03:47am 18 September 2026
NEWS
നിലമ്പൂർ അവസാനവാക്കല്ല; പ്രതീക്ഷയിൽ എൽ.ഡി.എഫ്
22/07/2025  08:01 PM IST
അഡ്വ. എം. മനോഹരൻപിള്ള
നിലമ്പൂർ അവസാനവാക്കല്ല; പ്രതീക്ഷയിൽ എൽ.ഡി.എഫ്

2021 ൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായിരുന്ന വി.വി. പ്രകാശിനെതിരെ 2700 വോട്ടിന്റെ ലീഡിൽ 81000 വോട്ടാണ് പി.വി. അൻവർ നേടിയതും ജയിച്ചതും. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജ് അരിവാൾ ചുറ്റിക നക്ഷത്രചിഹ്നത്തിൽ മത്സരിച്ചാണ് 66000 വോട്ടുപിടിച്ചത്. പി.വി.അൻവർ 20000 വോട്ട് നേടിയെങ്കിലും ജയിച്ച ആര്യാടൻ ഷൗക്കത്തിന് 11000 വോട്ടിന്റെ ഭൂരിപക്ഷമാണ് കിട്ടിയത്. അൻവറിന് 2021 ൽ കിട്ടിയ വോട്ടുപോലും ആര്യാടൻ ഷൗക്കത്തിന് കിട്ടിയില്ല.

ആദ്യമായാണ് 2011 നുശേഷം എൽ.ഡി.എഫ് ഒരു അമുസ്ലീം സ്ഥാനാർത്ഥിയെ നിലമ്പൂരിൽ പരീക്ഷിക്കുന്നത്. പാർട്ടിയുടെ കറ തീർന്ന ഹിന്ദുവോട്ടാണ് സ്വരാജ് പിടിച്ചത്. മുസ്ലീം വോട്ടുകളുടെ ഒരു സമാഹരണംതന്നെ ഷൗക്കത്തിന് അനുകൂലമായി നടന്നെങ്കിലും 11000 വോട്ടുമാത്രമാണ് ഷൗക്കത്തിന് അനുകൂലമായി കിട്ടിയത്.

ഹിന്ദുവോട്ടിൽ കണ്ണുംനട്ട്

മൂന്നാംവട്ട ഭരണപ്രതീക്ഷയുമായി ഇറങ്ങുന്ന എൽ.ഡി.എഫിന്റെ പ്രതീക്ഷ ഹിന്ദു- ക്രിസ്ത്യൻ വോട്ടുകളിലാണ്. കേരള കോൺഗ്രസ്സിന്റെ സഹായത്തോടെ ഇടുക്കി, കോട്ടയം, തൃശൂർ, മലബാറിലെ മലയോര മേഖലകൾ നേടിയെടുക്കാമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നത്. കാസർകോഡ്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ മുസ്ലീങ്ങൾക്കിടയിലുള്ള പാർട്ടി സ്വാധീനം ഉപയോഗിച്ച ചില ന്യൂനപക്ഷ കേന്ദ്രങ്ങളിൽ കയറിപ്പറ്റാനും പാർട്ടി ശ്രമങ്ങൾ നടത്തുന്നു. ബി.ജെ.പി-ആർ.എസ്.എസ് വിഭാഗങ്ങളുടെ കോൺഗ്രസ് വിരോധം പരമാവധി മുതലെടുത്ത് ഈഴവ- നായർ ഹിന്ദുവോട്ടുകളെ ഒരുമിച്ചുനിർത്തി കോൺഗ്രസ്സ് വോട്ടുകളെ ഭിന്നിപ്പിച്ചെടുക്കുന്ന തന്ത്രവും പാർട്ടി ആവിഷ്‌ക്കരിക്കുന്നുണ്ട്.

