04:33pm 12 November 2026
NEWS

മണ്ഡലം പിടിക്കാൻ മക്കളും വരും; അങ്കത്തിന് തയ്യാറെടുക്കുന്ന മക്കൾ ഇവരാണ്..

12/01/2026  12:07 PM IST
nila
 മണ്ഡലം പിടിക്കാൻ മക്കളും വരും; അങ്കത്തിന് തയ്യാറെടുക്കുന്ന മക്കൾ ഇവരാണ്..

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർഥി നിർണയ ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്. വിജയ സാധ്യത മുൻനിർത്തിയുള്ള ചർച്ചകളാണ് മൂന്നു മുന്നണികളുമായി ബന്ധപ്പെട്ട് നടക്കുന്നത്. ആരൊക്കെ എവിടെയൊക്കെ മത്സരിക്കും, ആരൊക്കെ അപ്രതീക്ഷിത മുഖങ്ങളായി രംഗത്തെത്തും എന്നൊക്കെയുള്ള ചർച്ചകളും സജീവമാണ്. ഇതിനിടയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ നേതാക്കളുടെ മക്കൾ ഇത്തവണ മത്സരരംഗത്തിറങ്ങുമെന്ന സൂചനകളും ശക്തമാകുകയാണ്.

സിഎംപി നേതാവ് എം.വി. രാഘവന്റെ മകനും മുതിർന്ന മാധ്യമപ്രവർത്തകനുമായ എം.വി. നികേഷ് കുമാറിന്റെ പേരാണ് ഇടതുപാളയത്തിൽ പ്രധാനമായും ഉയർന്നുകേൾക്കുന്നത്. നിലവിൽ കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ നികേഷ്, 2016ൽ അഴീക്കോട് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും മുസ്‌ലിം ലീഗിലെ കെ.എം. ഷാജിയോട് പരാജയപ്പെട്ടു. ഇക്കുറി തളിപ്പറമ്പ് മണ്ഡലത്തിലാണ് അദ്ദേഹത്തെ പരിഗണിക്കുന്നതെന്നാണ് സൂചന.

കേരളാ കോൺഗ്രസ് (ജോസഫ്) വിഭാഗം നേതാവ് പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫും ഇത്തവണ ജനവിധി തേടാൻ സാധ്യതയുള്ള പേരുകളിൽപ്പെടുന്നു. പി.ജെ. ജോസഫ് മത്സരിക്കുന്നില്ലെങ്കിൽ തൊടുപുഴയിൽ അപുവിനെ സ്ഥാനാർഥിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പാർട്ടിയുടെ സംസ്ഥാന കോ-ഓർഡിനേറ്ററായ അപു, പാർട്ടി നിർദ്ദേശിച്ചാൽ മത്സരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജോസഫ് വീണ്ടും മത്സരിച്ചാൽ ഇടുക്കി ജില്ലയിലെ മറ്റൊരു മണ്ഡലത്തിൽ അപുവിനെ പരിഗണിക്കാനും സാധ്യതയുണ്ട്. എൻജിനിയറിങ് ബിരുദധാരിയായ അപു ടെക്‌നോപാർക്കിലും വിദേശത്തും ജോലി ചെയ്ത പരിചയവുമുണ്ട്.

കൊല്ലം എം.പി. എൻ.കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രനും ഇത്തവണ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ആർഎസ്പിയുടെ സീറ്റായ ഇരവിപുരമാണ് കാർത്തിക്കിന്റെ പേരിനൊപ്പം കേൾക്കുന്നത്. തുടർച്ചയായി രണ്ട് തവണ പാർട്ടി ഇവിടെ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ മുഖത്തെക്കുറിച്ചുള്ള ആലോചന. ടികെഎം എൻജിനിയറിങ് കോളേജിലെ അധ്യാപകനായ കാർത്തിക്, പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മകന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ച് എൻ.കെ. പ്രേമചന്ദ്രൻ ഇതുവരെ തുറന്ന പ്രതികരണം നടത്തിയിട്ടില്ല.

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലെത്തിയിരുന്നു. ഇക്കുറിയും പുതുപ്പള്ളിയിൽ കോൺഗ്രസ് ചാണ്ടി ഉമ്മനെ തന്നെയാകും മത്സരിപ്പിക്കുക. അതേസമയം, സഹോദരിമാരായ അച്ചു ഉമ്മനും മറിയം ഉമ്മനും കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂർ മണ്ഡലങ്ങളിൽ സ്ഥാനാർഥികളാകുമെന്ന അഭ്യൂഹങ്ങളും ഉയർന്നിട്ടുണ്ട്. എന്നാൽ കുടുംബത്തിൽ നിന്ന് ഒരാൾ മാത്രമേ മത്സരിക്കൂവെന്ന നിലപാട് ചാണ്ടി ഉമ്മൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകൾ പത്മജാ വേണുഗോപാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി തൃശ്ശൂരിൽ മത്സരിച്ചിരുന്നെങ്കിലും പിന്നീട് ബിജെപിയിൽ ചേർന്നു. 2024ൽ പാർട്ടി മാറ്റിയ പത്മജയെ ഇത്തവണയും തൃശ്ശൂരിലോ ജില്ലയിലെ മറ്റൊരു മണ്ഡലത്തിലോ ബിജെപി സ്ഥാനാർഥിയാക്കുമെന്നാണ് സൂചന.

കേരളാ കോൺഗ്രസ് (ജേക്കബ്) പാർട്ടിയുടെ പ്രതിനിധിയായി പിറവത്ത് നിന്ന് അനൂപ് ജേക്കബ് തന്നെയാകും വീണ്ടും ജനവിധി തേടുക. പിതാവ് ടി.എം. ജേക്കബിന്റെ മരണത്തെ തുടർന്ന് 2012ലാണ് അനൂപ് ആദ്യമായി നിയമസഭയിലെത്തിയത്.

കോൺഗ്രസിനകത്ത് ജി. കാർത്തികേയന്റെ മകൻ കെ.എസ്. ശബരീനാഥനെ വീണ്ടും നിയമസഭാ രംഗത്തേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. നിലവിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായ ശബരീനാഥനെ അരുവിക്കരയിലോ തിരുവനന്തപുരം മണ്ഡലത്തിലോ മത്സരിപ്പിക്കാനാണ് ആലോചന. 2012ൽ അരുവിക്കര ഉപതിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തിയത്.

സിപിഎമ്മിനകത്ത് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ചും ചർച്ചകൾ നടന്നിരുന്നു. മലമ്പുഴയിലോ കായംകുളത്തോ അദ്ദേഹത്തെ മത്സരിപ്പിക്കാനുള്ള സാധ്യതകളാണ് വിലയിരുത്തപ്പെടുന്നത്.

ഇടുക്കിയിലെ പീരുമേട് മണ്ഡലത്തിൽ, 2025 ഓഗസ്റ്റിൽ അന്തരിച്ച സിപിഐ എംഎൽഎ വാഴൂർ സോമന്റെ കുടുംബാംഗങ്ങളെ സ്ഥാനാർഥിത്വത്തിന് പരിഗണിക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നു. പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികളും നേരിടുന്ന സിപിഐ, വാഴൂർ സോമന്റെ സ്വാധീനം പ്രയോജനപ്പെടുത്താൻ കഴിയുന്ന സ്ഥാനാർഥിയെ തേടുകയാണ്. പീരുമേട്ടിലെ സ്ഥാനാർഥി നിർണയം പാർട്ടി സംസ്ഥാന നേതൃത്വം നേരിട്ട് കൈകാര്യം ചെയ്യുമെന്നാണ് സൂചന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img