04:26am 07 November 2026
NEWS
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വി.ഡി സതീശൻ വിജയിച്ചു, പി.വി അൻവറും.!
26/06/2025  12:06 PM IST
നെല്ലിക്കുത്ത് ഹനീഫ.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വി.ഡി സതീശൻ വിജയിച്ചു, പി.വി അൻവറും.!
HIGHLIGHTS

പി.വി അൻവർ വീണ്ടും ചർച്ചകളിൽ നിറയുന്നു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യഥാർത്ഥ വിജയികൾ പ്രതിപക്ഷ നേതാവ്
വി.ഡി സതീശനും, പിണറായിസത്തിനെതിരെ ഒറ്റയാൾ പോരാട്ടം നയിച്ച പി.വി
അൻവറുമാണ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ വി.ഡി സതീശൻ
അൻവറിനെതിരെ കൈ കൊണ്ട കടുത്ത നിലപാടുകൾ തന്നെയാണ് വിജയത്തിന്റെ
കാതൽ. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷവും സതീശൻ അതേ നിലപാട്
തുടരുകയുമാണ്. ഒരു വ്യക്തിയ്ക്ക് വേണ്ടി മുന്നണി വഴങ്ങിക്കൊടുക്കുന്ന
കീഴ്‌വഴക്കം പാടില്ലെന്നാണ് സതീശന്റെ നിലപാട്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ
മത്സരിച്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം സ്വരാജ് ഏറ്റവും
മികച്ച സ്ഥാനാർത്ഥി തന്നെയാണ്. സർവ്വ ഗുണ സമ്പൂർണ്ണ വ്യക്തിയായ
സ്വരാജിന്റെ അതിയോഗ്യത വിലയിരുത്തി തന്നെയാണ് പാർട്ടി അദ്ദേഹത്തെ
നിലമ്പൂരിൽ മത്സരിപ്പിച്ചതും. സുന്ദരൻ, വിദ്യാസമ്പന്നൻ, പ്രാസംഗികൻ,
തത്വജ്ഞാനി, ആദർവാദി അങ്ങനെ പോകുന്നു സ്വരാജിന്റെ യോഗ്യതകൾ.
ജന്മനാട്ടിലെ അഭിമാന പോരാട്ടത്തിൽ, പാർട്ടി വോട്ടുകൾക്ക് പുറമെ പുതു
തലമുറയുടെ വോട്ടുകളും, നിഷ്പക്ഷ വോട്ടുകളും, യു.ഡി.എഫിലെ ഷൗക്കത്ത്
വിരുദ്ധ വോട്ടുകളും ഏകീകരിക്കാൻ സ്വരാജിലൂടെ സാധിക്കും എന്നായിരുന്നു
സി.പി.എമ്മിന്റെ കണക്ക് കൂട്ടൽ. എന്നിട്ട് പോലും സ്വരാജ് പരാജയപ്പെട്ടു. എന്ത്
കൊണ്ട് എന്ന ചോദ്യം പാർട്ടിയെ കുഴക്കുന്നുണ്ട്. 1996-ൽ കെ കരുണാകരൻ തൃശൂർ
ലോകസഭാ സീറ്റിൽ പരാജയപ്പെട്ടപ്പോൾ, പത്രക്കാർ അദ്ദേഹത്തോട് തോൽവിയുടെ
കാരണം ആരാഞ്ഞപ്പോൾ, എതിരാളിയ്ക്ക് എന്നെക്കാളേറെ വോട്ട് കിട്ടി
എന്നായിരുന്നു മറുപടി. ഈ മറുപടി തോൽവിയുടെ ഗണിതപരമായ ഒരു
വ്യാഖ്യാനമാണ്. ചാലക്കുടിയിൽ പനമ്പിള്ളി സി.ജി ജനാർദ്ദനനോട്
പരാജയപ്പെട്ടപ്പോഴും, തോൽവിയെക്കുറിച്ച് ചോദിച്ച പത്രക്കാരോട് പനമ്പിള്ളി
പറഞ്ഞത് ''പഴത്തൊലി ചവിട്ടിയാലും വീഴും'' എന്നതായിരുന്നു മറുപടി.

