
നിലമ്പൂരിൽ ഇക്കുറിയും സ്വതന്ത്രനെ തന്നെ പരീക്ഷിക്കാൻ സിപിഎം നീക്കം. ആര്യാടൻ മുഹമ്മദിലൂടെ യുഡിഎഫ് കുത്തക മണ്ഡലമായി കൊണ്ടുനടന്ന നിലമ്പൂരിനെ ഇടത് ചേരിയിലെത്തിച്ചത് പി വി അൻവർ എന്ന ഇടത് സ്വതന്ത്രനായിരുന്നു. ഇപ്പോൾ അതേ പി വി അൻവർ സിപിഎമ്മിനെ നമ്പർ വൺ ശത്രുവായി കണ്ട് യുദ്ധം പ്രഖ്യാപിച്ച് നിൽക്കുമ്പോൾ മറ്റൊരു സ്വതന്ത്രനിലൂടെ മണ്ഡലം നിലനിർത്താനാണ് സിപിഎം ലക്ഷ്യമിടുന്നത്.
നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിനെയാണ് സിപിഎം നിലമ്പൂരിൽ മത്സരിപ്പിക്കാൻ ആലോചിക്കുന്നത്. ഷിനാസുമായി എൽഡിഎഫ് ജില്ലാ നേതൃത്വം സംസാരിച്ചെന്നും മത്സരിക്കുന്നതിൽ ഷിനാസിന് എതിർപ്പില്ല എന്നുമാണ് വിവരം. ജനകീയത കണക്കിലെടുത്താണ് ഷിനാസിനെ മത്സരിപ്പിക്കാനുള്ള സിപിഎം നീക്കം. ആദിവാസി മേഖലയിൽ ഉൾപ്പെടെ സാമൂഹിക പ്രവർത്തനത്തിൽ സജീവമാണ് ഷിനാസ്. ആദിവാസി മേഖലയിൽ പ്രവർത്തിച്ചിരുന്ന ജീവകാരുണ്യ പ്രവർത്തകൻ ഡോ. ഷാനവാസിന്റെ സഹോദരനാണ് ഷിനാസ്
പാർട്ടി പ്രവർത്തകർക്ക് സ്വീകാര്യനായ സ്വതന്ത്രനെ പരിഗണിക്കണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളിലുള്ളത്. ഇന്ത്യൻ മുൻ ഫുട്‌ബോൾ താരം യു ഷറഫലി, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ, മാർത്തോമ കോളേജ് മുൻ പ്രിൻസിപ്പൾ പ്രൊ. തോമസ് മാത്യൂ എന്നിവരുടെ പേരും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ നാളെ സെക്രട്ടറിയേറ്റ് ചേരാനിരിക്കെ ഷിനാസ് ബാബുവിന്റെ പേരിലേക്ക് അന്തിമമായി എത്തിയെന്നാണ് സൂചന.











