12:05pm 19 April 2026
NEWS
നിഹാലും വിബിനും തിളങ്ങി ജംഷഡ്‌പൂർ എഫ്‌സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്
18/04/2026  09:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നിഹാലും വിബിനും തിളങ്ങി ജംഷഡ്‌പൂർ എഫ്‌സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി : ഐഎസ്എല്ലിൽ സ്വന്തം തട്ടകത്തിൽ തകർപ്പൻ പ്രകടനവുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ജംഷഡ്‌പൂർ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യ ഹോം വിജയം സ്വന്തമാക്കി. മലയാളി താരങ്ങളായ നിഹാൽ സുധീഷ്, വിബിൻ മോഹനൻ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോളുകൾ നേടിയത്.

ആദ്യ പകുതിയിൽ തന്നെ ആധിപത്യം ഉറപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പന്തിനുമേൽ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്ത ബ്ലാസ്റ്റേഴ്‌സ് 12-ാം മിനിറ്റിൽ തന്നെ ലീഡെടുത്തു. കെവിൻ യോക്ക് നൽകിയ മനോഹരമായ ത്രൂ ബോൾ സ്വീകരിച്ച ബെനാരിഫ് ബോക്സിനുള്ളിലേക്ക് നൽകിയ പാസ് യുവതാരം നിഹാൽ സുധീഷ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.

മത്സരത്തിനിടെ പരിക്കേറ്റ കരീം ബെനാരിഫിന് പകരം വിബിൻ മോഹനൻ കളത്തിലിറങ്ങിയത് ടീമിന് മറ്റൊരു വഴിത്തിരിവായി. 36-ാം മിനിറ്റിൽ വിബിനിലൂടെ തന്നെ ബ്ലാസ്റ്റേഴ്‌സ് ലീഡ് രണ്ടാക്കി ഉയർത്തി. വലതുവശത്തുനിന്നും ഫ്രാഞ്ചുവും നിഹാലും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ ബോക്സിനുള്ളിലേക്ക് വന്ന ക്രോസ്  വിബിൻ ഹെഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചു. ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകളുടെ വ്യക്തമായ ലീഡ് നേടാൻ ബ്ലാസ്റ്റേഴ്‌സിനായി.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാനായി ജംഷഡ്‌പൂർ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം വിട്ടുകൊടുത്തില്ല. ഗോൾകീപ്പർ അർഷ് ഷെയ്ഖിന്റെ ആത്മവിശ്വാസത്തോടെയുള്ള സേവുകൾ ക്ലീൻ ഷീറ്റ് നിലനിർത്താൻ സഹായിച്ചു. 84-ാം മിനിറ്റിൽ ജംഷഡ്‌പൂർ താരം എസെ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ആതിഥേയർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. പത്ത് പേരുമായി ചുരുങ്ങിയ ജംഷഡ്‌പൂരിനെതിരെ അവസാന നിമിഷങ്ങളിലും ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം തുടർന്നു.

ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴിൽ ടീം കാഴ്ചവെക്കുന്ന അച്ചടക്കമുള്ള ഫുട്ബോളിന്റെ പ്രതിഫലനമായിരുന്നു ഈ വിജയം. ഏപ്രിൽ 23-ന് കൊച്ചിയിൽ ഒഡീഷ എഫ്‌സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img