ഇതാകട്ടെ, തോൽവിയുടെ ശാക്തിക വ്യാഖ്യാനമാണ്. ഇനിരാഗാന്ധി തോറ്റതും,
ഇ.എം.എസ് തോറ്റതുമെല്ലാം തോൽവിയുടെ ചരിത്രപരമായ വ്യാഖ്യാനമായി
പറയാം. നിലമ്പൂരിൽ സ്വരാജിനുണ്ടായ പരാജയത്തിന് ഒരു നിഗൂഢ
വ്യാഖ്യാനമാണ്. അതിനെ അൻവറിസമെന്നും, ഭരണ വിരുദ്ധത എന്നും ഒന്നിച്ചോ,
വേറിട്ടോ വ്യാഖ്യാനിക്കാനാകും.

അൻവർ എന്ന ഒറ്റയാൻ.

ആരുടേയും പ്രത്യക്ഷ പിന്തുണയില്ലാതെ, പത്രസമ്മേളനത്തിൽ മാത്രം
ഒതുങ്ങിയുള്ള പ്രചാരണത്തിലൂടെ, മൂന്ന് മുന്നണികൾക്കുമെതിരെ സ്വതന്ത്രനായി
മത്സരിച്ച അൻവർ 20,000-ത്തോളം വോട്ടുകൾ നേടിയത്
നിസ്സാരവത്ക്കരിക്കാനാകില്ല. നിലമ്പൂരിൽ അൻവറിന്റേതായ വോട്ടുകൾ 5,000
വന്നേക്കും എന്നായിരുന്നു സി.പി.എം വിലയിരുത്തിയിരുന്നത്.
ഉപതെരഞ്ഞെടുപ്പിൽ അൻവറിന്റേയും, യു.ഡി.എഫിന്റേയും പ്രചാരണം ഒരേ
കാര്യമായതിനാൽ യു.ഡി.എഫിന്റെ വോട്ടുകളായിരിക്കും പിളരുക
എന്നതായിരുന്നു സി.പി.എം ഗണിച്ചിരുന്നതും. മുന്നണികൾ സർവ്വായുധങ്ങളും
അങ്ങേയറ്റം പയറ്റി മത്സരിച്ച ഒരു മണ്ഡലത്തിൽ ഒറ്റയ്ക്ക് നിന്ന് ഇത്രയേറെ
വോട്ടുകൾ നേടാനാവുക എന്നത് ഒട്ടും കുറച്ച് കാണാനാകില്ല. ആ നിലയ്ക്ക് പി.വി
അൻവർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതായി തന്നെ
വ്യാഖ്യാനിക്കേണ്ടതായി വരുന്നു. സി.പി.എമ്മുമായി ഇടഞ്ഞും,
കോൺഗ്രസ്സിനോട് കയർത്തും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സര രംഗത്ത്
ചുറ്റിത്തിരിഞ്ഞ അൻവർ അക്ഷരാർത്ഥത്തിൽ ഒറ്റയാൻ തന്നെയാണ്. അഭ്യന്തര
വകുപ്പിലെ സംഘി വത്കരണം, തൃശൂർ പൂരം കലക്കൽ, മറുനാടനെതിരെയുള്ള
പോരാട്ടം, കർഷകർ നേരിടുന്ന വന്യജീവി ആക്രമണം തുടങ്ങി അൻവർ
ഉയർത്തിയ വിഷയങ്ങൾ പ്രസക്തമായിരുന്നു. ഇരുപതിനായിരത്തോളം
വോട്ടർമാർ അത് പരിഗണിച്ചതോടെ, ബി.ജെ.പി സ്ഥാനാർത്ഥി മോഹൻ ജോർജ്ജ്
നാലാം സ്ഥാനത്തുമായി. യു.ഡി.എഫ് സ്ഥാനാർത്ഥി ഷൗക്കത്ത് 77,737,
എൽ.ഡി.എഫ് സ്ഥാനാർത്ഥി എം സ്വരാജ് 66,660, പി വി അൻവർ 19760, എൻ.ഡി.എ
സ്ഥാനാർത്ഥി മോഹൻ ജോർജ്ജ് 8648, എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഡ്വ.
സാദിഖ് നടുത്തൊടി 2075 വോട്ടുകൾ എന്നിങ്ങനെയാണ് നിലമ്പൂരിലെ വോട്ട്
ഗണിതം.
അൻവർ പതിനായിരത്തിൽ കൂടുതൽ വോട്ടുകൾ നേടിയാൽ അത് യു.ഡി.എഫിന്
ക്ഷീണം വരുത്തും എന്നായിരുന്നു ചിലർ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ
അൻവർ നിലംപരിശാക്കിയത് ഇടത് പക്ഷത്തെ തന്നെയാണ്. രണ്ടാം പിണറായി
സർക്കാരിന് ഇതാദ്യായാണ് ഒരു സിറ്റിങ് സീറ്റ് നഷ്ടപ്പെടുന്നത്. നിലമ്പൂരിലെ കനത്ത
പരാജയം കുറച്ചൊന്നുമല്ല എൽ.ഡി.എഫി നെ അസ്വസതമാക്കുന്നത്. അണികളുടെ

