04:11am 23 September 2026
NEWS
നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം ഇടപെട്ടതായി ഒരു വിവരവുമില്ലെന്ന് കേന്ദ്രസർക്കാർ
17/07/2025  07:27 PM IST
nila
നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം ഇടപെട്ടതായി ഒരു വിവരവുമില്ലെന്ന് കേന്ദ്രസർക്കാർ

വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് കാന്തപുരം എപി അബുബക്കർ മുസ്ലിയാർ ഇടപെട്ടതായി അറിയില്ലെന്ന് കേന്ദ്രം. കേസിൽ കാന്തപുരം ഇടപെട്ടതായി ഒരു വിവരവുമില്ലെന്നായിരുന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചത്. അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കി കിട്ടാൻ കേന്ദ്രസർക്കാർ പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുക എന്നത് വളരെ സങ്കീർണമായ പ്രശ്നമാണെന്ന് വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. വിഷയത്തിൽ സാധ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുന്നുണ്ട്. വിഷയം ശ്രദ്ധാപൂർവം നിരീക്ഷിക്കുകയാണെന്നും സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുവരുത്തുമെന്നും രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. നിമിഷപ്രിയയ്ക്ക് വേണ്ടി മേഖലയിലെ സുഹൃദ് രാജ്യങ്ങളുമായും ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

കേസിൽ നിമിഷപ്രിയയ്ക്കായി നിയമസഹായം ഉറപ്പുവരുത്തി. കേസിൽ അഭിഭാഷകനെയും കേന്ദ്രസർക്കാർ ഏർപ്പാടാക്കിയിരുന്നു. നിമിഷയെ കാണാൻ അവരുടെ കുടുംബാംഗങ്ങൾക്ക് അവസരമൊരുക്കി. പ്രാദേശിക സർക്കാരുമായും നിമിഷയുടെ കുടുംബവുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. ഒത്തുതീർപ്പിലൂടെ ഒരു പരിഹാരം കാണാനായുള്ള യോജിച്ചുള്ള നീക്കങ്ങളും നടത്തി. ഇതിനെ തുടർന്ന് യെമനിലെ പ്രാദേശിക ഭരണകൂടം വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ഇത് ഒത്തുതീർപ്പ് ചർച്ചകൾക്ക് കൂടുതൽ സമയം നൽകി, അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img