മുസ്ലീം തീവ്രവാദത്തിനും വർഗ്ഗീയതയ്ക്കും എതിരെ

ബി.ജെ.പിക്കെതിരായി തുടങ്ങിയ മുസ്ലീം തീവ്രവാദികളുടെയും യാഥാസ്ഥിതികവാദികളായ ജമാ അത്തെ ഇസ്ലാമിയുടെയും അതിന്റെ വർത്തമാനകാല രൂപമായ വെൽഫെയർ പാർട്ടിയുടെയുമെല്ലാം ഒരു മത്സരകവചം പാർലമെന്റ് തെരഞ്ഞെടുപ്പ് മുതൽ നൽകി വരുന്നത് മുസ്ലീം ലീഗാണ്. ആ പട്ടം ഇപ്പോൾ തമിഴ്‌നാട്ടിലും കർണ്ണാടകത്തിലും ആന്ധ്രയിലും പരീക്ഷിച്ചുകൊണ്ടിരിക്കുന്നത് ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗാണ്.
വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും പാലക്കാട്, ചേലക്കര, നിലമ്പൂർ ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ആ മുസ്ലീം കവചത്തിന് ഒരു പുറം പട്ടം കവചമായി വിരിച്ചുകൊണ്ടിരിക്കുകയാണ്. നിലമ്പൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻതന്നെ ആ പ്രചാരവേലയുടെ ദല്ലാൾപണി ഏറ്റിരിക്കുകയാണ്.

അൻവറിന്റെ പേരിൽ കോൺഗ്രസ്സിൽ അടിതുടങ്ങി

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുൻപ് പി.വി. അൻവറിനെ യു.ഡി.എഫിലെടുപ്പിക്കാൻ ഒരു വിഭാഗം നീക്കം കോൺഗ്രസ്സിൽ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. പുറത്തുനിന്ന് അതിന്റെ ചരടുവലികൾ നടത്തുന്നത് മുസ്ലീം ലീഗിലെ ചില നേതാക്കളാണ്. ലീഗിന്റെ കൂടെ അൻവർ കൂടി ചേർന്നാൽ മലപ്പുറം ജില്ലയിൽ കോൺഗ്രസിനെ ഒന്ന് ഇടിച്ചുതാഴ്ത്താം എന്നാണ് ലീഗിന്റെ പരിപാടി. അൻവറില്ലാതെ നിലമ്പൂരെ പഞ്ചായത്തുകൾ പിടിച്ചടക്കിയ യു.ഡി.എഫിന് എന്തിനീ അൻവർ എന്ന് ചോദ്യമാണ് രാഷ്ട്രീയകാര്യ സമിതിക്ക് മുമ്പിൽ വി.ഡി. സതീശൻ ഉന്നയിച്ചത്.

കെ. സുധാകരൻ, രമേശ് ചെന്നിത്തല, അടൂർ പ്രകാശ് എന്നിവരാണ് കളിക്കാൻ ലീഗിനെ വലിച്ചുരംഗത്തിടുന്നത്. കെ.സി. വേണുഗോപാലിന്റെ മൗനാനുവാദവും ഇതിന്റെ പിന്നിലുണ്ട്. സതീശനുണ്ടാകുന്ന ശത്രുക്കളെ പ്രോത്സാഹിപ്പിക്കുന്നത് കെ.സിയുടെ ഒരു സ്റ്റൈലാണ്. പണ്ട് മുൻമന്ത്രി അനിൽകുമാറിനെ ഇളക്കി വിട്ടതും കെ.സിയുടെ കരങ്ങൾ തന്നെയാണ്.

ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെടും

കണ്ണൂർ ജില്ലയിൽ കണ്ണൂർ, അഴീക്കോട്, കോഴിക്കോട് ജില്ലയിൽ നാദാപുരം, തിരുവമ്പാടി, മലപ്പുറം ജില്ലയിൽ തവന്നൂർ, അൻവർക്കുവേണ്ടി ബേപ്പൂർ, തൃശൂർ ജില്ലയിൽ ഗുരുവായൂർ, പാലക്കാട് ജില്ലയിൽ പട്ടാമ്പി, എറണാകുളം ജില്ലയിൽ മട്ടാഞ്ചേരി, കളമശ്ശേരി, ആലപ്പുഴ ജില്ലയിൽ കായംകുളം അല്ലെങ്കിൽ അരൂർ, കൊല്ലം ജില്ലയിൽ ഇരവിപുരം എന്നീ മണ്ഡലങ്ങളാണ് മുസ്ലീം ലീഗ് പുതുതായി ആവശ്യപ്പെടാൻ തീരുമാനിച്ചത്.