ആവേശവും, മണ്ഡലം ഇളക്കി മറിച്ച് കൊണ്ടുള്ള പ്രചാരണങ്ങളും എന്ത് കൊണ്ട്
വോട്ടായി മാറിയില്ല എന്ന ചോദ്യം എൽ.ഡി.എഫി നുള്ളിൽ ഉയർന്ന് കഴിഞ്ഞു.
2006-ന് ശേഷം, അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ സ്വന്തം നാട്ടുകാരൻ
സ്ഥാനാർത്ഥി ആയി മത്സരിക്കുന്നതിന്റെ അത്യാവേശം നിലമ്പൂരിലെ സി.പി.എം
പ്രവർത്തകരിലുണ്ടായിരുന്നു. മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നും മണ്ഡലം
നില നിർത്താനാകുമെന്നുംപാർട്ടി നേതാക്കൾ പ്രതീക്ഷിച്ചതുമാണ്. എന്നാൽ ഫലം
മറിച്ചായി. വോട്ടെണ്ണിയ ആദ്യ 8 റൗണ്ടുകളിൽ വ്യക്തമായ ലീഡാണ് യുഡിഎഫ്
നേടിയത്. ആ ലീഡ് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിലൂടെ മറി കടക്കാൻ കഴിയും
എന്നായിരുന്നു എൽ.ഡി.എഫി ന്റെ പ്രതീക്ഷ. അതും പാളി. സ്വരാജിന്റെ സ്വന്തം
പഞ്ചായത്തായ പോത്തുകല്ലിൽ ചെറിയ ലീഡ് വന്നെങ്കിലും, വോട്ടെണ്ണൽ
പുരാഗമിച്ചതോടെ പോത്തുകല്ല് പഞ്ചായത്തിലും ആര്യാടൻ ഷൗക്കത്ത് മുന്നേറി.
എൽ.ഡി.എഫ് ഭരിക്കുന്ന നിലമ്പൂർ നഗരസഭയിലും യു.ഡി.എഫ് കുതിച്ചത് ഇടത്
കേന്ദ്രങ്ങളെ ഞെട്ടിച്ചു. എൽ.ഡി.എഫ് വോട്ടുകൾ ഭിന്നിക്കില്ലെന്നും കൃത്യമായി
പോൾ ചെയ്യപ്പെടും എന്നതായിരുന്നു പാർട്ടി വിലയിരുത്തിയിരുന്നത്. അതും
പാളി. മുഖ്യമന്ത്രിയും, മന്ത്രിമാരും ക്യാമ്പ് ചെയ്ത് പ്രചാരണം നയിച്ചിട്ടും,
പാർട്ടിയുടെ മറ്റെല്ലാ സംവിധാനങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചിട്ടും
സിറ്റിംഗ് സീറ്റ് കൈവിടുകയായിരുന്നു. പാർട്ടിയ്ക്ക് ഇതിൽപ്പരം തിരിച്ചടി
വേറെയില്ല. പാർട്ടിയ്ക്ക് മാത്രമല്ല, സ്വരാജ് എന്ന യുവ നേതാവിനും നിലമ്പൂർ
പരാജയം വലിയ ക്ഷീണം തന്നെയാണ്. സ്വന്തം നാട്ടിലെ തോൽവി എന്നത്
തന്നെയാണ് പ്രധാനം. നിലമ്പൂരിൽ വിജയിച്ചാൽ സ്വരാജ് മന്ത്രിയാകുമെന്ന് ഇടത്
സൈബർ പോരാളികൾ പ്രചാരണവും നടത്തിയിരുന്നു. അതെല്ലാം തന്നെ
വൃഥാവിലായി.

