
അമേരിക്കയിൽ തെലങ്കാന സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയശേഷം ഇന്ത്യയിലേക്ക് കടന്ന പ്രതിയെ തമിഴ്‌നാട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. യുഎസിൽ ഡാറ്റ അനലിസ്റ്റായി ജോലി ചെയ്തിരുന്ന നികിത ഗോഡിശാല (27)യുടെ കൊലപാതകക്കേസിലാണ് പ്രതി പിടിയിലായത്. അർജുൻ ശർമ എന്ന ഇരുപത്താറുകാരനാണ് അറസ്റ്റിലായത്. ഇന്റർപോളിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. ഇയാളെ ഉടൻ യുഎസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
നികിതയെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് യുഎസ് ഫെഡറൽ അന്വേഷണ ഏജൻസികൾ അർജുൻ ശർമയ്ക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. ഇയാൾ ഇന്ത്യയിലേക്ക് കടന്നതായി സ്ഥിരീകരിച്ചതോടെ വിവരങ്ങൾ ഇന്റർപോളിനും ഇന്ത്യൻ അന്വേഷണ ഏജൻസികൾക്കും കൈമാറി. തുടർന്നുണ്ടായ ഇന്ത്യ–യുഎസ് സംയുക്ത നീക്കത്തിലാണ് തമിഴ്‌നാട്ടിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
യുഎസിലെ മെരിലാൻഡിൽ ഡാറ്റ അനലിസ്റ്റായി ജോലി ചെയ്തിരുന്ന നികിതയുടെ മുൻ കാമുകനാണ് അർജുൻ ശർമ. ജനുവരി രണ്ടിന് നികിതയെ കാണാനില്ലെന്ന പരാതിയുമായി അർജുൻ ഹോവാഡ് കൗണ്ടി പോലീസിനെ സമീപിച്ചിരുന്നു. പുതുവത്സരത്തലേന്ന് നികിതയെ അവസാനമായി കണ്ടതായും ഇയാൾ മൊഴി നൽകി. എന്നാൽ, പരാതി നൽകിയതിന് തൊട്ടടുത്ത ദിവസം തന്നെ അർജുൻ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നത് പോലീസിൽ സംശയം ഉയർത്തി.
ഇതോടെ മെരിലാൻഡിലെ ട്വിൻ ടവേഴ്‌സ് റോഡിലുള്ള അർജുന്റെ അപ്പാർട്ട്‌മെന്റിൽ പോലീസ് പരിശോധന നടത്തി. ജനുവരി മൂന്നിന് നടത്തിയ പരിശോധനയിലാണ് നികിതയുടെ മൃതദേഹം അപ്പാർട്ട്‌മെന്റിനുള്ളിൽ കണ്ടെത്തിയത്. ശരീരമാസകലം കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. ഇതോടെയാണ് പ്രതിയെ പിടികൂടാൻ യുഎസ് അന്വേഷണ ഏജൻസികൾ ഇന്റർപോളിന്റെ സഹായം തേടിയത്. കൊലപാതകത്തിന് പിന്നിലെ കാരണം സംബന്ധിച്ചോ കുറ്റകൃത്യം എങ്ങനെ നടന്നു എന്നതിനെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
മെരിലാൻഡിലെ ‘വേയ്ഡ ഹെൽത്തി’ൽ ഡാറ്റ ആൻഡ് സ്ട്രാറ്റജി അനലിസ്റ്റായി ജോലി ചെയ്തിരുന്ന നികിത ഗോഡിശാല 2025 ഫെബ്രുവരിയിലാണ് ജോലിയിൽ പ്രവേശിച്ചത്. കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ മികച്ച പ്രകടനത്തിന് കമ്പനിയുടെയും ‘ആൾ ഇൻ അവാർഡ്’ നികിതയ്ക്ക് ലഭിച്ചിരുന്നു.
ഹൈദരാബാദിലെ ജവഹർലാൽ നെഹ്‌റു ടെക്‌നോളജിക്കൽ സർവകലാശാലയിൽ നിന്ന് 2021-ൽ ഫാം ഡി പഠനം പൂർത്തിയാക്കിയ നികിത പിന്നീട് യൂണിവേഴ്‌സിറ്റി ഓഫ് മെരിലാൻഡിൽ ഹെൽത്ത് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദം നേടി. കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ക്ലിനിക്കൽ ഡാറ്റ സ്‌പെഷ്യലിസ്റ്റായും നികിത മുമ്പ് ജോലി ചെയ്തിട്ടുണ്ട്.











