01:05am 29 October 2026
NEWS

ഒന്നുമില്ലെന്ന് പറഞ്ഞ അൻവറിന്റെ ഒന്നാം ഭാര്യക്ക് 8.78 കോടി രൂപയുടെ സ്വത്ത്, രണ്ടാം ഭാര്യക്ക് 3.50 കോടി രൂപയും; മുൻ എംഎൽഎയുടെ ആകെ സ്വത്തുമൂല്യം 52.21 കോടി രൂപ

03/06/2025  10:58 AM IST
nila
 ഒന്നുമില്ലെന്ന് പറഞ്ഞ അൻവറിന്റെ ഒന്നാം ഭാര്യക്ക്  8.78 കോടി രൂപയുടെ സ്വത്ത്, രണ്ടാം ഭാര്യക്ക്  3.50 കോടി രൂപയും; മുൻ എംഎൽഎയുടെ ആകെ സ്വത്തുമൂല്യം 52.21 കോടി രൂപ

മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി.അൻവറിന്റെ ആകെ സ്വത്തുമൂല്യം 52.21 കോടി രൂപ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമർപ്പിച്ച നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അൻവർ തന്റെ ആസ്തിവിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കണണെന്ന് ആ​ഗ്രഹമുണ്ടെന്നും എന്നാൽ, തന്റെ കൈവശം സമ്പത്തൊന്നുമില്ല എന്നുമായിരുന്നു രണ്ടു ദിവസം മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിൽ പി വി അൻവർ പറഞ്ഞിരുന്നത്. 52.21 കോടി രൂപ നിസ്സാര തുകയാണോ എന്ന ചോദ്യവും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്. 

പി വി അൻവറിന്റെ കൈവശം പണമായുള്ളത് 25,000 രൂപയാണ്. നിക്ഷേപവും മറ്റുമായി ആകെ 18.14 കോടി രൂപയുമുണ്ട്.ഭൂമിയും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളും ഉൾപ്പെടെയുള്ളവയുടെ മൂല്യം 34.07 കോടി. ഒരു ഭാര്യയുടെ പേരിൽ ആകെ 8.78 കോടി രൂപ മൂല്യമുള്ള സ്വത്തും രണ്ടാമത്തെ ഭാര്യയുടെ പേരിൽ 3.50 കോടി രൂപ മൂല്യമുള്ള സ്വത്തുമുണ്ട്. തനിക്ക് 20.60 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും അൻവർ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തുന്നു. 

ജീവിത പങ്കാളികളുടെ തൊഴിലെന്ത് എന്ന ചോദ്യത്തിന് ‘സ്വസ്ഥം ഗൃഹഭരണം’ എന്ന് അൻവർ മറുപടി നൽകുന്നു.  സ്വന്തം തൊഴിൽ വ്യവസായ സംരംഭമെന്നും വരുമാന സ്രോതസ് കച്ചവടം എന്നുമാണ് മറുപടി. തനിക്കെതിരെ 10 കേസുകളുണ്ടെന്നും അൻവർ വ്യക്തമാക്കുന്നുണ്ട്.  മലപ്പുറം ജില്ലയ്ക്കു പുറമേ കോട്ടയം, പാലക്കാട്, തൃശൂർ ജില്ലകളിലും വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. ഇതിനു പുറമേ ഹൈക്കോടതിയിലും കണ്ണൂർ കോടതിയിലും വ്യവഹാരങ്ങളുണ്ട്. നിലമ്പൂർ ഡിഎഫ്ഒ ഓഫിസ് ആക്രമണം, ഉന്നതോദ്യോഗസ്ഥരുടെ ഫോൺ ചോർത്തൽ, ഔദ്യോഗിക രഹസ്യം മാധ്യമങ്ങൾക്ക് നൽകൽ, ആശുപത്രിയിൽ അതിക്രമം കാണിക്കൽ, പ്രകോപനപരമായ പ്രസംഗം, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കേസുകളുണ്ട്. ഇതിനു പുറമേ മനാഫ് വധക്കേസിൽ വിട്ടയച്ചതിനെതിരെ മനാഫിന്റെ സഹോദരൻ നൽകിയ റിവിഷൻ ഹർജിയാണ് ഹൈക്കോടതിയിലുള്ളത്.

അതേസമയം, നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന്റെ ആകെ സ്വത്തുമൂല്യം 63.90 ലക്ഷം രൂപയാണ്. ഒമ്പതു ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. കൈവശം 1,200 രൂപയും നിക്ഷേപമടക്കം ആകെ 1.40 ലക്ഷം രൂപയുടെ ജംഗമ ആസ്തിയുമുണ്ട്. ഭൂമിയടക്കമുള്ള സ്താവര ആസ്തിയുടെ ആകെ മൂല്യം 62.55 ലക്ഷം. സ്വന്തമായി വാഹനമില്ല.

ജീവിതപങ്കാളിയുടെ ആകെ സ്വത്ത് മൂല്യം 94.91 ലക്ഷം. ബാധ്യത 25.47 ലക്ഷം. കൈവശമുള്ളത് 550 രൂപ. 18 ലക്ഷം രൂപ മൂല്യം വരുന്ന 25 പവൻ സ്വർണാഭരണങ്ങളുണ്ട്. ഇതടക്കം ആകെ 74.91 ലക്ഷം രൂപ. ഭൂമിയടക്കമുള്ള സ്വത്തിന്റെ മൂല്യം 20 ലക്ഷം രൂപയും. ഭാര്യയുടെ പേരിൽ 2 വാഹനങ്ങളുണ്ട്. സ്വരാജിനെതിരെ കോടതിയിലുള്ളത് ഒരു കേസാണ്. തിരുവനന്തപുരത്ത് 2014 ൽ നടന്ന സമരത്തെത്തുടർന്നെടുത്തതാണിത്. കേസിൽ ശിക്ഷിച്ചെങ്കിലും നിലവിൽ അപ്പീൽ നൽകിയിരിക്കുകയാണ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img