
യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് ഒരു സംഘം പോയിട്ടുണ്ടെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ആരു ചർച്ച നടത്തിയാലും നല്ലതാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അതേസമയം, ഇതു സംബന്ധിച്ചുള്ള സമൂഹമാധ്യമ പ്രതികരണങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിമിഷ പ്രിയയുടെ മോചനത്തിനായി ഗൾഫ് കേന്ദ്രീകരിച്ച് സജീവ ചർച്ചകൾ നടക്കുന്നതായി നേരത്തെ ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു. യുഎഇയിലും ഖത്തറിലും ചർച്ചകൾ നടന്നതായും അടുത്ത ദിവസങ്ങളിൽ തന്നെ പോസിറ്റീവായ വിവരം കേൾക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിഷയത്തിൽ ഇടപെടുന്ന ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു. യെമനിൽ ബന്ധമുള്ള പ്രവാസി വ്യവസായികൾ വഴി ഖത്തറും യുഎഇയും കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്. നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളിൽ കാന്തപുരത്തെ മറികടക്കാൻ ശ്രമിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. തെറ്റിദ്ധരിച്ച ഇടതുപക്ഷക്കാർ പറഞ്ഞ പ്രചാരണമാകാമെന്നും വിഷയത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.











