
യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതോടെ തങ്ങളുടെ പണികഴിഞ്ഞെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഇനി സർക്കാരാണ് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതെന്നും കാന്തപുരം പറഞ്ഞു. സർക്കാരിനെയോ മറ്റാരെയെങ്കിലുമോ മറികടക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും രിസാല അപ്ഡേറ്റിന് നൽകിയ അഭിമുഖത്തിൽ കാന്തപുരം വ്യക്തമാക്കി.
വധശിക്ഷ റദ്ദാക്കിയതോടെ ഞങ്ങളുടെ പണി കഴിഞ്ഞു. ഇനി ആവശ്യമായ കാര്യങ്ങൾ ചെയ്യേണ്ടത് സർക്കാരാണ്. സർക്കാർ അത് ചെയ്യുമെന്നാണ് വിശ്വാസം. മാനവികത ഉയർത്തിപ്പിടിക്കലാണ് ലക്ഷ്യം. മുസ്ലിം- ഹിന്ദു - ക്രിസ്ത്യൻ എന്ന നോട്ടമില്ലാതെ മനുഷ്യത്വത്തിന് വില കൽപ്പിക്കണമെന്ന് ലോകത്തോട് പറയാനാണ് നിമിഷപ്രിയ വിഷയത്തിൽ ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിധി നടപ്പാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചിരുന്നു. ദിയാധനം സ്വീകരിക്കാൻ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു കുടുംബം. സൂഫി പണ്ഡിതരുടെ ഇടപെടലിൽ അവർ വഴങ്ങുകയായിരുന്നുവെന്നാണ് കാന്തപുരം അറിയിച്ചത്. വധശിക്ഷ നീട്ടിവച്ച വിവരം കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അറിയിക്കുകയും. ഔദ്യോഗിക വിധിപ്പകർപ്പ് ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.