അഞ്ചാം മന്ത്രിയും, കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും വേണം

ഉമ്മൻചാണ്ടിയുടെ 2011 ലെ മന്ത്രിസഭയിൽ അഞ്ചാം മന്ത്രിസ്ഥാനത്തിന്റെ പേരിൽ മുസ്ലീംലീഗും എൻ.എസ്.എസ്സും തമ്മിൽ പരസ്യമായ സംഘർഷമുണ്ടായി. എന്നാൽ എൻ.എസ്.എസിനേക്കാൾ ലീഗും കോൺഗ്രസ് നേതൃത്വവും തമ്മിലാണ് അടുപ്പം.
കോൺഗ്രസ്സിന്റെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പൊതുവെ സമുദായ സംഘടനകളായ എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും എതിർക്കുന്ന ആളാണ്.

ഡെപ്യൂട്ടി മുഖ്യമന്ത്രിസ്ഥാനം പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കോൺഗ്രസ് ഉറപ്പ് നൽകിയിട്ടുണ്ട്. കെ.എം. മാണിയുടെ മരണശേഷം കേരളകോൺഗ്രസ്(എം) എൽ.ഡി.എഫ് പക്ഷത്തേക്ക് മാറുകയും ചെയ്തു. കേരള കോൺഗ്രസ്സ് തിരിച്ചുവരുമെന്ന് ലീഗും കേരളാകോൺഗ്രസ്സും പ്രതീക്ഷിക്കുന്നുമില്ല.

ഡെപ്യൂട്ടി മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത് വരുമെന്ന കാര്യത്തിൽ കേരളം നിരീക്ഷിച്ചുതുടങ്ങിയിരിക്കുന്നു. സി.പി.എം കരുതൽ 66000 ത്തോളം രാഷ്ട്രീയ അടിത്തറയുള്ള വോട്ടുനേടിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറാണ്. അതും അരിവാൾ ചുറ്റിക നക്ഷത്രചിഹ്നത്തിൽ മത്സരിച്ച്. വർഷങ്ങൾക്കുശേഷമാണ് സി.പി.എം ഒരു ഹിന്ദു സ്ഥാനാർത്ഥിയെ പരീക്ഷിക്കുന്നത്. പി.വി. അൻവറിനെ വെച്ചുനടത്തിയ പരീക്ഷണങ്ങൾക്കുശേഷം, ഒൻപത് കൊല്ലക്കാലം അൻവർ ആർജ്ജിച്ച പാർട്ടി അണികൾക്കിടയിലെ സ്വാധീനം ഒറ്റയടിക്ക് തിരിച്ചുപിടിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. സർക്കാർ സംവിധാനത്തെ കൈവെള്ളയിലിട്ട് അമ്മാനമാടി നടന്ന അൻവർ എം.എൽ.എ സ്ഥാനം രാജിവയ്ക്കുമെന്നും വെറും പത്തുമാസക്കാലത്തെ എം.എൽ.എ സ്ഥാനത്തിനുവേണ്ടി മത്സരിക്കാനിറങ്ങുമെന്നും സി.പി.എം കണക്കുകൂട്ടിയില്ല. ഭരണ സ്വാധീനം ഉപയോഗിച്ച് അൻവർ നടത്തിയ സ്വർണ്ണക്കള്ളക്കടത്ത് ഉൾപ്പെടെയുള്ള അഴിമഴികൾ തുറന്നുകാട്ടാൻ ആവശ്യത്തിലധികം സമയം കിട്ടിയെങ്കിലും വേണ്ടത്ര ഫലപ്രദമായി പ്രയോജനപ്പെടുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല. അൻവർ പിടിച്ച വോട്ടുകളിൽ പാർട്ടി അനുഭാവികളായ മുസ്ലീങ്ങളുടെ വോട്ടുകൂടിയുണ്ടായിരുന്നു.

സി.പി.എമ്മിനെതിരായി ഒരു മതമാകെ ഇറങ്ങിത്തിരിച്ച അവസ്ഥ അവിടെയുണ്ടായി. ജമാഅത്തെ ഇസ്ലാമിയും അതിന്റെ രാഷ്ട്രീയ വഷമായ വെൽഫെയർ പാർട്ടി വോട്ടറന്മാരും ഒരു സംരക്ഷണകവചം മതാടിസ്ഥാനത്തിൽ ഒരുക്കി കൊടുക്കാൻ മുസ്ലീം ലീഗിന് കഴിഞ്ഞു.
യു.ഡി.എഫ് ടീം എന്നൊക്കെ തെരഞ്ഞെടുപ്പുകഴിഞ്ഞും വി.ഡി. സതീശൻ ആഘോഷിക്കുന്നത് മുസ്ലീം മതാടിസ്ഥാനത്തിൽ കെട്ടിപ്പടുത്ത ആ ഐക്യം പുറത്തുവരാതിരിക്കാനാണ്.

