08:04am 08 November 2026
NEWS
നിലമ്പൂരിൽ വീണ്ടും സിപിഎമ്മിന്റെ 'സ്വതന്ത്രൻ' പരീക്ഷണം?
11/04/2025  11:22 AM IST
nila
നിലമ്പൂരിൽ വീണ്ടും സിപിഎമ്മിന്റെ സ്വതന്ത്രൻ പരീക്ഷണം?
HIGHLIGHTS

മൂന്ന് സ്വതന്ത്രരാണ് സിപിഎം സാധ്യത പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. 

സിപിഎം അഭിമാന പോരാട്ടമായി കാണുന്ന നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിനായി കൂടിയാലോചനകൾ സജീവം. ആര്യാടൻ മുഹമ്മദിലൂടെ കോൺ​ഗ്രസ് തങ്ങളുടെ കുത്തക സീറ്റായി കൊണ്ടുനടന്ന നിലമ്പൂരിൽ രണ്ടു തവണ സിപിഎം സ്വതന്ത്രനായി മത്സരിച്ച് വിജയക്കൊടി പാറിച്ച പി വി അൻവർ ഇപ്പോൾ സിപിഎമ്മിന്റെ നമ്പർവൺ ശത്രുവാണ്. നിലമ്പൂരിലെ പാർട്ടിയുടെ പരാജയം അൻവറിന്റെ  വിജയമായി വ്യാഖ്യാനിക്കപ്പെടും എന്നതിനാൽ വിജയത്തിൽ കുറഞ്ഞൊന്നും ഇവിടെ സിപിഎം ലക്ഷ്യം വെക്കുന്നില്ല. രണ്ടു തവണ പാർട്ടി വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥിയെന്ന പരീക്ഷണം ഇക്കുറിയും പുറത്തെടുക്കാനാണ് സിപിഎം സജീവമായി ആലോചിക്കുന്നത്. 

മൂന്ന് സ്വതന്ത്രരാണ് സിപിഎം സാധ്യത പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ‌ യു ഷറഫലി ഉൾപ്പടെ സിപിഎമ്മിന്റെ പരിഗണനയിലുണ്ട്. നേരത്തെ ആര്യാടൻ മുഹമ്മദിനെതിരെ മത്സരിച്ചിട്ടുള്ള പ്രൊഫ. തോമസ് മാത്യുവിനെയും പാർട്ടി നിലമ്പൂരിൽ വീണ്ടും കളത്തിലിറക്കാൻ പരിഗണിക്കുന്നു.

സ്വതന്ത്ര പരീക്ഷണം ഉപേക്ഷിച്ചിട്ടില്ലെന്ന് നേരത്തെ ജില്ലാ സെക്രട്ടറി വി പി അനിൽ പറഞ്ഞിരുന്നു. അതേ സമയം പാർട്ടി സ്ഥാനാർത്ഥിയെ മത്സര രംഗത്തിറക്കാനാണ് അവസാന തീരുമാനമെങ്കിൽ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി ഷബീറിനെ സ്ഥാനാർത്ഥിയാക്കാനാണ് സിപിഎം ആലോചന. ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയിയുടെ പേരും ചർച്ചകളിലുണ്ട്.

നിലമ്പൂരിൽ നിന്നുള്ളവരല്ലാതെ സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും നേതാക്കളെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയേക്കും എന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ എം സ്വരാജിനെ മത്സരിപ്പിക്കാനാണ് ഇടതുപക്ഷത്തെ ധാരണ. അതേസമയം, സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ് തൃണമൂൽ കോൺ​ഗ്രസിൽ ചേർന്ന മുൻ എംഎൽഎ പി വി അൻവർ ഇക്കുറി മത്സരത്തിനില്ലെന്നും യുഡിഎഫിന് നിരുപാധിക പിന്തുണ നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img