
കേരള രാഷ്ട്രീയത്തിന്റെ ദിശാ സൂചികയാകുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഇന്നു രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണൽ. ചുങ്കത്തറ മാർത്തോമ്മ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകൾ എട്ടരയോടെ പുറത്തുവരും. മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കിൽ 11 മണിക്കുള്ളിൽ ഫലപ്രഖ്യാപനം നടക്കുമെന്നാണ് പ്രതീക്ഷ. ഏറെ വീറും വാശിയും നിറഞ്ഞ ഉപതെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തും.
19 റൗണ്ടായാണ് വോട്ടെണ്ണുക. ഓരോ റൗണ്ടിലും 14 വീതം പോളിങ്ബൂത്തുകൾ ഉണ്ടാകും. മൊത്തം 263 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിന് ഉണ്ടായിരുന്നത്. 1,76,070 പേരാണ് വോട്ടുചെയ്തത്. ഇതിൽ 1403 പോസ്റ്റൽവോട്ടുകളാണ്. ഇതാദ്യം എണ്ണും. പിന്നെ സർവീസ് വോട്ടുകൾ. അതിനുശേഷം ഇലക്ട്രോണിക് യന്ത്രത്തിലെ വോട്ടെണ്ണും. വഴിക്കടവ്, മൂത്തേടം, കരുളായി, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും അവസാനം അമരമ്പലം പഞ്ചായത്തുമാണ് എണ്ണുക.
പി.വി. അൻവറിന്റെ വിജയത്തിനിടയിലും യുഡിഎഫിന് ഭൂരിപക്ഷം നൽകുകയും അവർ ഭരിക്കുകയും ചെയ്യുന്ന പഞ്ചായത്താണ് വഴിക്കടവ്. ആദ്യമെണ്ണുന്നത് ഇവിടത്തെ തണ്ണിക്കടവ് ബൂത്തിലെ വോട്ടാണ്. ഉയർന്ന വോട്ടിങ് ശതമാനമാണ് മുന്നണികളെ ആശയിലും ഒപ്പം ആശങ്കയിലുമാക്കുന്നത്.
പതിനായിരം വോട്ടിനെങ്കിലും ജയിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്. തങ്ങളുടെ സ്ഥാനാർത്ഥി എം. സ്വരാജിന് ലഭിച്ച ജനകീയപിന്തുണയാണ് എൽഡിഎഫിന്റെ പ്രതീക്ഷ. പതിനായിരം വോട്ടെങ്കിലും പിടിച്ചാൽ തന്റെ നിലപാടിന് ജനപിന്തുണയുണ്ടെന്ന് തെളിയിക്കാമെന്നാണ് പി.വി. അൻവർ കരുതുന്നത്. കഴിഞ്ഞതവണത്തെ 8500 എന്ന അക്കത്തെ പതിനായിരം കടത്താനാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ്.











