യെമൻ പൗരന്റെ ബന്ധുക്കളുമായും യെമൻ ഭരണകൂടവുമായും കാന്തപുരം ആശയവിനിമയം നടത്തിയെന്ന വിവരങ്ങൾ പുറത്തുവന്നു. മറുപടി ആശാവഹമായിരുന്നു എന്നാണ് കാന്തപുരവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. കാന്തപുരത്തിന്റെ സുഹൃത്തായ യെമനിലെ ഇസ്ലാമിക പണ്ഡിതൻ മുഖേനെയാണ് ചർച്ചകൾ നടക്കുന്നത് എന്നാണ് വിവരം.
അതേസമയം, നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി ജയശങ്കറിനും മുഖ്യമന്ത്രി കത്ത് നൽകിയിട്ടുണ്ട്. അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാൽ എം പിയും കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.










