
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ജയിൽ അധികൃതർക്ക് നിർദ്ദേശം ലഭിച്ചെന്ന് റിപ്പോർട്ട്. തന്റെ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് ജയിലിലെത്തിയിട്ടുണ്ടെന്ന് ഒരു അഭിഭാഷക അറിയിച്ചെന്ന് നിമിഷ പ്രിയയാണ് ശബ്ദ സന്ദേശം അയച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിലിന്റെ കൺവീനർ ജയൻ എടപ്പാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം, ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയോ ഇന്ത്യൻ എംബസി അധികൃതരുടെയോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇനിയും വന്നിട്ടില്ല.
യെമനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായിൽ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ യെമനിലെ അപ്പീൽകോടതിയും സുപ്രീം കോടതിയും ശരിവെച്ചിരുന്നു. സനയിലെ ജയിലിലാണ് നിമിഷപ്രിയയുള്ളത്. ജയിൽ ഹൂത്തി നിയന്ത്രണത്തിലാണ് വിവരം.