അൻവർ എം.എൽ.എ എന്ന നിലയിൽ ഇടതുപക്ഷ സർക്കാരിന്റെ തണലിൽ നടത്തിയതായി പറയപ്പെടുന്ന അഴിമതികളും അതിക്രമങ്ങളും പുറത്തുകൊണ്ടുവരുന്നതിൽ എൽ.ഡി.എഫ് നേതൃത്വത്തിന്റെ പരാജയവും അതിനെയൊക്കെ നേരിടാൻ കാണിച്ച സർക്കാരിന്റെ അമാന്തവും ഇടതുപക്ഷത്തിന് ലഭിക്കേണ്ടുന്ന വോട്ടുകളെ സ്വാധീനിച്ചിട്ടുണ്ട്.
റീഗൽ എസ്റ്റേറ്റിനെതിരെയുള്ള കൊല്ലം സ്വദേശിയുടെ മരുമകന്റെ അൻവറിനെതിരായ പരിപാടികളുടെ അതിക്രമങ്ങളെ പുറത്തുകൊണ്ടുവരാൻ എൽ.ഡി.എഫ് എടുത്ത സാവകാശം അവർക്ക് തന്നെ വിനയായി. പി. ശശിയും അജിത്കുമാറിനെതിരായ പരാതികളിൽ ആർ.എസ്.എസ്‌വൽക്കരണ ആരോപണവും ഉയർത്തിയുള്ള അൻവറിന്റെ തുടക്കം പിന്നീട് പിണറായിലേക്ക് കേന്ദ്രീകരിക്കുന്നതുവരെ പാർട്ടി അനങ്ങിയില്ല. പാർട്ടിയുടെ ആ മൗനം സി.പി.ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ മുതലെടുത്തപ്പോൾ പാർട്ടി തടഞ്ഞുനിർത്തിയില്ല. അതുൾപ്പെടെ അൻവറിനെ പവിത്രനാക്കി.

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലും വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫിന് പിന്തുണ അൻവർ നൽകിയിട്ടും മുസ്ലീം തീവ്രവാദ ബന്ധത്തെ വിമർശിച്ചതല്ലാതെ ആ ഐക്യത്തിലുള്ള അൻവറിന്റെ ബന്ധം സി.പി.എം പുറത്ത് പരസ്യമായി വിമർശിച്ചില്ല.
ഒറ്റയ്ക്ക് മത്സരിച്ചതുവഴി ലീഗിന്റെ വോട്ടിംഗിലുണ്ടായിരുന്ന ഐക്യം ശിഥിലീകരിക്കപ്പെടുന്ന മുന്നണിയിലെ മറ്റ് കക്ഷികളായ സി.പി.ഐ, കേരളാകോൺഗ്രസ്(മാണി) ഗ്രൂപ്പ്, ആർ.ജെ.ഡി, എൻ.സി.പി, ഐ.എം.എൽ എന്നീ കക്ഷികളൊന്നും ഒന്നിച്ചുനിന്നില്ലെങ്കിലും അവയൊന്നും ഒരുമിച്ചു നിൽക്കുകയോ കെട്ടിപ്പടുക്കുകയോ ചെയ്തില്ല.

ലീഗിനെ സംബന്ധിച്ചിടത്തോളം മുന്നണിയാണ് ഒറ്റക്കെട്ടായി ഒരുമിച്ചു കെട്ടിപ്പെടുത്തത്. എന്നാൽ ജമാഅത്തെയും മുസ്ലീംലീഗും അതിന്റെ തീവ്രമുഖമായ പോപ്പുലർ ഫ്രണ്ടും എല്ലാം ഒരുമിച്ചു നിൽക്കുകയും ഒറ്റക്കെട്ടായി ഒരു കമ്മ്യൂണിറ്റി ഐക്യമായി ചേർന്നതാണ് മുന്നിട്ടു നിന്നത്. അതിന് മുൻകൈ എടുത്തത് മുസ്ലീംലീഗാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി വയനാട് മണ്ഡലത്തിൽ രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും ഉണ്ടാക്കിയ വമ്പിച്ച ഭൂരിപക്ഷത്തിലെ കൂട്ടായ്മയുടെ ഭാഗമായ  കൂട്ടായ്മയാണ് വയനാടിന്റെ ഭാഗമായ നിലമ്പൂരിലും ആഞ്ഞടിച്ചത്. അതുതന്നെയാണ് പി.വി. അൻവറിനേയും ഒരുമിച്ചു നിർത്തിയത്.

