
നിലമ്പൂർ: നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. തുടക്കത്തിൽത്തന്നെ വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകൾ എണ്ണുന്നത് അന്തിമഫലത്തിൽ നിർണ്ണായകമാകും. യു.ഡി.എഫ് കോട്ടയായ വഴിക്കടവിൽ 3,000 വോട്ടിന്റെ ലീഡാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. എന്നാൽ, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഇടതുസ്വതന്ത്രനായി മത്സരിച്ച പി.വി. അൻവറിന് വഴിക്കടവിൽ ലീഡ് നേടാൻ കഴിഞ്ഞിരുന്നു. 2016-ൽ 2,162 വോട്ടിന്റെയും, 2021-ൽ 35 വോട്ടിന്റെയും ലീഡാണ് അൻവറിന് വഴിക്കടവിൽ ലഭിച്ചത്.
നിലമ്പൂർ നിയോജകമണ്ഡലത്തിലെ ഏറ്റവും വലിയ പഞ്ചായത്തായ വഴിക്കടവിൽ കൂടുതൽ വോട്ടർമാരുള്ളതും അൻവർ കൂടുതൽ വോട്ട് പ്രതീക്ഷിക്കുന്നതും ഇവിടെയാണ്. മുസ്‌ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള ഈ മേഖലയിൽ യു.ഡി.എഫിന് ലീഡ് നേടാൻ സാധിച്ചില്ലെങ്കിൽ 12,000 മുതൽ 15,000 വോട്ട് വരെയുള്ള ഭൂരിപക്ഷം എന്ന അവരുടെ കണക്കുകൂട്ടൽ പാളിയേക്കാം. വോട്ട് വിഹിതം വഴിക്കടവിൽ വർദ്ധിക്കുകയാണെങ്കിൽ 20,000-ലേക്ക് ഭൂരിപക്ഷം ഉയർന്നേക്കുമെന്നും യു.ഡി.എഫ് ക്യാമ്പ് കരുതുന്നു.
വഴിക്കടവ് പഞ്ചായത്തിലെ മരുതയിലെ രണ്ടാംനമ്പർ ബൂത്തിൽ വി.വി പാറ്റ് പ്രവർത്തിക്കാതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ പോൾ ചെയ്ത 48 വോട്ടുകളിൽ 42-ഉം യു.ഡി.എഫിനാണെന്ന് കണ്ടെത്തിയിരുന്നു. ഇത് വഴിക്കടവിൽ തങ്ങൾക്ക് അനുകൂലമായ ട്രെൻഡാണ് എന്ന സൂചനയോടെ യു.ഡി.എഫ് ക്യാമ്പിന് കൂടുതൽ പ്രതീക്ഷ നൽകുന്നു.
വഴിക്കടവിന് ശേഷം വോട്ടെണ്ണുന്നത് ലീഗിന്റെ മറ്റൊരു ശക്തികേന്ദ്രമായ മൂത്തേടം പഞ്ചായത്തിലാണ്. ഇവിടെ കുറഞ്ഞത് 2,500 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫ് പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് പിന്നോട്ട് പോയപ്പോഴും മൂത്തേടം പഞ്ചായത്തിൽ കാര്യമായി പിടിച്ചുനിന്നിരുന്നു. വഴിക്കടവും മൂത്തേടവും യു.ഡി.എഫിന് നഷ്ടമായാൽ 2,000 വോട്ടിന്റെ ഭൂരിപക്ഷത്തിലെങ്കിലും വിജയിക്കുമെന്ന എൽ.ഡി.എഫിന്റെ കണക്കുകൾക്ക് ഇത് ബലമേകും.
ഇരുമുന്നണികളും ആത്മവിശ്വാസത്തിൽ
ഏഴിൽ ആറ് പഞ്ചായത്തുകളിലും ലീഡ് നേടുമെന്ന ഉറപ്പിലാണ് യു.ഡി.എഫ്. കരുളായി ഒഴികെ മറ്റെല്ലാ പഞ്ചായത്തുകളിലും മുൻതൂക്കം ലഭിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. നിലമ്പൂർ മുനിസിപ്പാലിറ്റിയിലും നാല് പഞ്ചായത്തുകളിലും 1,000-നും 1,300-നും ഇടയിൽ മുൻതൂക്കം ലഭിക്കുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ.
പി.വി. അൻവറിന്റെ പ്രതികരണം
തോറ്റാൽ യു.ഡി.എഫ് വിജയിക്കണമെന്നും, തനിക്ക് ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും 'പിണറായിസം' തോൽക്കണമെന്നും നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ പ്രാർത്ഥന ഫലിച്ചാൽ 25,000 വോട്ടിന് താൻ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരിച്ചതിൽ താൻ സന്തോഷവാനാണെന്നും, മത്സരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫിന് പിന്തുണ നൽകാൻ ഉദ്ദേശിച്ചിരുന്ന തന്നെ പ്രതിപക്ഷ നേതാവ് പുറത്താക്കിയെന്നും അൻവർ ആരോപിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും എം.പിമാരും എം.എൽ.എമാരുമുൾപ്പെടെയുള്ളവർ നിലമ്പൂരിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചുവെന്നും, കേരളത്തിലെ മുഴുവൻ മന്ത്രിമാരെയും എം.എൽ.എമാരെയും എല്ലാ വീടുകളിലും കയറി കാലുപിടിക്കുന്ന ഗതികേടിലെത്തിക്കാൻ തനിക്ക് കഴിഞ്ഞുവെന്നും അൻവർ പറഞ്ഞു. 2021-നെക്കാൾ 1,224 പേർ ഇത്തവണ കൂടുതൽ വോട്ട് ചെയ്തെന്നും അദ്ദേഹം അറിയിച്ചു.











