05:15pm 08 May 2026
NEWS
ടിസിഎസിലെ ലൈംഗികാതിക്രമ-നിർബന്ധിത മതപരിവർത്തന പരാതി: മുഖ്യപ്രതി നിദ ഖാൻ അറസ്റ്റിൽ
08/05/2026  05:47 AM IST
nila
ടിസിഎസിലെ ലൈംഗികാതിക്രമ-നിർബന്ധിത മതപരിവർത്തന പരാതി: മുഖ്യപ്രതി നിദ ഖാൻ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ബിപിഒ യൂണിറ്റിൽ ഉയർന്ന ലൈംഗികാതിക്രമ-നിർബന്ധിത മതപരിവർത്തന പരാതികളിൽ നിർണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയും എച്ച്‌ആർ മാനേജറുമായ നിദ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 25 ദിവസമായി ഒളിവിലായിരുന്ന നിദയെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് പിടികൂടിയത്.

ലൈംഗിക പീഡനം, മാനസിക പീഡനം, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ഗുരുതര ആരോപണങ്ങളിലാണ് നിദ ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗർഭിണിയാണെന്നും തനിക്കും ഗർഭസ്ഥ ശിശുവിനും സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ട് നിദ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ കോടതി തള്ളുകയായിരുന്നു.

ടിസിഎസിന്റെ നാസിക് ബിപിഒ യൂണിറ്റിൽ വർഷങ്ങളായി ലൈംഗികാതിക്രമവും മതപരിവർത്തന സമ്മർദവും നേരിടേണ്ടി വന്നതായി ആരോപിച്ച് എട്ടോളം വനിതാ ജീവനക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതോടെയാണ് സ്ഥാപനത്തിനുള്ളിൽ നടന്ന ക്രൂരതകളുടെ വിവരങ്ങൾ പുറത്തുവന്നത്.

പരാതികൾക്ക് പിന്നാലെ സംസ്ഥാനവ്യാപകമായി അന്വേഷണം ശക്തമാക്കിയ പൊലീസ് നിദ ഖാനെ കണ്ടെത്താൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പത് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ നേരത്തെ തന്നെ ഏഴ് പുരുഷന്മാരെയും ഒരു സ്ത്രീയെയും ഉൾപ്പെടെ എട്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിലായ ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി, എച്ച്‌ആർ മേധാവി അശ്വിനി ചൈനാനി എന്നിവരെ ടിസിഎസ് ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img