06:51pm 10 November 2026
NEWS
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന കാന്തപുരത്തിന്റെ അവകാശവാദം തള്ളി കേന്ദ്രസർക്കാർ
01/08/2025  08:01 PM IST
nila
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന കാന്തപുരത്തിന്റെ അവകാശവാദം തള്ളി കേന്ദ്രസർക്കാർ

യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ വാദങ്ങൾ തള്ളി കേന്ദ്രസർക്കാർ. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചില പുരോഗതികളുണ്ടായിട്ടുണ്ട് എന്ന കാന്തപുരത്തിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന്  വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വധശിക്ഷ റദ്ദാക്കപ്പെട്ടിട്ടില്ലെന്നും മറിച്ച് മാറ്റിവെയ്ക്കുക മാത്രമാണുണ്ടായതെന്നുമാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 

വധശിക്ഷ റദ്ദാക്കിയെന്ന് അവകാശപ്പെട്ട് കാന്തപുരത്തിന്റെ ഓഫീസ് പുറത്തിറക്കിയ അവകാശവാദം മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. നിമിഷപ്രിയയുടെ കേസിൽ സൂഷ്മനിരീക്ഷണം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതുമായി ബന്ധപ്പെട്ട ഇടപെടലുകൾ തുടരുന്നുണ്ട്. കേസിൽ പുരോഗതിയുണ്ടോയെന്ന തരത്തിൽ വന്ന വാദങ്ങൾ തെറ്റാണെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

കൃത്യമായ വിവരങ്ങൾക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ വിവരങ്ങളെ ആശ്രയിക്കാനും തെറ്റിധരിപ്പിക്കുന്ന വാദങ്ങളിൽനിന്ന് അകന്നുനിൽക്കാനും അദ്ദേഹം അഭ്യർഥിച്ചു. ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതൊരു വൈകാരിക വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുമായി സൗഹൃദത്തിലുള്ള രാജ്യങ്ങളുടെ സഹായത്തോടെയാണ് ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറിച്ചുള്ള വാർത്തകളെല്ലാം വ്യാജ വാർത്തകളാണെന്നും അതിൽനിന്ന് മാധ്യമങ്ങളുൾപ്പെടെ അകന്നു നിൽക്കണമെന്നും വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img