നിലമ്പൂരിൽ മുപ്പത്തിയഞ്ച് കൊല്ലങ്ങൾക്കുശേഷമാണ് എൽ.ഡി.എഫ് 2016 ലും 2021 ലും പഴയ കോൺഗ്രസുകാരനായ പി.വി. അൻവർ എൽ.ഡി.എഫിന്റെ ഭാഗമായി ഒത്തൊരുമിച്ചുനിന്നത്.ആ ഒൻപതുകൊല്ലക്കാലം നിലമ്പൂരിന്റെ മണ്ണിൽ ഒരുമിച്ചുനിന്ന് വിജയം നേടിയ ടി.കെ. ഹംസയും കെ.ടി. ജലീലും എല്ലാം മലപ്പുറം ജില്ലയിൽ ഉറച്ചു നിന്നത് സ്മരണകളിരമ്പിനിന്ന കുഞ്ഞാലിയുടെ ഓർമ്മകളിരമ്പിയ നിലമ്പൂരിന്റെ രക്തം പുരണ്ട മണ്ണിൽ നിന്നാണ്. ആ സ്മരണകളെ വിസ്മരിച്ചുകൊണ്ടാണ് പി.വി. അൻവർ വഞ്ചനയുടെ ചുവപ്പുകതിന കത്തിച്ചുകയറ്റിയത്.
പോലീസ് ഉദ്യോഗസ്ഥരുടെ ഭരണവും എസ്റ്റേറ്റ് അഴിമതികളും അതിക്രമങ്ങൾക്കും ഒപ്പം ഒരു സമാധാനഭരണം കെട്ടിപ്പടുത്ത ആ ഭരണസാമ്രാജ്യം തിരിച്ചറിയാൻ മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും കണ്ടെത്തിയ കാലതാമസവും മുതലാക്കാൻ അൻവർ നടത്തിയ വഞ്ചനകളാണ് സി.പി.എമ്മിനെ ചതിച്ചത്.

നിലമ്പൂർ ആവർത്തിക്കില്ല

എൽ.ഡി.എഫിൽ മുന്നണിക്ക് നയിക്കാൻ മുൻപന്തിയിൽ നിൽക്കുന്നത് പിണറായി വിജയൻ തന്നെയായിരിക്കും. നിലമ്പൂർ രണ്ടുതവണ എൽ.ഡി.എഫ് പിടിച്ചത് കോൺഗ്രസ്സുകാരനായ അൻവറെ ഉപയോഗിച്ചാണ്. ആ അൻവറെക്കൊണ്ട് തന്നെ രാഹുൽഗാന്ധിയുടെ ഡി.എൻ.എയുടെ അളവെടുപ്പിച്ചതും പിണറായി തന്നെ. ഇപ്പോൾ വി.ഡി. സതീശന് തലവേദനയുണ്ടാക്കാൻ അൻവറെ വിട്ടുനൽകിയിരിക്കുന്നതും പിണറായി തന്നെയാണ്.

പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ കണക്കൊന്നും കേരളത്തിൽ നോക്കണ്ട. 2019 ലും 2024 ലും കേരളം കണ്ടതാണ്. അത് ആവർത്തിക്കുമെന്ന പ്രത്യാശയാണ് കോൺഗ്രസും യു.ഡി.എഫും വച്ചുപുലർത്തുന്നത്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അവർ ഭയപ്പെടുന്നത് ബി.ജെ.പിയെയാണ് പ്രധാനമായും. തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞടുപ്പ് ഈ വർഷം ബി.ജെ.പിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ബിജുരമേശ് കെ.എം. മാണിക്കെതിരെ പണ്ട് ബാർ അഴിമതി ഉന്നയിച്ചതാണ്. വി.എസ്. ശിവകുമാർ ബി.ജെ.പിയിലേക്ക് പോകുമെന്നുകേട്ടപ്പോൾ ആരോപണവുമായി ബിജുരമേശിനെ ഇറക്കിയിരിക്കുന്നതിന്റെ പിന്നിൽ ബന്ധുവായ അടൂർ പ്രകാശ് എന്ന യു.ഡി.എഫ് കൺവീനറുടെ പേരും കേൾക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img