
ന്യൂഡൽഹി: മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കേസ് കൈകാര്യം ചെയ്യുന്നത് ഹൂതി വിമതരെന്ന് യെമൻ എംബസി. ഹൂതി നിയന്ത്രണത്തിലുള്ള മേഖലയിലാണ് നിമിഷപ്രിയയുടെ കേസ് നടന്നതെന്നും ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ നേതാവ് മെഹ്ദി അൽ മഷാദ് ആണ് വധശിക്ഷ അംഗീകരിച്ചതെന്നുമാണ് ഇന്ത്യയിലെ യെമൻ എംബസി വ്യക്തമാക്കുന്നത്. വിമത പ്രസിഡന്റ് എന്നാണ് ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ നേതാവ് മെഹ്ദി അൽ മഷാദിന് വിശേഷിപ്പിക്കുന്നത്.
നിമിഷപ്രിയയുടെ വധശിക്ഷക്ക് യെമൻ പ്രസിഡന്റ് അംഗീകാരം നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് റിപ്പബ്ലിക് ഓഫ് യെമന്റെ ഇന്ത്യയിലെ എംബസി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലിന്റെ ചെയർമാനായ ഡോ. റാഷിദ് അൽ- അലിമി ഇതുവരെ വധശിക്ഷ അംഗീകരിച്ചിട്ടില്ലെന്നും യെമൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
യെമൻ പൗരനായ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷപ്രിയയ്ക്ക് യെമനിൽ വധശിക്ഷ വിധിച്ചത്. 2017-ലായിരുന്നു കേസിനാസ്പദമായ സംഭവം. 2020-ൽ കേസിൽ സനായിലെ വിചാരണ കോടതി നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചു. 2023-ൽ യെമൻ സുപ്രീം ജുഡീഷ്യൽ കൗൺസിൽ നിമിഷപ്രിയയുടെ അപ്പീൽ തള്ളി. എന്നാൽ, ദിയാധനം നൽകി ശിക്ഷയിൽനിന്ന് ഇളവ് നേടാനുള്ള അവസരം നൽകി. ഇതിനുപിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.
നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് വധശിക്ഷയ്ക്ക് പ്രസിഡന്റ് അനുമതി നൽകിയെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. വിഷയത്തിൽ ഇടപെടാൻ ഇറാനും സന്നദ്ധത അറിയിച്ചിരുന്നു.