സി.പി.എമ്മിന് പഠിയ്‌ക്കേണ്ടി വന്നത്.

യു.ഡി.എഫി ന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം പ്രചാരണ ആയുധമാക്കി, ഇതര
സമുദായ വോട്ടുകൾ ഏകീകരിക്കപ്പെടുമെന്ന സി.പി.എം കണക്ക് കുട്ടലും അപ്പാടെ
പാളി. തൃക്കാക്കരയും, പുതുപ്പള്ളിയും, പാലക്കാടും നടന്ന
ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് വിജയിച്ചപ്പോൾ, അതൊക്കെ
കോൺഗ്രസ്സിന്റെ സിറ്റിംഗ് സീറ്റുകൾ ആണെന്ന് പറഞ്ഞ് പിടിച്ച് നിൽക്കാൻ
സി.പി.എമ്മിന് കഴിഞ്ഞു. ചേലക്കരയിൽ രമ്യ ഹരിദാസിനെ യു, ആർ പ്രദീപ്
പരാജയപ്പെടുത്തിയപ്പോൾ സി.പി.എം വാദത്തിന് കൂടുതൽ ബലം കിട്ടുകയും
ചെയ്തു. വർഗ്ഗീയതയിൽ ഊന്നിയുള്ള പ്രചാരണങ്ങൾക്ക് മലയാളികൾ എന്ത് വില
കൽപ്പിക്കുന്നു എന്നതിന് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം വലിയ ഉത്തരമാണ്
നൽകിയത്. ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ തന്നെ കളത്തിലിറക്കിയിട്ടും

പരാജയം ഏറ്റ് വാങ്ങിയതോടെ, അത്തരം വാദങ്ങൾ ഇനി ഉയർത്താനും ആകില്ല.
മാത്രമല്ല ഭരണ വിരുദ്ധ വികാരമില്ല എന്നവകാശപ്പെട്ട്, വരാനിരിക്കുന്ന
തെരഞ്ഞെടുപ്പുകളെ ഇടത് മുന്നണിക്ക് നേരിടാനുമാകില്ല. അടിയുറച്ച വോട്ട്
ബാങ്കിലും ചോർച്ച ഉണ്ടാകാമെന്ന പാഠവും ഇടത് കേന്ദ്രങ്ങൾക്ക്
മനസ്സിലാക്കാനായി. പിണറായി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ
ചൂണ്ടിക്കാട്ടിയായിരുന്നു സ്വരാജ് വോട്ട് ചോദിച്ചിരുന്നത്. പ്രചാരണങ്ങളിൽ
നാടിന്റെ വികസന കാര്യങ്ങളും, ജനക്ഷേമ പദ്ധതികൾക്കുമാണ് ഊന്നൽ
നൽകിയതും. അതെല്ലാം മണ്ഡലത്തിൽ ചർച്ചയാക്കാൻ ശ്രമിച്ചെങ്കിലും ഒന്നും
തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതുമില്ല. വന്യമൃഗശല്യം പ്രചാരണ വിഷയമാക്കിയ
അൻവറിന് മലയോര മേഖലകളിൽ വോട്ടുകൾ ലഭിച്ചത് കാണാതിരിക്കാനാകില്ല.
പോളിങ് ദിനത്തിൽ ഒരു വയോധികൾ പാലക്കാട് കാട്ടാന ആക്രമണത്തിൽ
കൊല്ലപ്പെട്ടു.

ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും, അൻവറിനെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ
ലൈവായി തുടരുകയാണ്. മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച്, പിന്നീട് മത്സര
രംഗത്ത് വന്ന അൻവറിന്റെ രാഷ്ട്രീയ തീരുമാനം ശരി തന്നെ ആയിരുന്നു എന്ന്
തെളിയിക്കുക, മാത്രമല്ല ഉപതെരഞ്ഞെടുപ്പിൽ അൻവർ നേടിയ വോട്ടുകൾ
എപ്രകാരമാണ് എന്നതും ചർച്ച ചെയ്യുപ്പെടുന്നു. അൻവർ പിടിച്ചത് ആരുടെ
വോട്ട് എന്നതാണ് മുഖ്യ ചർച്ച. ഏതാണ്ട് ഇരുപതിനായിരം വോട്ട് പിടിച്ച് ഈ
തെരഞ്ഞെടുപ്പിൽ അൻവർ താരമായത് എൽ.ഡി.എഫിന്റേയും,
യു.ഡി.എഫിന്റേയും വോട്ട് ചോർത്തി കൊണ്ടാണ്. 2021-ൽ ഇടത് പക്ഷത്തിന്
ലഭിച്ച വോട്ടുകളേക്കാൾ 14,567 വോട്ടുകളുടെ കുറവാണ് ഇത്തവണ ഉള്ളത്. അന്ന്
2,700 വോട്ടുകൾക്കാണ് വി.വി പ്രകാശിനെ അൻവർ പരാജയപ്പെടുത്തിയത്. അന്ന്
അൻവർ നേടിയ 81,227 വോട്ടുകളിൽ നിന്ന്, ഇന്ന് 66,660 വോട്ടുകളായി കുറഞ്ഞു.
അതോടൊപ്പം അന്ന് വിവി പ്രകാശ് 78,527 വോട്ടുകൾ നേടിയിടത്ത്, ഇത്തവണ
77,737 വോട്ടുകളാണ് ആര്യാടൻ ഷൗക്കത്തിന് ലഭിച്ചത്. അതായത് 790 വോട്ടുകൾ
യു.ഡി.എഫിനും കുറഞ്ഞു. എസ്.ഡി.പി.ഐ യുടെ വോട്ടുകളിലും ഇടിവുണ്ടായി.
1206 വോട്ടുകളാണ് അവർക്ക് കുറഞ്ഞത്. ഈ വോട്ടുകൾ അൻവറിന്റെ
പെട്ടിയിൽ വീണിരിക്കാം എന്നതാണ് സൂചകം.

അൻവറും യു.ഡി.എഫും.

സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സര രംഗത്ത് ചുറ്റിത്തിരിഞ്ഞ അൻവർ ആരുടേയും
പിന്തുണയില്ലാതെ സ്വരൂപിച്ച 19,760 വോട്ടുകൾ തെളിയിച്ചത് നിലമ്പൂരിലെ
അൻവർ ഫാക്ടർ തന്നെയാണ്. തന്റെ കരുത്തറിയിക്കുക എന്ന ലക്ഷ്യം

