
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ മികച്ച പോളിംഗിന് (75.27%) പിന്നാലെ വിജയമുറപ്പിച്ച് മുന്നണികൾ. 2021-നെ അപേക്ഷിച്ച് ഒരു ശതമാനം മാത്രമാണ് പോളിംഗിൽ കുറവുണ്ടായത്. തിങ്കളാഴ്ച ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിൽ വെച്ചാണ് വോട്ടെണ്ണൽ.
യു.ഡി.എഫ് ആത്മവിശ്വാസത്തിൽ
യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് 12,000നും 15,000നും ഇടയിൽ ഭൂരിപക്ഷം നേടുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. ഭരണവിരുദ്ധ വികാരം അനുകൂലമായാൽ ഇത് 20,000 കടക്കുമെന്നും അവർ വിലയിരുത്തുന്നു. കോൺഗ്രസ്-ലീഗ് വോട്ടുകൾ കൃത്യമായി പോൾ ചെയ്യപ്പെട്ടെന്നും നിലമ്പൂർ നഗരസഭയിൽ ഒപ്പത്തിനൊപ്പമെത്തുമെന്നും യു.ഡി.എഫ് പറയുന്നു. വഴിക്കടവ്, മൂത്തേടം, പോത്തുകല്ല്, എടക്കര, ചുങ്കത്തറ, കരുളായി പഞ്ചായത്തുകളിൽ ലീഡ് പ്രതീക്ഷിക്കുന്നുണ്ട്. അമരമ്പലത്ത് പിന്നിലാകാൻ സാധ്യതയുണ്ട്. വെൽഫെയർ പിന്തുണ വിവാദം വോട്ടർമാരെ ബാധിച്ചിട്ടില്ലെന്നും യു.ഡി.എഫ് കരുതുന്നു.
എൽ.ഡി.എഫ് നേരിയ വിജയ പ്രതീക്ഷയിൽ
നേരിയ ഭൂരിപക്ഷത്തിനെങ്കിലും വിജയം ഉറപ്പാണെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ. 2,000 വോട്ടിനുള്ളിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. 2021-ൽ പി.വി. അൻവർ 2,700 വോട്ടിനാണ് വിജയിച്ചത്. വഴിക്കടവ്, എടക്കര, മൂത്തേടം പഞ്ചായത്തുകളിൽ യു.ഡി.എഫ് മുന്നിലെത്തുമെങ്കിലും പോത്തുകല്ല്, കരുളായി, അമരമ്പലം, നിലമ്പൂർ നഗരസഭ എന്നിവിടങ്ങളിൽ യു.ഡി.എഫിനെ മറികടക്കാനാകുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയോടുള്ള നിഷേധ വോട്ടുകൾ ലഭിച്ചെന്നും വെൽഫെയർ പാർട്ടി ബന്ധം ന്യൂനപക്ഷ വോട്ടിൽ വിള്ളലുണ്ടാക്കിയെന്നും എൽ.ഡി.എഫ് കരുതുന്നു.
പി.വി. അൻവറും എൻ.ഡി.എയും
സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവർ അഞ്ച് മുതൽ പത്ത് ശതമാനം വരെ വോട്ട് പിടിക്കുമെന്നാണ് മുന്നണികളുടെ വിലയിരുത്തൽ. അൻവർ മൂന്നാം സ്ഥാനത്തേക്ക് വരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പോളിംഗിന് മുമ്പ് 20,000 മുതൽ 25,000 വരെ വോട്ട് ലഭിക്കുമെന്നാണ് അൻവർ ക്യാമ്പ് അവകാശപ്പെട്ടതെങ്കിലും, വളരെ കുറച്ച് ബൂത്തുകളിൽ മാത്രമാണ് അൻവറിന് ഏജന്റുമാർ ഉണ്ടായിരുന്നത്.
എൻ.ഡി.എ ക്യാമ്പ് പോളിംഗിന് മുമ്പ് 15,000 വോട്ട് വരെ പ്രതീക്ഷിച്ചിരുന്നെങ്കിലും, കഴിഞ്ഞ തവണത്തെ 8,500 വോട്ട് നിലനിർത്താനാവുമെന്നാണ് നിലവിലെ പ്രതീക്ഷ.
സി.പി.എം വിലയിരുത്തൽ
പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ച് വലിയ രാഷ്ട്രീയ പോരാട്ടം നടത്താൻ കഴിഞ്ഞതിലൂടെ നിലമ്പൂരിൽ പരമാവധി വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞതായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. വിജയ പ്രതീക്ഷയാണ് സെക്രട്ടേറിയറ്റിൽ ഉയർന്നതെങ്കിലും ഭൂരിപക്ഷത്തെക്കുറിച്ചോ ലഭിച്ച വോട്ടുകളുടെ കണക്കുകളെക്കുറിച്ചോ വിശദമായ പരിശോധന നടത്തിയില്ല. പി.വി. അൻവറിന്റെ സ്ഥാനാർത്ഥിത്വം തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ എം. സ്വരാജിന് ഗുണമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീട് സ്ഥിതിക്ക് മാറ്റം വന്നതായി സി.പി.എം വിലയിരുത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ കോൺഗ്രസിലും മുസ്ലീം ലീഗിലും വിരുദ്ധ വോട്ടുകളുണ്ടായിരുന്നെങ്കിലും, ഈ വോട്ടുകൾ പൂർണ്ണമായും ഇടതു സ്ഥാനാർത്ഥിക്ക് ലഭിക്കില്ലെന്നും, അൻവറിനാണ് ലഭിച്ചതെങ്കിൽ അത് പാർട്ടി സ്ഥാനാർത്ഥിയുടെ വിജയ സാധ്യതയെ പ്രതികൂലമായി ബാധിക്കാമെന്നും അവർ കണക്കുകൂട്ടുന്നു. വോട്ടെണ്ണലിനുശേഷം വിശദമായ ചർച്ച നടത്തുമെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചത്.











