01:47am 07 November 2026
NEWS
നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ്: അനന്തുവിന്റെ ദാരുണ മരണം ആളിക്കത്തിച്ച രാഷ്ട്രീയപ്പോര്
09/06/2025  08:30 AM IST
സുരേഷ് വണ്ടന്നൂർ
നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ്: അനന്തുവിന്റെ ദാരുണ മരണം ആളിക്കത്തിച്ച രാഷ്ട്രീയപ്പോര്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ചൂടിനിടെ, വഴിക്കടവിൽ കാട്ടുപന്നിക്കായി ഒരുക്കിയ വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി അനന്തുവിന്റെ ദാരുണ അന്ത്യം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഈ സംഭവം നിലമ്പൂരിലെ രാഷ്ട്രീയപ്പോരിന് പുതിയ മാനം നൽകി.

അനന്തുവിന്റെ മരണത്തിൽ യു.ഡി.എഫ് സംഘം ഉടൻ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രസ്താവന സ്ഥിതി കൂടുതൽ വഷളാക്കി. യു.ഡി.എഫ് നേതാക്കൾ പ്രതിഷേധം ശക്തമാക്കിയെങ്കിലും മന്ത്രി തന്റെ പ്രസ്താവന തിരുത്താൻ തയ്യാറായില്ല. വഴിക്കടവ് സംഭവം ഗൂഢാലോചനയാണെന്നും, അപകടം വരുത്താൻ വൈദ്യുതി കെണി സ്ഥാപിച്ചത് മുതൽ ഗൂഢാലോചനയുണ്ടെന്നും മന്ത്രി ആവർത്തിച്ചു. "സർക്കാർ സ്പോൺസേർഡ് കൊലപാതകമെന്ന് യു.ഡി.എഫ് പറഞ്ഞത് ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ്?" എന്നും അദ്ദേഹം ചോദിച്ചു.

ഇതിനിടെ, കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്കുള്ള റോഡ് ഉപരോധിച്ച യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും സംഭവസ്ഥലത്തെത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ വാഹനം തടഞ്ഞു. കുട്ടിയുടെ മരണം വെച്ച് കളിക്കുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് വിജയരാഘവൻ കുറ്റപ്പെടുത്തി.

കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മന്ത്രി ശശീന്ദ്രൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. അപകടത്തിന്റെ കാരണം കെ.എസ്.ഇ.ബിയുടെ അനാസ്ഥയാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ആരോപിച്ചു. എന്നാൽ, കുട്ടിയുടെ മരണം വെച്ച് കോൺഗ്രസും യു.ഡി.എഫും നിലവാരമില്ലാത്ത രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നിലമ്പൂർ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജും തിരിച്ചടിച്ചു. ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒളിച്ചോടാനാകില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല വ്യക്തമാക്കി.

സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവർ ഈ വിഷയത്തിൽ ആര്യാടൻ ഷൗക്കത്തിനെ രൂക്ഷമായി കടന്നാക്രമിച്ചു. ഈ സംഭവത്തെ തിരഞ്ഞെടുപ്പ് വിഷയമായി കാണുന്നില്ലെന്നും, വന്യജീവി-മനുഷ്യ സംഘർഷമല്ല നടന്നതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി റോഡ് ഉപരോധിച്ചല്ല യു.ഡി.എഫ് പ്രകടനം നടത്തേണ്ടതെന്നും, സർക്കാർ സ്പോൺസേർഡ് കൊലപാതകമെന്ന ഷൗക്കത്തിന്റെ പ്രസ്താവന ശരിയല്ലെന്നും അൻവർ ചൂണ്ടിക്കാട്ടി. ഷൗക്കത്ത് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അനന്തുവിന്റെ ദാരുണ മരണം നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ വലിയ വാഗ്വാദങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ഈ സംഭവം തിരഞ്ഞെടുപ്പ് ഫലത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img