
യുഡിഎഫിനും കോൺഗ്രസിനും പുതിയ വെല്ലുവിളി ഉയർത്തി പി വി അൻവർ. നിലമ്പൂരിൽ തൃണമൂൽ കോൺഗ്രസ് തനിച്ച് മത്സരിക്കാൻ നീക്കം തുടങ്ങി. പി വി അൻവർ തന്നെയാകും തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി. നിലമ്പൂരിൽ മത്സരിക്കാൻ താൻ തയ്യാറാണെന്ന് പാർട്ടി ദേശീയ നേതൃത്വത്തെയും അണികളെയും അൻവർ അറിയിച്ചു.
തൃണമൂൽ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർണായക യോഗം ഇന്ന് മഞ്ചേരിയിൽ നടക്കും. വൈകുന്നേരം നാല് മണിക്കാണ് യോഗം ചേരുന്നത്. നാളെ സംസ്ഥാന പ്രവർത്തക സമിതി യോഗവും ചേരും. ഇതിന് ശേഷമാകും നിലമ്പൂരിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തുക.
എന്നാൽ, മത്സരത്തിന് സജ്ജമാകാൻ നേതാക്കൾക്കും അണികൾക്കും അൻവർ നിർദ്ദേശം നൽകിക്കഴിഞ്ഞു. നിലമ്പൂരിൽ പ്രചാരണത്തിന് എത്തേണ്ട നേതാക്കളുടെ പട്ടികയും അൻവർ ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. മത്സരത്തിന് ഒരുങ്ങാൻ പാർട്ടി പ്രവർത്തകർക്കും അൻവർ നിർദ്ദേശം നൽകി.