നിറവേറിയ സ്ഥിതിയ്ക്ക് തന്റെ നേട്ടം ചൂണ്ടിക്കാട്ടിയാകും അൻവറിന്റെ
രാഷ്ട്രീയ നീക്കങ്ങളുണ്ടാവുക. യു.ഡി.എഫിനൊപ്പം മുന്നോട്ട് പോകാനുള്ള
സാഹചര്യം ഉണ്ടായാൽ അത് ആലോചിക്കുമെന്നാണ് അൻവർ പറയുന്നത്.
സി.പി.എമ്മുമായി ഇടഞ്ഞും, കോൺഗ്രസ്സിനോട് കയർത്തും നിലകൊണ്ട
അൻവറിനെ യു.ഡി.എഫിൽ എടുക്കാത്തതിൽ കോൺഗ്രസ്സിനുള്ളിലും,
മുസ്ലിംലീഗിലും നേരത്തെ തന്നെ അതൃപ്തി പുകഞ്ഞിരുന്നു. പല ഘട്ടങ്ങളിലും
ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാടിനെതിരെ
യു.ഡി.എഫിൽ അസ്വസ്ഥതകളും ഉടലെടുത്തിരുന്നു. മുസ്ലിംലീഗിലും,
സമസ്തയിലും വരെ അത് പ്രകടമായിരുന്നു. പ.വി അൻവർ നിലമ്പൂർ
മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചതോടെ, തെരഞ്ഞെടുപ്പ് ഫലം വന്നതിന്
തൊട്ട് പിറകെയായി പുതിയ രാഷ്ട്രീയ ചർച്ചകൾക്കും തുടക്കം കുറിച്ചിട്ടുണ്ട്.
കാൺഗ്രസ്സ് സ്ഥാനാർത്ഥിയെ പി.വി അൻവർ നിശ്ചയിക്കേണ്ടതില്ല എന്ന്
പ്രഖ്യാപിച്ച് ഉറച്ച നിലപാട് എടുക്കുകയും, തെരഞ്ഞെടുപ്പിന്റെ പടിവാതിൽ
വരെ കോൺഗ്രസ്സ് യുവ നേതാക്കളും, മുസ്ലിംലീഗ് നേതൃത്വവും വരെ ശ്രമിച്ചിട്ടും
അൻവറുമായി ഒരു ഒത്ത് തീർപ്പിനും തയ്യാറാകാതിരുന്ന വി.ഡി സതീശൻ
ഇപ്പോഴും അതേ നിലപാട് തുടരുകയാണ്. വരാനിരിക്കുന്ന നിയമസഭാ
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അൻവറിനെ കൂടെ നിർക്കണം എന്ന് തന്നെയാണ്
മുസ്ലിംലീഗിന്റെ നിലപാട്. അൻവറിന്റെ യു.ഡി.എഫ് പ്രവേശം തള്ളിക്കളയുന്ന
സാധ്യത ഇല്ലെന്നാണ് കെ.പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫിന്റെ
പ്രസ്താവനയും സൂചിപ്പിക്കുന്നത്. പിണറായി ഇസത്തിനെതിരെ പോർമുഖം
തുറന്ന അൻവറിന് മുന്നിൽ അടഞ്ഞ് കിടന്ന യു.ഡി.എഫിന്റെ വാതിൽ വീണ്ടും
തുറന്നേക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് അൻവർ.
യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കാൻ അൻവറുമായി
നയപരമായ ധാരണ ഉണ്ടാക്കണമെന്നുള്ള ലീഗ് നിലപാടിനോട് വി.ഡി സതീശൻ
പിന്തിരിഞ്ഞ് നിന്നതും, അൻവറിന്റെ സമ്മർദ്ദ തന്ത്രങ്ങളെ അവഗണിച്ച് കൊണ്ട്
തന്നെ ഉപ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാനാണ് വി.ഡി സതീശൻ
തീരുമാനിച്ചതും. പ്രതിപക്ഷ നേതാവായ ശേഷം യു.ഡി.എഫിന്റെ മൂന്ന്
സീറ്റുകളിലും മുൻകാല തെരഞ്ഞെടുപ്പിനേക്കാൾ കൂടിയ ഭൂരിപക്ഷം നേടിയാണ്
കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ വിജയിച്ചത്. അവിടങ്ങളിലെല്ലാം പ്രചാരണത്തിന്
നേതൃത്വം നൽകിയതും വി.ഡി സതീശൻ തന്നെയാണ്. അപായ സാധ്യത
അവഗണിച്ചുള്ള വലിയ സാഹസം കാണിക്കാനുള്ള ധൈര്യമാണ് വി.ഡി.സതീശൻ
കാണിച്ചത്. മുന്നണി നേതാക്കളെ ഒന്നടങ്കം അവഗണിച്ച് അൻവറിനെ പുറത്ത്
നിർത്താൻ വി.ഡി സതീശൻ കരുത്ത് കാണിച്ചു. യു.ഡി.എഫിന്റെ വോട്ട് അൻവർ
ചോർത്തുമെന്ന ആശങ്ക പ്രസക്തിയില്ലാത്തതാണെന്ന് വാദിച്ചു. എന്നാൽ ലീഗിനോ,

മറ്റ് നേതാക്കൾക്കോ അത് ബോധ്യമായതുമില്ല. ചുരുക്കത്തിൽ നിലമ്പൂരിലെ
വിജയത്തോടെ വി.ഡി.സതീശന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി
ഉയർന്നു. അടുത്ത തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ നായകൻ കോൺഗ്രസ്സിലെ
കരുത്തനായ വി.ഡി.സതീശൻ തന്നെയാകും.
മലബാറിൽ കോൺഗ്രസ്സിന്റെ കരുത്ത് മുസ്ലിംലീഗിന്റെ പിന്തുണയാണ്.
വയനാട്ടിൽ സ്വന്തം പതാക പോലും അപമാനിക്കപ്പെട്ടിട്ടും മുസ്ലിംലീഗ്
കോൺഗ്രസ്സിനൊപ്പം നിൽക്കുന്നത് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും
കോൺഗ്രസ്സ് സഖ്യമല്ലാതെ മറ്റൊരു സാധ്യത അവർക്ക് മുന്നിൽ ഇല്ലാത്തത്
കൊണ്ടുമാണ്. അതേസമയം നിലമ്പൂരിലെ ആര്യാടൻമാരോട് മുസ്ലിംലീഗിന് ഒരു
കാലത്തും അടുപ്പമുണ്ടായിട്ടില്ല. ലീഗിന്റെ നിലപാടിനെ വെല്ലുവിളിച്ചും
ആക്രമിച്ചുമാണ് ആര്യാടൻ മുഹമ്മദ് നിലമ്പൂരിൽ വാണത്. അതേ പാരമ്പര്യം
തന്നെയാണ് മകൻ ഷൗക്കത്തിനുമുള്ളത്. എന്നിരിക്കെ യു.ഡി.എഫ് സ്ഥാനാർത്ഥി
എന്ന നിലയിൽ ഷൗക്കത്തിനെ വലിയ തോതിൽ മുസ്ലിംലീഗ്
പിന്തുണയ്ക്കുകയായിരുന്നു. മണ്ഡലത്തിൽ ഉൾപ്പെടുന്ന വഴിക്കടവ്, മൂത്തേടം,
എടക്കര, ചുങ്കത്തറ, കരുളായി ഗ്രാമ പഞ്ചായത്തുകൾ മുസ്ലിംലീഗ് ശക്തി
കേന്ദ്രങ്ങളാണ്. ദീർഘ കാലമായി ആര്യാടൻ കുടുംബത്തോടുള്ള വൈരം
മുസ്ലിംലീഗ് മാറ്റി വയ്ക്കമെന്ന് ആവശ്യപ്പെട്ട് ഈ മേഖലകളിൽ കുഞ്ഞാലിക്കുട്ടി
നേരിട്ട് രംഗത്തിറങ്ങുകയും ചെയ്തു. യഥാർത്ഥത്തിൽ മുസ്ലിംലീഗ് നിർല്ലോഭ
പിന്തുണ നൽകിയ കാരണം കൊണ്ടാണ് ഷൗക്കത്തിന് വിജയിക്കാനായതും.
മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള നിരന്തരം പ്രചാരണം, ആദിവാസി മേഖലയിലെ
ഭൂമി പ്രശ്‌നം, കാർഷിക മേഖലയിലെ വന്യമൃഗശല്യം തുടങ്ങിയവ ആയിരുന്നു
യു.ഡി.എഫിന്റേയും പി.വി അൻവറിന്റേയും പ്രധാന പ്രചാരണം. കുടിയേറ്റ
ക്രിസ്ത്യൻ മേഖലയിൽ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ഒരോ വീടുകളും
കേറിയും വോട്ടഭ്യർത്ഥിച്ചിരുന്നു. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്വരാജാകട്ടെ
മികച്ച മത്സരമാണ് കാഴ്ച വെച്ചത്. ഒരു വിവാദത്തിനും വഴങ്ങിയില്ല.
വ്യക്തികളെക്കുറിച്ച് ആരോപണങ്ങളോ, ആക്ഷേപങ്ങളോ ഉന്നയിച്ചതുമില്ല.
റീലുകളും പോസ്റ്റർ ഷൂട്ടുകളുമായി സോഷ്യൽ മീഡിയയിൽ നിറയുന്നതിന് പകരം,
വ്യക്തവും സുചിന്തിതവുമായ നിലപാടുകളിലൂടെ അണികളേയും,
എതിരാളികളേയും ആകർഷിച്ചു. പി.വി.അൻവർ കാണിച്ചതും വലിയ ധൈര്യം
തന്നെയാണ്. അൻവറിന്റെ മത്സരം പൊതുവെ പ്രതീക്ഷിച്ചതായിരുന്നില്ല.
ജയിക്കാനാകില്ല എന്നുറപ്പായിട്ടും അൻവർ മത്സരിച്ചു. കൊട്ടും
കുരവയുമില്ലാതെ, സ്വന്തം പോക്കറ്റുകളിൽ പ്രവർത്തിച്ചു. സ്വരാജിന്റെ
സ്ഥാനാർത്ഥിത്വത്തേയും മറി കടന്ന്, ഇടത് പക്ഷം ഭരിയ്ക്കുന്ന പഞ്ചായത്തുകളിൽ
നിന്ന് പോലും, ഇടത് പക്ഷത്തിലേയ്ക്ക് താനായി ആകർഷിച്ച സകല വോട്ടുകളും

തിരിച്ച് പിടിച്ച്, നല്ല പോലെ വോട്ടും പെട്ടിയിലാക്കി. ഇനി തല നിവർത്തി നിന്ന്
വിലപേശാനുള്ള പുറപ്പാടിലാണ് അൻവർ.
നിലമ്പൂർ ഉപതതെരഞ്ഞെടുപ്പിലെ കോൺഗ്രസ്സ് വിജയത്തെ പരിഹസിച്ച്
ബി.ജെ.പി നേതാവ് പത്മജ വേണുഗോപാൽ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു.
എൽ.ഡി.എഫിന്റെ വോട്ട് പിടിച്ച് യു.ഡി.എഫിന് അൻവർ
വിജയമൊരുക്കിയിട്ടും, ജമാഅത്തെ ഇസ്ലാമി ഉൾപ്പടെയുള്ള വർഗ്ഗീയ
പാർട്ടികളുടെ വോട്ട് നേടിയിട്ടും ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം
ഇതാണെങ്കിൽ, യു.ഡി.എഫിന്റേത് നാണം കെട്ട വിജയമാണെന്ന് പറയേണ്ടി
വരുമെന്ന് പത്മജ ഫേസ്ബിക്കിൽ കുറിച്ചു. ൽ.ഡി.എഫിന്റെ വോട്ട് പിടിച്ച്
യു.ഡി.എഫിന്റെ വിജയത്തിന് വഴിയൊരുക്കിയത് അൻവറാണ്. പല വഴിക്കുള്ള
ഇത്തരം സഹായങ്ങൾ കൂടി കിട്ടിയിട്ടും ഭൂരിപക്ഷം ഇത്ര മാത്രം ആണെങ്കിൽ ഈ
വിജയം നാണം കേട്ട ജയം തന്നെയാണ്. മികച്ച സ്ഥാനാർഥിയെ രംഗത്തിറക്കിയിട്ടും
സി.പി.എമ്മിന്റെ വോട്ട് ബാങ്ക് ചോർന്ന് പോയി എന്നത് പൊതുജനം ഇരു
മുന്നണികളേയും മടുത്തു എന്നതിന്റെ സൂചന ആണ്. ഭരണ കക്ഷി എം.എൽ.എ
ആയ പി.വി അൻവർ പൊതു സമൂഹത്തോട് വിളിച്ച് പറഞ്ഞ കാര്യങ്ങളിലൂടെ
ഇടത്പക്ഷ ഭരണത്തോടുള്ള ജനങ്ങളുടെ അമർഷമാണ് ഈ തെരഞ്ഞെടുപ്പൽ
കണ്ടതെന്നും അവർ കുറിച്ചു.

നിലമ്പൂർ എന്ന സിറ്റിംഗ് സീറ്റിൽ പതിനായിരത്തിൽ പരം വോട്ടുകൾക്ക് ഇടതു
മുന്നണി പരാജയപ്പെടുകയും. ഇരുപതിനായിരത്തോളം വോട്ടുകൾ സ്വതന്ത്ര
സ്ഥാനാർത്ഥിയായ അൻവർ പിടിച്ചതും ചൂണ്ടിക്കാണിക്കുന്നത് കേരളത്തിൽ
ഭരണ വിരുദ്ധ വികാരം ശക്തമാണ് എന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img